- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത രക്തസ്രാവത്തിന് കാരണം തന്റെ വയറ്റിൽ രണ്ടര കിലോയുള്ള സ്‌റ്റോൺ ഉണ്ടായിരുന്നതുകൊണ്ടെന്ന് യുവതി; ആദ്യ പരിശോധനയിൽ തന്നെ സംഗതി നുണയെന്ന് തിരിച്ചറിഞ്ഞ് ഡോക്ടർമാർ; ഒടുവിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് തന്റേതെന്ന് സമ്മതം; തുമ്പോളി സംഭവത്തിൽ വഴിത്തിരിവ്
ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടി തന്റേതാണെന്ന് പൊലീസ് സംശയിച്ച യുവതി സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു തുമ്പോളി വികസന ജങ്ഷന് സമീപം ജനിച്ചയുടനെ ഉപേക്ഷിച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രി സാധനങ്ങൾ പെറുക്കാൻ എത്തിയവരാണ് കുട്ടിയെ പൊന്തക്കാട്ടിൽ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലനിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ച വനിതാ ശിശു ആശുപത്രിയിൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ യുവതിയും വയറുവേദനയ്ക്ക് ചികിത്സ തേടിയതായി കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതി ചികിത്സ തേടിയെത്തിയത്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ യുവതിയാണ് അമ്മയെന്ന് പൊലീസ് സംശയിച്ചത്. എന്നാൽ കുട്ടി തന്റേതല്ല എന്ന നിലപാടിലായിരുന്നു.
അമിത രക്തസ്രാവത്തിന് കാരണംതന്റെ വയറ്റിൽ രണ്ടരക്കിലോയുള്ള 'സ്റ്റോൺ' ഉണ്ടായിരുന്നതു കൊണ്ടാണ് എന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. ഇതിന് സാധ്യത ഇല്ലാത്തതിനാൽ ഡോക്ടർമാർ വിശദമായ പരിശോധന നടത്തി. ആദ്യ പരിശോധനയിൽ തന്നെ പെൺകുട്ടി പ്രസവിച്ചെന്ന സംശയം ഡോക്ടർമാർക്ക് തോന്നിയിരുന്നു.
പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച ശേഷമാകാം യുവതി ചികിത്സ തേടിയതെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ഇവർ ലേബർ റൂമിലാണുള്ളത്. യുവതി താമസിക്കുന്ന വീടിന്റെ മതിലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വച്ചായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുട്ടി തന്റേതാണെന്ന് പറഞ്ഞത്.
അതേസമയം യുവതി ഗർഭിണിയാണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവും ഭർതൃമാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന് മൊഴി നൽകി. യുവതി പ്രസവിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അവർ എന്തുകൊണ്ട് കുട്ടിയെ ഉപേക്ഷിച്ചുവെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പൊലീസ് ഇനി കണ്ടെത്തേണ്ടത്.
മറുനാടന്‍ മലയാളി ബ്യൂറോ