തിരുവനന്തപുരം: എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷൻ നൽകിയ പട്ടിക പ്രകാരം ബിരുദദാന ചടങ്ങ് നടത്തിയ വിചിത്ര സംഭവമാണ് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥകൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത അപൂർവ സംഭവം. തങ്ങളല്ല പരിപാടി നടത്തിയതെന്ന് പറഞ്ഞ് കോളേജ് അധികൃതർ കൈകഴുകുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടു റിപ്പോർട്ട് തേടിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ വിജയിക്കാത്ത ഏഴു വിദ്യാർത്ഥികളും സർട്ടിഫിക്കറ്റുകൾ മടക്കി നൽകി. കോളജ് പ്രിൻസിപ്പൽ ഡോ.ജി. ജെയ് മുൻപാകെയാണ് ഇവ നൽകിയത്.

ഇന്നലെ രാവിലെ 11 മണിക്കു മുൻപ് സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്നു പ്രിൻസിപ്പൽ കർശന നിർദ്ദേശം നൽകിയിരുന്നു. ഒരാൾ കഴിഞ്ഞ ദിവസവും മറ്റ് 6 പേർ ഇന്നലെയുമാണ് സർട്ടിഫിക്കറ്റ് തിരിച്ചു നൽകിയത്. ചടങ്ങിൽ പങ്കെടുത്ത 65 പേർക്കും കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയെന്നും പരീക്ഷ പാസായെന്നുമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. രണ്ടാം വർഷ പരീക്ഷ പോലും പാസാകാത്ത 2 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 7 പേരും ഇതു കൈപ്പറ്റിയ വിവരം പുറത്തായതോടെയാണ് വിവാദമായത്. സർട്ടിഫിക്കറ്റ് മടക്കി നൽകിയവരിൽ പിടിഎ ഭാരവാഹിയുടെ മകനും ഉൾപ്പെടുന്നു.

മറ്റു വിദ്യാർത്ഥികളിൽ നിന്നു കൂടി സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും, തോറ്റവർ സർട്ടിഫിക്കറ്റ് മടക്കി നൽകിയ സാഹചര്യത്തിൽ ഇതു തൽക്കാലം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുടെ അനുമതി വാങ്ങിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നു കോളജ് അധികൃതർ പറഞ്ഞു.

കോഴ്‌സ് പൂർത്തിയാക്കിയെന്നും പരീക്ഷ പാസായെന്നുമുള്ള സർട്ടിഫിക്കറ്റ് തോറ്റ വിദ്യാർത്ഥികൾക്ക് കൈമാറിയത് അതീവ ഗുരുതരമായാണ് ആരോഗ്യ സർവകലാശാല അധികൃതർ കാണുന്നത്. ആയുർവേദ കോളജിൽ ഭാവിയിൽ ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു മുൻപ് മുൻകൂർ അനുമതി വാങ്ങണമെന്നും, ഇത്തരം പരിപാടികൾക്ക് കർശന നിരീക്ഷണം ഉണ്ടായിരിക്കണമെന്നും ഇന്നലെ ചേർന്ന അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചു. ഇക്കാര്യം വൈസ് ചാൻസലറെ അറിയിക്കും.

ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗൗൺ ധരിച്ച് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസായിട്ടില്ലെന്നായിരുന്നു ആരോപണം. സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല വിസി മോഹൻ കുന്നുമ്മൽ ഉൾപ്പടെ ഉള്ളവർ പങ്കെടുത്തിരുന്നു. പ്രോചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്തിയത് തങ്ങൾ അല്ലെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വാദം.

ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണു ബിഎഎംഎസ് കോഴ്സ്. ആയുർവേദ കോളജിൽ ഈ മാസം 15നാണ് ഡോക്ടർ ബിരുദ (ബിഎഎംഎസ്) ദാന ചടങ്ങ് സംഘടിപ്പിച്ചത്. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്നാണ് ആരോപണം. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ചില വിദ്യാർത്ഥികൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.