തിരുവനന്തപുരം: കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ തിരിച്ചടി നേരിട്ടെങ്കിലും, ശ്രീകാര്യം സർക്കാർ ൻജിനീയറിങ് കോളേജിന് (സി ഇ ടി) മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് വിജയം. കാത്തിരിപ്പ് കേന്ദ്രം കോർപറേഷൻ പൊളിച്ചുമാറ്റി. മേയർ പൊളിക്കുമെന്ന് ഉറപ്പുനൽകിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ശ്രീകൃഷ്ണ നഗർ റെസിഡന്റ് അസോസിയേഷൻ മോടി പിടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ ഓണാവധിക്ക് പോയതിന് പിന്നാലെ 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് ഷെൽറ്ററിന്റെ ചുമരിൽ എഴുതിവച്ചായിരുന്നു റെസിഡന്റ് അസോസിയേഷന്റെ നവീകരണം. ഇതിന് പിന്നാലെയായിരുന്നു കോർപ്പറേഷന്റെ നടപടി.

ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരുന്നുവെന്ന് ആരോപിച്ചാണ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബഞ്ച് പൊളിച്ചത്. സദാചാരവാദികളാണ് പൊളിച്ചതെന്നായിരുന്നു ആദ്യ ആക്ഷേപം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടാണ് വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധിച്ചത്.

പ്രമുഖരടക്കം ഈ വിഷയത്തിൽ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണെന്നും, അത് പൊളിച്ച് ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്നും മേയർ വ്യക്തമാക്കിയിരുന്നു.

കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് മുറിച്ചുമാറ്റിയ നടപടിക്കെതിരെ കക്ഷിഭേദമില്ലാതെ വ്യാപക വിമർശനമാണ് ഉയർന്നത്. ഒരുമിച്ചിരിക്കുന്ന ഫോട്ടോ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ, മടിയിൽ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാർത്ഥികൾ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്ന നപടി നീണ്ടുപോയി. ഇതിനിടെ റസിഡന്റ്‌സ് അസോസിയേഷൻ കാത്തിരിപ്പുകേന്ദ്രം നവീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാത്തിരിപ്പുകേന്ദ്രം നഗരസഭ പൂർണമായും പൊളിച്ചുമാറ്റിയത്.

സംഭവം ഇങ്ങനെ:

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികൾ പൊളിച്ചത്. ഒരുമിച്ച് ഇരിക്കാൻ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടമാക്കി സദാചാര വാദികൾ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികളിൽ നിന്നും പ്രതിഷേധമുയർന്നു. ബിജെപി നഗരസഭാ കൗൺസിലറുടെ വാർഡിലായിരുന്നു ൗ സംഭവം.

ഇതിനിടെയാണ് മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡൻസ് അസോസിയേഷനാണ്. നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തിൽ റെസിഡൻസ് അസോസിയേഷൻ നൽകിയ വിശദീകരണം.

നാളുകളായി തകർന്നുകിടന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയുക മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അസോസിയേഷൻ പറഞ്ഞത്. ഒഴിവുസമയങ്ങളിൽ ഒത്തുചേർന്നിരിക്കാനായി തങ്ങളെത്തുന്ന സ്ഥലമാണിതെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.