തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്നതാണ് കേരളം കുറച്ചുകാലമായി തന്നെ ആവശ്യപ്പെടുന്ന കാര്യം. എന്നാല്‍, ഈ ആവശ്യത്തെ തമിഴ്‌നാട് നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തിലെ പരിഹാരം നീണ്ടു പോകുന്നത്. ഇതിനിടെ വിഷയം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യമുള്ള മാര്‍ഗ്ഗം ടണല്‍ നിര്‍മിക്കലാണ് എന്ന് ചൂണ്ടിക്കാട്ടിയത് മുല്ലപ്പെരിയാല്‍ സമര സമതിയാണ്. ഈ ആവശ്യം ഉന്നിയിച്ചു കൊണ്ട് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി നിരവധി സമരങ്ങളും നടത്തിയരുന്നു, അടുത്തിടെ നടത്തിയ അനിശ്ചിതകാല ഉപവാസ സമരവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

2014-ലെ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് നാല് കിലോമിറ്റര്‍ ടണല്‍ നിര്‍മിക്കണമെന്നതാണ് ആവശ്യം. കാലങ്ങളായി സമര സമിതി ഉന്നയിക്കുന്ന ഈ ആവശ്യം വേണ്ടവിധത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടുമില്ല. ഇതിനിടെ ഈ വിഷയത്തില്‍ ഇപ്പോള്‍ ആശാവഹമായ ഒരു പുരോഗതി ഉണ്ടായിരിക്കയാണ്.

കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പ് കത്തു നല്‍കി. ഈ ആവശ്യം ഉന്നയിച്ച് മുല്ലപെരിയാര്‍ ടണല്‍ സമര സമതി നല്‍കിയ നിവേദനത്തിന് മറുപടിയാണ് കേന്ദ്ര ജലവകുപ്പ് കത്ത് നല്‍കിയിരിക്കുന്നത്. പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടില്‍ കൂടുതല്‍ ജലം സംഭവിക്കാന്‍ സൗകര്യം ഒരുക്കുന്നത് നിലവിലെ ഡാമിനെ കൂടുതല്‍ സുരക്ഷിതമാക്കും. ഈ വിഷയത്തില്‍ കേരളവും തമിഴ്‌നും തമ്മില്‍ ധാരണയില്‍ എത്തിയാല്‍ കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ തയ്യാറാണെന്നാണ്് വ്യക്തമാക്കുന്നത്.

ഈ വിഷയത്തില്‍ ഇനി വേണ്ടത് സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുക എന്നതാണ്. വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപെരിയാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ടണല്‍ നിര്‍ദേശം അടക്കം ഭാവിയില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്താല്‍ അത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായകമായി മാറും.

നേരത്തെ മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദേശവും ടണല്‍ എന്നതായിരുന്നു. റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയത്. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇ ശ്രീധരനും ടണല്‍ നിര്‍മാണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചതോടെ ടണല്‍ ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര ജലവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചതോടെ ടണലില്‍ പ്രായോഗിക വഴികാണ് ഇരുകൂട്ടരും തേടേണ്ടത്.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണിക്ക് തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയിരുന്നു. ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വ്യാഴാഴ്ച ഇരുമുഖ്യമന്ത്രിമാരും പങ്കെടുക്കാനിരിക്കേയാണ് നടപടി. അറ്റകുറ്റപ്പണി കേരളം തടഞ്ഞത് വൈക്കം സന്ദര്‍ശനവേളയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉന്നയിക്കുമെന്ന് തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്‍ ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയെ അറിയിച്ചിരുന്നു.

സ്റ്റാലിന്‍ വിഷയം ഉന്നയിക്കും മുന്‍പുതന്നെ അനുമതിനല്‍കിയാണ് കേരളസര്‍ക്കാരിന്റെ സഹകരണം. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നായിരുന്നു കേരളം സ്വീകരിച്ചുവന്ന നിലപാട്. ഇതിലാണ് മാറ്റംവന്നത്. തമിഴ്‌നാട് ഔദ്യോഗികമായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏഴു പ്രവൃത്തികള്‍ക്കാണ് നിബന്ധനകളോടെ ജലവിഭവവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ജോലികള്‍ എക്സിക്യുട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുമ്പോള്‍ വനനിയമങ്ങള്‍ പാലിക്കണം.

നേരത്തേ കേരളത്തിന്റെ അനുമതി തേടാതെയായിരുന്നു അറ്റകുറ്റപ്പണിക്ക് തമിഴ്‌നാടിന്റെ നീക്കം. ഇത് കേരളം തടഞ്ഞിരുന്നു. ഡിസംബര്‍ നാലിനാണ് രണ്ട് ലോറികളിലായി മണല്‍ കൊണ്ടുവന്നത്. ദിവസങ്ങളോളം വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ കാത്തുകിടന്ന രണ്ട് ലോറികളും കേരളം തടഞ്ഞതിനാല്‍ മണല്‍ മറ്റൊരിടത്ത് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എ്ന്നതാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ തമിഴ്‌നാട് എതിര്‍ക്കുകയും ചെയ്യുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കുറഞ്ഞത് 7 വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. എന്നാല്‍, അടിയന്തരമായി ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 5 വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂര്‍ത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്.

പുതിയ അണക്കെട്ടിനായി ഡിപിആര്‍ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആര്‍ 2011 ല്‍ തയാറാക്കിയപ്പോള്‍ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അന്ന് കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് എതിര്‍പ്പ് അറിയിച്ചിരുന്നു.