ന്യൂഡൽഹി: ട്വിറ്ററിന്റെ നിയന്ത്രണം ടെസ്ല സിഇഒ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തുടക്കമിട്ട ജീവനക്കാരുട പിരിച്ചുവിടൽ നടപടി ഇന്ത്യയിലേക്കും. ട്വിറ്റർ ഇന്ത്യയുടെ മാർക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാർട്നർഷിപ്പ് വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ നടപ്പാക്കിയത്. സെയിൽസ് വിഭാഗത്തിൽ ഏതാനും ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ നടക്കുന്ന പിരിച്ച് വിടൽ നടപടി ഇന്ത്യയിലെ ട്വിറ്റർ വിഭാഗത്തെയും ബാധിച്ച് തുടങ്ങിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ട്വിറ്റർ ഇന്ത്യയിലെ മാർക്കറ്റിങ് വിഭാഗത്തെ മുഴുവനായി തന്നെ പിരിച്ച് വിട്ടതായാണ് റിപ്പോർട്ട്. ട്വിറ്റർ ഇന്ത്യ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും കൂടുതൽ തൊഴിലാളികൾക്ക് വരും ദിവസങ്ങളിൽ പിരിച്ച് വിടൽ നടപടിയുടെ ഭാഗമായുള്ള കമ്പനി ഇമെയിൽ ലഭിക്കുമെന്നാണ് വിവരം.

ജീവനക്കാർ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാർക്കറ്റിങ് വിഭാഗം മേധാവി മുതൽ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു.

സിഇഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്റെ ബയോ 'ചീഫ് ട്വിറ്റ്' എന്ന് മസ്‌ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. കൈയിൽ ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇൻ എന്ന് കുറിച്ച് മസ്‌ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും.

ഏപ്രിൽ നാലിനാണ് 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതിൽ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ ഉടമകൾ കോടതിയിൽ കേസ് നൽകിയതിന് പിന്നാലെ ഇടപാട് പൂർത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.

ആഗോള തലത്തിൽ 44 ബില്ല്യൺ യുഎസ് ഡോളർ സ്വരൂപിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ നിന്ന് ഒരു വലിയ സംഖ്യയെ പിരിച്ച് വിടുമെന്നും അറിയിപ്പുണ്ടായി. ഈ മാറ്റം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ വെള്ളിയാഴ്ച മുതൽ അടഞ്ഞ് കിടക്കുകയാണ്.

ഇതിന് മുന്നോടിയായി 'ഓഫീസിലേയ്ക്ക് യാത്ര തിരിക്കുകയാണെങ്കിൽ തിരികെ മടങ്ങുവാനായി' തൊഴിലാളികൾക്ക് നിർദ്ദേശം നൽകികൊണ്ട് കമ്പനി പേഴ്‌സണൽ ഇമെയിലുകൾ അയച്ചിരുന്നു. തൊഴിലാളികൾ കമ്പനിയിൽ തുടരണമോ വേണ്ടയോ എന്ന കാര്യവും ഇമെയിൽ വഴി തന്നെ അറിയിക്കുമെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു. പിരിച്ച് വിടൽ നടപടി മൂലം ലോകവ്യാപകമായി 3700 തൊഴിലാളികൾക്ക് ട്വിറ്ററിന്റെ പടിയിറങ്ങേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്‌ക് നിർദ്ദേശം നൽകിയിരുന്നു. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്‌ക് നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടലുകൾ പൂർത്തിയാക്കാനാണ് മസ്‌കിന്റെ നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ട്വിറ്ററിൽ നിന്ന് മസ്‌ക് പുറത്താക്കിയ സിഇഒ പരാഗ് അഗ്രവാളിനും സംഘത്തിനും കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകാതിരിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. വ്യാജ അക്കൗണ്ടുകളെ കുറിച്ച് തെറ്റായ വിവരം നൽകി കബളിപ്പിക്കുകയായിരുന്നു പരാഗ് അഗ്രവാൾ അടക്കമുള്ള ഉദ്യോഗസ്ഥർ എന്ന് മസ്‌ക് ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് നഷ്ടപരിഹാരം കുറയ്ക്കാനാണ് നീക്കം. പ്രത്യേക കാരണമില്ലാതെ കാലാവധിക്ക് മുമ്പ് പുറത്താക്കിയതിലൂടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുന്നത് ഇതിലൂടെ മറികടക്കാനാകുമെന്നാണ് മസ്‌കിന്റെ കണക്കുകൂട്ടൽ.

ട്വിറ്ററിൽ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യം നേരത്തെ തന്നെ മസ്‌ക് സൂചിപ്പിച്ചിരുന്നു. എന്നാൽ ആ തീരുമാനം നടപ്പിലാകുമ്പോൾ നേരത്തെ കണക്കുകൂട്ടിയതിലും അധികം ജീവനക്കാർ പുറത്തുപോകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 'ട്വിറ്റർ ഏറ്റെടുക്കും, ജീവനക്കാരെ കുറയ്ക്കും, നിയമങ്ങളിൽ മാറ്റം വരുത്തും, പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും'... ഇതായിരുന്നു ഏറ്റെടുക്കലിന് മുന്നോടിയായി ഇലോൺ മസ്‌ക് നിക്ഷേപകർക്ക് മുന്നിൽ വച്ച നിർദ്ദേശം. 44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റെയും ഉടമസ്ഥൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്.