ന്യൂയോര്‍ക്ക്: ഇസ്രായേലില്‍ അമേരിക്കന്‍ അംബാസഡറുമായുള്ള അഭിമുഖത്തിന് ശേഷം കണ്‍സര്‍വേറ്റീവ് പോഡ്കാസ്റ്റിംഗ് പ്രമുഖന്‍ ടക്കര്‍ കാള്‍സണ്‍ തന്നെയും സഹപ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. മുന്‍ ഫോക്‌സ് ന്യൂസ് അവതാരകനായ കാള്‍സണ്‍ ടെല്‍ അവീവില്‍ എത്തിയാണ് അംബാസഡറായ മൈക്ക് ഹക്കബിയുമായി അഭിമുഖം നടത്തിയത്. ഇസ്രയേലില്‍ ക്രൈസ്തവര്‍ക്ക് നേരേ നടക്കുന്നതായി പറയപ്പെടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് നേരത്തേ ഇവര്‍ തമ്മില്‍ ഓണ്‍ലൈനില്‍ തര്‍ക്കം നടന്നിരുന്നു.

ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ നിരന്തരം വിമര്‍ശിക്കുന്ന കാള്‍സണ്‍, ഹക്കബിയുടെ ക്ഷണം അനുസരിച്ചാണ് സംവാദം നടത്തിയത്. എന്നാല്‍ ഹ്രസ്വ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാത്തതിന് വിമര്‍ശകരും ഇസ്രായേല്‍ അനുകൂലികളും കാള്‍സണിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. ഇസ്രയേലില്‍ പലരും തന്നോട് ശത്രുതയോടെയാണ് പെരുമാറിയത് എന്നാണ് കാള്‍സണ്‍ കുറ്റപ്പെടുത്തുന്നത്.

അഭിമുഖത്തിന് തൊട്ടുപിന്നാലെ, ഇസ്രായേലി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതിന് ശേഷം ഒരുസഹപ്രവര്‍ത്തകനെ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് വലിച്ചിഴച്ചതായി കാള്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുകള്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്തുകൊണ്ടുപോകുകയും തങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ ഒരു സൈഡ് റൂമിലേക്ക് വലിച്ചിഴച്ചു എന്നുമാണ് അവര്‍ പറയുന്നത്.

തുടര്‍ന്ന് അംബാസഡര്‍ ഹക്കബിയോട് തങ്ങള്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു എന്നും അവര്‍

അറിയിച്ചു. അഭിമുഖത്തിന് മുമ്പ്, ബുധനാഴ്ച ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് മുന്നില്‍ തന്റെയും ബിസിനസ്സ് പങ്കാളിയായ നീല്‍ പട്ടേലിന്റെയും ഒരു ഫോട്ടോ കാള്‍സണ്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയുടെ ഇസ്രയേലിലെ മുന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീമാന്‍ കാള്‍സണെ കളിയാക്കുന്ന രീതിയിലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇസ്രായേല്‍ സര്‍ക്കാര്‍ തുടക്കത്തില്‍ കാള്‍സണെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ആഗ്രഹിച്ചില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ഒടുവില്‍, ഒരു നയതന്ത്ര പ്രശ്നം ഒഴിവാക്കാന്‍ കാള്‍സണെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. കാള്‍സണെ കസ്റ്റഡിയിലെടുത്തതായി ഇസ്രായേലിലെ യുഎസ് എംബസിയുടെ വക്താവ് നിഷേധിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രം രാജ്യത്ത് വന്ന് പോകാന്‍ തീരുമാനിച്ചത് ടക്കറായിരുന്നു. ഇസ്രായേലിലേക്കുള്ള ഏതൊരു സന്ദര്‍ശകരുടെയും അതേ നല്ല പെരുമാറ്റമാണ് ടക്കറിനും ലഭിച്ചത് എന്നാണ് അവരുടെ വിശദീകരണം.

ഇസ്രായേലിലെ ക്രിസ്ത്യാനികള്‍ക്ക് ശരിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച കാള്‍സണ്‍ തന്റെ യൂട്യൂബ് ഷോയില്‍ ഹക്കബിയെ കുറ്റപ്പെടുത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കാള്‍സണെ അറിയുകയും മുമ്പ് ഫോക്സ് ന്യൂസില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത ഹക്കബി, ഒരു ചര്‍ച്ചയ്ക്കായി അദ്ദേഹത്തെ ഇസ്രായേലിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. ഇസ്രായേലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമായിരുന്നു കാള്‍സണ്‍-ഹക്കബി കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം, കാള്‍സണ്‍ രണ്ടുതവണ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുകയും ഒരു തവണ ട്രംപുമായി ഓവല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.