തിരുവനന്തപുരം: ഓണസദ്യ പ്രശ്‌നം തീർപ്പാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ മറ്റൊരു നടപടി കൂടി വിവാദത്തിൽ.
ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശൂചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തത് മേയർക്ക് പിൻവലിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ, തിരുവനന്തപുരത്ത് എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപ്പറേഷൻ നടപടിയാണ് വിവാദത്തിലായത്.

പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയത്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോർപ്പറേഷൻ സെക്രട്ടറിയും കരാറിൽ ഒപ്പ് വെച്ചു. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേർന്നത്. നേരത്തെ പൊതു ജനങ്ങളിൽ നിന്നും പത്ത് രൂപ ഈടാക്കി പാർക്കിങ് അനുവദിച്ചിരുന്ന സ്ഥാലമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് .ഇതോടെ മറ്റുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകൾ തടയുന്നത് പതിവായി. ഇത് പലപ്പോഴും വാക്ക് തർക്കത്തിൽ കലാശിക്കും. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിംഗിന് അനുവദിക്കാൻ സർക്കാരിന് അനുമതിയില്ല. ഇതിനിടെയാണ് കോർപ്പറേഷന്റെ നടപടി.

എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കിയാണ് ഒപ്പും വച്ചത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി.

കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ അറിയിച്ചു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും കോർപറേഷൻ പ്രതികരിച്ചു.

നേരത്തെ, ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കുഴിയിൽ തള്ളിയ കോർപറേഷൻ ജീവനക്കാർക്ക് മുന്നിൽ മേയർ മുട്ടുമടക്കിയിരുന്നു. സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഓണസദ്യ കഴിക്കാൻ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ ഓണസദ്യ വലിച്ചെറിഞ്ഞത്. പ്രതിഷേധിച്ചവർക്കെതിരെ മേയർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സ്ഥിരം ജോലിക്കാരെ സസ്പെൻഡ് ചെയ്യുകയും, താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ സ്വീകരിച്ച നടപടിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. സിപിഎമ്മിന് അകത്തും പുറത്തും ഒരുപോലെ വിമർശനമുയർന്നു. ആനാവൂർ നാഗപ്പൻ അടക്കമുള്ളർ മേയർക്കെതിരായിരുന്നു. തൊഴിലാളികളിൽ അധികവും സിഐ.ടിയു ആൾക്കാരായിരുന്നു. ഇതോടെ മേയറുടെ നടപടി വിവാദത്തിലായി.