കാരക്കാസ്: 2025 ല്‍ സമാധാന നൊബേല്‍ കിട്ടില്ലെന്ന് അറിഞ്ഞ് നിരാശനായ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ആശ്വാസത്തിന്റെ കുളിര്‍മഴ പോലെ പുരസ്‌കാര ജേതാവിന്റെ വാക്കുകള്‍. വെനിസ്വേലയിലെ നിക്കോളാസ് മധൂറോയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ട്രംപിന് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി വനിതാ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോ പറഞ്ഞു.

' ഈ പുരസ്‌കാരം വെനിസ്വേലയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും ഞങ്ങളുടെ പ്രശ്‌നപരിഹാരത്തിന് പിന്തുണ നല്‍കുന്ന പ്രസിഡന്റ് ട്രംപിനും സമര്‍പ്പിക്കുന്നു'- മച്ചാഡോ പറഞ്ഞു. വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി അശ്രാന്തമായി പോരാടുകയും ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന ധീരയായ നേതാവെന്ന നിലയിലാണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള 2025ലെ നൊബേല്‍ സമ്മാനം ലഭിച്ചത്. ഡോണാള്‍ഡ് ട്രംപിന്റെ പിന്തുണ തങ്ങളുടെ ധീരമായ മുന്നേറ്റത്തിന് നിര്‍ണ്ണായകമാണെന്നും മാച്ചാഡോ വെള്ളിയാഴ്ച പറഞ്ഞു.

'എല്ലാ വെനിസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള അംഗീകാരം നമ്മുടെ ദൗത്യം പൂര്‍ത്തിയാക്കാനും സ്വാതന്ത്ര്യം നേടാനും പ്രചോദനമാണ്: . നമ്മള്‍ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടിയെടുക്കാന്‍, പ്രസിഡന്റ് ട്രംപിന്റെയും അമേരിക്കന്‍ ജനതയുടെയും ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു' -അവര്‍ എക്‌സില്‍ കുറിച്ചു.

വെനിസ്വേലയുടെ ഉരുക്ക് വനിത എന്നാണ് ജനാധിപത്യ അവകാശ പോരാളിയായ മച്ചാഡോ അറിയപ്പെടുന്നത്. 2025 ല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 പ്രമുഖരുടെ ടൈം മാഗസിന്‍ പട്ടികയില്‍ മരിയ കൊറിന മച്ചാഡോയുടെ പേരും ഉണ്ടായിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മരിയ കൊറിന മാച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സമ്മാനിക്കുന്നത്. വഞ്ചനയും ഏകാധിപത്യവും നിറഞ്ഞ ഭരണത്തില്‍ ജനാധിപത്യത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കുന്നതിലുള്ള മച്ചാഡോയുടെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. വെനിസ്വേലയിലെ മധൂറോ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെ പരിണിത ഫലമായി നിലവില്‍ ഒളിവിലാണ് മച്ചാഡോ.

പുരസ്‌കാരം കിട്ടാത്തതില്‍ ട്രംപിന് ഈര്‍ഷ്യ ഉണ്ടാകാമെങ്കിലും മച്ചാഡോയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിനെ അതിരൂക്ഷമായി വിമര്‍ശിക്കാന്‍ കഴിയില്ല. കാരണം, വെനിസ്വേലയിലെ മയക്കുമരുന്ന് ഓപ്പറേഷനുകളുടെ പേരില്‍ മദൂറോ സര്‍ക്കാരിന് എതിരെ വാളെടുത്ത ട്രംപ് എല്ലാ നയതന്ത്ര ഇടപാടുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. വെനിസ്വേലയില്‍, ഭരണമാറ്റത്തിനാണ് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മധുറോയെ പിടികൂടുന്നവര്‍ക്കുള്ള പാരിതോഷികം 50 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മച്ചാഡോ ട്രംപ് നന്ദി പറഞ്ഞിരുന്നു. 'ഞങ്ങളുടെ രാജ്യത്ത് അനധികൃതമായി അധികാരത്തില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന ക്രിമിനല്‍-ഭീകര ഭരണകൂടത്തെ തൂത്തെറിയുന്നതിനുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും തീരുമാനത്തിന് ഞങ്ങള്‍ വെനിസ്വേലക്കാര്‍ നന്ദി പറയുന്നു' എന്നാണ് മച്ചാഡോ ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഈ പിന്തുണ, വെനിസ്വേലയിലെ ഭരണമാറ്റത്തിന് അമേരിക്ക ശ്രമിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

ട്രംപിന് സമാധാന നൊബേല്‍ നിഷേധിച്ചത് എന്തുകൊണ്ട്?

2025-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്ക് ലഭിച്ചതിനെക്കുറിച്ചും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഇത് നിഷേധിച്ചതിനെക്കുറിച്ചും നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ഗന്‍ വാറ്റ്‌നെ ഫ്രൈഡ്‌നെസ് വിശദീകരണം നല്‍കി. ട്രംപ് ഏറ്റവും യോഗ്യതയുളള വ്യക്തിയായിരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ട്രംപിന്റെ പ്രചാരണങ്ങളെയും സമ്മാനം ലഭിക്കുമെന്ന ഊഹാപോഹങ്ങളെയും കുറിച്ച് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചപ്പോള്‍, ഫ്രൈഡ്‌നെസ് നയതന്ത്രപരമായി മറുപടി നല്‍കി. എന്തുകൊണ്ട് കമ്മിറ്റി വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തു എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

'സമാധാന നോബേല്‍ ചരിത്രത്തില്‍, ഈ കമ്മിറ്റി എല്ലാത്തരം പ്രചാരണങ്ങളും കണ്ടിട്ടുണ്ട്,'അദ്ദേഹം പറഞ്ഞു. 'ഓരോ വര്‍ഷവും ആയിരക്കണക്കിന് കത്തുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു, അതില്‍ ആളുകള്‍ അവരെ സംബന്ധിച്ചിടത്തോളം സമാധാനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നു'.

ആല്‍ഫ്രഡ് നോബലിന്റെ വില്‍പത്രത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ആസ്പദമാക്കിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 'ഈ കമ്മിറ്റി എല്ലാ പുരസ്‌കാര ജേതാക്കളുടെയും ഛായാചിത്രങ്ങള്‍ നിറഞ്ഞ ധൈര്യവും സമഗ്രതയും കൊണ്ട് നിറഞ്ഞ മുറിയിലിരുന്നാണ് തീരുമാനം എടുക്കുന്നത് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന് സമ്മാനം നിഷേധിച്ചതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചു. 'നോബേല്‍ കമ്മിറ്റി രാഷ്ട്രീയത്തിന് സമാധാനത്തേക്കാള്‍ പ്രാധാന്യം നല്‍കിയെന്ന് തെളിയിച്ചിരിക്കുന്നു,' പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചിയുങ് പറഞ്ഞു.

വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നീതിയുക്തവും സമാധാനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്കുമാണ് മരിയ കൊറിന മച്ചാഡോക്ക് 2025-ലെ സമ്മാനം ലഭിച്ചത്. ട്രംപ് വര്‍ഷങ്ങളായി ഈ പുരസ്‌കാരത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.