ന്യൂയോർക്ക്: ട്വിറ്റർ മേധാവി സ്ഥാനം എലോൺ മസ്‌ക് രാജിവച്ചു. താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ട്വിറ്ററിനായി മറ്റൊരു സിഇഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ തന്നെ മസ്‌ക് രാജി പ്രഖ്യാപിച്ചത്.

ട്വിറ്ററിലെ നൂറിലധികം മുൻ ജീവനക്കാർ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ തലപ്പത്തേക്ക് തന്റെ അടുപ്പക്കാരിൽ ഒരാളെ തന്നെ എത്തിക്കാനാണ് മസ്‌ക് നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.

ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിലാണ് മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കൾ രേഖപ്പെടുത്തിയത്. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. മസ്‌ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളിൽ പങ്കെടുത്തത്.

ഏറെ അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ട്വിറ്ററിൽ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോൾ ഉണ്ടാക്കിയിരുന്നത്. ഇത് മസ്‌കിന് വിനയാകുകയും ചെയ്തു.

അതേ സമയം, ട്വിറ്റർ പോളിസിയിലെ മാറ്റങ്ങൾക്കുള്ള വോട്ടെടുപ്പിൽ ഇനി മുതൽ ബ്ലൂ ടിക്ക് അക്കൗണ്ടുള്ളവരെ മാത്രമേ അനുവദിക്കൂ എന്ന് മസ്‌ക് അറിയിച്ചു. ട്വിറ്ററിന്റെ സിഇഒ ആയി അധികകാലം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എലോൺ മസ്‌ക് മുമ്പുതന്നെ വ്യക്തമാക്കിയരുന്നു. സ്പേസ് എക്സ്, ടെസ്ല എന്നീ കമ്പനികൾക്ക് അദ്ദേഹം വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയത് എന്നും ശ്രദ്ധേയമാണ്.

നിലവിൽ കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ എലോൺ മസ്‌ക് ആഗ്രഹിക്കുന്നു എന്നുവേണം കരുതാനെന്ന വിലയിരുത്തൽ സജീവമായിരുന്നു. ടെസ്ലയെ അവഗണിച്ച് ട്വിറ്റർ വിഷയങ്ങളിൽ മസ്‌ക് കൂടുതൽ സമയം ഇൻവെസ്റ്റ് ചെയ്യുന്നതിനെതിരെ ടെസ്ല ഷെയർഹോൾഡർമാർ വിമർശനമുന്നയിച്ചിരുന്നു. നിലവിലെ വോട്ടെടുപ്പിനെ ഇതുമായി ബന്ധിപ്പിക്കാവുന്നതാണ്.

സ്പേസ്എക്സ്, ടെസ്ല എന്നിവയുടെ സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയതിനുശേഷം നിരവധി മാറ്റങ്ങളാണ് കമ്പനിയിൽ നടപ്പിലാക്കിയത്. 7500 ജീവനക്കാരിൽ പകുതിയിലധികം പേരെയും കമ്പനിയിൽ നിന്ന് അദ്ദേഹം പുറത്താക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചെങ്കിലും അവയോട് പൂർണമായും മുഖംതിരിക്കുന്ന നിലപാടാണ് മസ്‌ക് കൈകൊണ്ടത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിൾ സ്റ്റോറിൽ നിന്നോ ട്വിറ്ററിനെ പിൻവലിച്ചാൽ ബദലായി പുതിയ ഫോൺ വിപണിയിലെത്തിക്കുമെന്ന ഭീഷണി മുഴക്കാനും അദ്ദേഹം മറന്നില്ല.

ട്രംപിനെ ട്വിറ്ററിലേക്ക് കൊണ്ടുവരാനുള്ള മസ്‌കിന്റെ ശ്രമങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം നിരവധി വിമർശനങ്ങളാണ് മസ്‌ക് നേരിട്ടത്. ട്വിറ്ററുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ട്വിറ്ററിൽ നിന്ന് അരഡസനിലടക്കം മാധ്യമപ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന്റെ പേരിൽ വലിയ വിമർശനമാണ് എലോൺ മസ്‌കിന് നേരിടേണ്ടി വന്നത്. സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങി പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവർത്തകരെയാണ് ഒരു മുന്നറിയിപ്പുംകൂടാതെ അദ്ദേഹം സസ്പെൻഡ് ചെയ്തത്.

പത്രപ്രവർത്തകർക്ക് ട്വിറ്റർ അക്കൗണ്ട് ആക്സസ് നഷ്ടപ്പെട്ട ശേഷം മസ്‌ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത് നിരവധി വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിരുന്നു.