ന്യൂയോര്‍ക്ക്: വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് ഹാരി തന്റെ മയക്കുമരുന്നുപയോഗത്തെ കുറിച്ച് കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാകണമെന്നാണ് ട്രംപിന്റെ നിലപാടെന്ന് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭയങ്കരിയായ ഭാര്യയില്‍ നിന്നും ആവശ്യത്തിന് ശിക്ഷ ഏറ്റുവാങ്ങുന്നതിനാല്‍ താന്‍ ഹാരിയെ നാടുകടത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നാണ് ട്രംപിന്റെ നിലപാടെന്നും, നിയമനടപടികളെ പിന്താങ്ങുമെന്നും ട്രംപിന്റെ ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലേക്ക് വിസ ലഭിക്കാനുള്ള അപേക്ഷയില്‍ വ്യാജവിവരങ്ങള്‍ രേഖപ്പെടുത്തി വിസ നേടിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ നാടുകടത്തലോ ആയിരിക്കും ശിക്ഷ. 2023 ല്‍ പുറത്തിറക്കിയ തന്റെ ഓര്‍മ്മക്കുറിപ്പുകളായ സ്‌പെയര്‍ എന്ന പുസ്തകത്തിലാണ്, പണ്ട് താന്‍ കൊക്കെയ്ന്‍, മരിജുവാന, മാജിക് മഷ്‌റൂം എന്നിവ ഉപയോഗിച്ചതായി സമ്മതിച്ചിരിക്കുന്നത്. 2022 ല്‍ അമേരിക്കയില്‍ എത്തുന്ന സമയത്ത് ഹാരി ഇത് സമ്മതിച്ചിരുന്നെങ്കില്‍, ഇന്റര്‍വ്യൂവിന് ശേഷം ഹാരിക്ക് ഒരു വിസ വേയ്വര്‍ ആവശ്യമായി വന്നേനെ.

വിസ നേടുന്ന സമയത്ത് ഹാരി സത്യം പറഞ്ഞിരുന്നുവോ, ഹാരിക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക പരിഗണന ലഭിച്ചിരുന്നുവോ എന്നറിയുന്നതിനായി വിസ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തു വിടണമെന്ന നിര്‍ദ്ദേശം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം സെക്യൂരിറ്റിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വാഷിംഗ്ടണിലെ ചിന്താകൂട്ടായ്മയായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രേഖകളെല്ലാം രഹസ്യമാക്കി വയ്ക്കുന്നത് തുടരാനായിരുന്നു കോടതിയുടേ പ്രാഥമിക ഉത്തരവ്.

എന്നാല്‍, ഇതിനെതിരെ നല്‍കിയ അപ്പീലില്‍ നടപടികള്‍ തുടരുകയാണ്. ഇതിനിടയിലാണ്, ഹാരി, വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് സത്യമല്ല പറഞ്ഞത് എന്ന് തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ട്രംപുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാരി സത്യമാണ് അന്ന് പറഞ്ഞതെങ്കില്‍, തീര്‍ച്ചയായും ഹാരിക്ക് പ്രത്യെക പരിഗണന ലഭിച്ചിട്ടുണ്ട്.അത് പൊതുജനങ്ങള്‍ക്ക് അറിയാനുള്ള ആഗ്രഹവുമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടയിലാണ് സര്‍ക്കാരിന്റെ അഭിഭാഷകരുമായി രഹസ്യ യോഗം നടത്തിയതായി ജഡ്ജി സമ്മതിച്ചത്. ഇക്കാര്യം വാദികളായ ഹെറിറ്റേജിനെ അറിയിച്ഛിരുന്നില്ല. ഇപ്പോള്‍ ഈ യോഗത്തിന്റെ വിശദാംശങ്ങള്‍ ഹെറിറ്റേജിന് ലഭ്യമാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരി പ്രതിസന്ധിയില്‍ നിന്നും ഏറെ അകലെയല്ല എന്നാണ് പൊതുവെ സംസാരം. ഹാരിയുമായോ മേഗനുമായോ പ്രസിഡണ്ട് ട്രംപിന് പ്രത്യേക പ്രതിപത്തിയൊന്നുമില്ല. മാത്രമല്ല, ട്രംപ് വിഭാഗീയത സൃഷ്ടിക്കുന്ന വ്യക്തിയും സ്ത്രീവിരുദ്ധനുമാണെന്ന് നേരത്തെ മേഗന്‍ മെര്‍ക്കല്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അതിനിടയില്‍, ഏറെ പരസ്യപ്പെടുത്തിയ തന്റെ പുതിയ നെറ്റ്ഫ്‌ലിക്സ് ഷോ ആരംഭിക്കാനിരിക്കെ, ഒരു ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാന്‍ മേഗന്‍ മെര്‍ക്കല്‍ ഏറെ പാടുപെടുകയാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിപാടിക്കൊപ്പം തന്റെ ആഡംബര ഭക്ഷണ - ഹോംവെയര്‍ ബ്രാന്‍ഡുകൂടി പരസ്യപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മേഗന്‍. മാര്‍ച്ച് 4 മുതല്‍ ആണ് വിത്ത് ലവ്, മേഗന്‍ എന്ന പരിപാറ്റി ആരംഭിക്കുന്നത്.

അതിനിടയിലാണ് അവര്‍ തന്റെ 18 ലക്ഷത്തോളം വരുന്ന ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി തുറന്ന് സംവേദിക്കാന്‍ തയ്യാറായിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ ഹാരിക്കായി അയച്ച ഹൃദയഹാരിയായ ഒരു സന്ദേശവും അതില്‍ ഉള്‍പ്പെടുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രത്തോടൊപ്പമാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ മേഗന്റെ 20 മില്യന്‍ ഡോളര്‍ ഷൊ സ്‌പോര്‍ട്ടിഫൈ റദ്ദാക്കിയത് മേഗന് ഒരു തിരിച്ചടിയായിരുന്നു. നെറ്റ്ഫ്‌ലിക്സുമായി ഹാരിയും മേഗനും ഉണ്ടാക്കിയ 100 മില്യന്‍ ഡോളര്‍ കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. അത് പുതുക്കാന്‍ ഇടയില്ലെന്നാണ് നെറ്റ്ഫ്‌ലിക്‌സിനകത്തെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.