ഇസ്താംബൂൾ: ലോകത്തെയാകെ നടുക്കിയ തുടർ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടതായി റിപ്പോർട്ട്. ദുരിത ബാധിത മേഖലയിൽ കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ആശങ്ക ഉയർത്തുന്നു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച തുർക്കിയിലെ പത്ത് പ്രവിശ്യകളിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രഖ്യാപിച്ചു.

തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ വിമത നിയന്ത്രിത മേഖലകളിൽ മാത്രം 790 പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടർ ഭൂകമ്പങ്ങളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.

രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസം. ഇപ്പോഴും തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയും മഴയുമാണ് രക്ഷാ പ്രവർത്തനത്തിന് വൻ വെല്ലുവിളിയുയർത്തുന്നത്.

കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സഹായം അഭ്യാർത്ഥിക്കുന്നു. പക്ഷേ രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞും റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതാണ് പ്രധാന തടസം. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും മുന്നറിയിപ്പ്. 8000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി വ്യക്തമാക്കി.



ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ ആറിന് ഇസ്തംബുളിൽ നിന്ന് 13,000 പേർ അടങ്ങിയ രക്ഷാപ്രവർത്തക സംഘം ദുരിത മേഖലകളിലേക്ക് പോയതായി വാർത്താ ഏജൻസിയായ സബാ റിപ്പോർട്ടു ചെയ്തു. ഉച്ചയോടെ 24,400 പേർ തുർക്കിയിൽ മാത്രം രക്ഷാദൗത്യങ്ങളിൽ സജീവമാണെന്ന് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഭൂകമ്പത്തിൽ തുർക്കിയിൽ 5,775 കെട്ടിടങ്ങൾ തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം, 11,342 കെട്ടിടങ്ങൾ തകർന്നതായാണ് അനൗദ്യോഗിക വിവരമെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടു ചെയ്തു.

തുർക്കിയിൽ 7,800 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണനിരക്കു വരുംദിവസങ്ങളിൽ 20,000 പിന്നിടാൻ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫിസർ കാതറീൻ സ്മാൾവുഡ് വിലയിരുത്തി.



കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണു രക്ഷാപ്രവർത്തകർ. ഇതിനിടെ ഇടയ്ക്കിടെ എത്തുന്ന തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. മധ്യതുർക്കിയിൽ ചൊവ്വാഴ്ച രാവിലെ 5.6 രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. ദുരന്ത മേഖലയിൽ 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.



അതേ സമയം, തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുർക്കിക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹം. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതർലൻഡസും തുർക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിത്തുടങ്ങി. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സഹായവാഗ്ദാനം നൽകി. തുർക്കി പ്രസിഡന്റിനെ വിളിച്ചാണ് ബൈഡൻ ഇതറിയിച്ചത്.



ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. ആഭ്യന്തര യുദ്ധത്തിൽ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് അഭയാർഥികളുള്ള മേഖലയിലാണ് ഇരട്ടപ്രഹരമെന്നോണം ഭൂകമ്പദുരന്തം ഉണ്ടായത്. അതിശൈത്യവും മഴയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗസ്സിയാൻതെപിൽ തിങ്കളാഴ്ച രാത്രി താപനില മൈനസ് 5 ഡിഗ്രിവരെയായിരുന്നു.