- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്നത് ഭരണഘടനാപരമായി നടപ്പിലാക്കാൻ കഴിയില്ല; തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രസിഡന്റിന് നേരിട്ട് ഇടപെടാനാകില്ലെന്നും ഫെഡറൽ കോടതി; തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി
വാഷിംഗ്ടൺ ഡി.സി: വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറൽ കോടതി. എസ്. ഡിസ്ട്രിക്ട് ജഡ്ജി കൊളീൻ കോളാർ-കോട്ടെല്ലിയാണ് വിധി പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക്, സിവിൽ അവകാശ സംഘടനകൾ ട്രംപ് ഭരണകൂടത്തിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി. പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും പ്രസിഡന്റിന് ഇതിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും വാഷിംഗ്ടൺ വിധിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രസിഡന്റിന് നേരിട്ട് പങ്കില്ലെന്ന് കോടതി വ്യക്തമാക്കി.
അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനം കാര്യക്ഷമമാക്കാനും, അമേരിക്കൻ പൗരന്മാർ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഈ നടപടി അത്യാവശ്യമാണെന്ന് ട്രംപ് ഭരണകൂടം വാദിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി. എക്സിക്യൂട്ടീവ് ഓർഡർ വഴി ട്രംപ് ഭരണകൂടം യു.എസ്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ വരുത്താൻ ശ്രമിച്ച പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുള്ളതായിരുന്നു ഹർജി. തിരഞ്ഞെടുപ്പ് നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്കും കോൺഗ്രസ്സിനും മാത്രമുള്ളതാണെന്നും, ഇക്കാര്യങ്ങളിൽ പ്രസിഡന്റിന് നേരിട്ട് ഇടപെടാൻ ഭരണഘടനാപരമായി അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ, ഈ വിഷയത്തിൽ ഒരു പ്രാഥമിക നിരോധനാജ്ഞ പുറപ്പെടുവിച്ചപ്പോഴും സമാനമായ നിരീക്ഷണങ്ങൾ ജഡ്ജി നടത്തിയിരുന്നു. ഈ വിധിയിലൂടെ, വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് യു.എസ്. ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷനും (EAC) വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൽ നിന്നും ഇതുസംബന്ധിച്ച് പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പരിഷ്കരണ ഉത്തരവിനെതിരായ കേസ് പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഇമെയിൽ വഴി അയക്കുന്ന ബാലറ്റുകൾ തിരഞ്ഞെടുപ്പ് ദിവസം ലഭിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള മറ്റ് വെല്ലുവിളികൾ കോടതി പരിഗണിക്കും. ഫെഡറൽ വോട്ടർ റജിസ്‌ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുന്നത് സംബന്ധിച്ച് നടപടിയെടുക്കാൻ യു.എസ്. ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷന് ഇനി കഴിയില്ല. ഈ വിഷയത്തിൽ തങ്ങൾക്ക് ലഭിച്ച ഭാഗികമായ വിജയത്തെ അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയൻ (ACLU) സ്വാഗതം ചെയ്തു.
ഇത് ജനാധിപത്യത്തിനുള്ള വിജയമാണെന്നും, പ്രസിഡന്റിന്റെ അധികാര പരിധി ലംഘിക്കാനുള്ള ശ്രമത്തെ കോടതി തടഞ്ഞുവെന്നും അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയൻ വക്താവ് സോഫിയ ലിൻ ലാക്കിൻ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്. വോട്ടർ രജിസ്ട്രേഷൻ സമയത്ത് പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഇതിനോടകം തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിരവധി കോടതികളിൽ ഇത്തരം കേസുകൾ നിലവിലുണ്ട്.




