കോട്ടയം: കോട്ടയത്ത് ടൗൺ പ്ളാനിങ് ഓഫീസിനായി ഒരേ സമയം കെട്ടിപ്പൊക്കാൻ ശ്രമിച്ചത് രണ്ട് കെട്ടിടങ്ങൾ. ഒന്നര കിലോമീറ്ററിനുള്ളിലാണ് രണ്ട് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ഒരേസമയം തുടങ്ങിയത്. ബിൽ മാറാനെത്തിയപ്പോളാണ് സംഭവിച്ച അബദ്ധത്തെപ്പറ്റി ഉദ്യോഗസ്ഥർക്ക് മനസിലായത്. സംഭവത്തിൽ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊതുമരാമത്ത് ചീഫ് എൻജിനീയറോട് (കെട്ടിടവിഭാഗം) വിശദീകരണം തേടി.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു കെട്ടിടങ്ങളുടെ നിർമ്മാണം. അബദ്ധം തിരിച്ചറിഞ്ഞതോടെ ഒരു കെട്ടിടത്തിന്റെ നിർമ്മാണം നിർത്തി. എന്നാൽ ഇതിനകം 2 കോടിയോളം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വിനിയോഗിച്ചത്.നിർമ്മാണത്തിൽ സംഭവിച്ച വീഴ്‌ച്ചയ്ക്ക് റവന്യു വകുപ്പ് വിശദീകരണം നൽകി. പൊതുമരാമത്ത് (പിഡബ്ല്യുഡി) ചീഫ് എൻജിനീയറുടെ ഓഫിസിനുണ്ടായ വീഴ്‌ച്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വകുപ്പ് അറിയിച്ചത്. എന്നാൽ ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയതാണ് പിഴവിന് കാരണമെന്ന് പിഡബ്ല്യുഡി പ്രതികരിച്ചു.

റവന്യു വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഡബ്ല്യുഡി കരാർ നൽകി കെട്ടിട നിർമ്മാണം ആരംഭിച്ചത്. ഒരു കെട്ടിടം കോട്ടയം കലക്ടറേറ്റിന് സമീപവും മറ്റൊന്ന് ഒന്നര കിലോമീറ്റർ അകലെ തിരുനക്കര മിനി സിവിൽ സ്റ്റേഷന് സമീപവുമായിരുന്നു പണി തുടങ്ങിയത്. രണ്ട് പണികളുടെയും ബിൽ ഒരേ സമയം പിഡബ്ല്യുഡി ധനകാര്യ വിഭാഗത്തിൽ എത്തിയപ്പോളാണ് ഒരേ ഓഫിസിനു വേണ്ടിയാണ് ഇവ നിർമ്മിക്കുന്നതെന്ന് ഇദ്യോഗസ്ഥർക്ക് മനസിലാകുന്നത്.

തുടർന്ന് തിരുനക്കരയിലെ കെട്ടിടത്തിന്റെ നിർമ്മാണം നിർത്തിവെച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചതോടെ കരാറുകാരൻ കോടതിയെ സമീപിച്ചു. തുടർന്ന് പകുതിയിലേറെ തുക കരാറുകാരന് ലഭിച്ചു. പണി നിർത്തിവെച്ചിരിക്കുന്ന തുരുനക്കരയിലെ കെട്ടിടത്തിൽ പ്ളാനിങ് ഓഫീസിന് പുറമെ താലൂക്ക് ഓഫീസുകളും ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ടൗൺ പ്ളാനിങ് ഓഫീസനെ ഒഴിവാക്കി കെട്ടിടത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആറിയിച്ചു.

തിരുനക്കരയിൽ മിനി സിവിൽ സ്റ്റേഷനു സമീപം നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ ആറ് കോടിയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി തയാറാക്കി ഇന്നലെത്തന്നെ തിരുവനന്തപുരം ചീഫ് എൻജിനീയർക്കു സമർപ്പിച്ചു.

ഇതുകൂടാതെ ഇവിടെത്തന്നെ ബഹുനില മന്ദിരം പണിയുന്നതിനു 18 കോടി രൂപയുടെ എസ്റ്റിമേറ്റ് ബജറ്റ് പ്രപ്പോസലായി സമർപ്പിക്കുമെന്നു പിഡബ്ല്യുഡി (കെട്ടിട വിഭാഗം) അധികൃതർ പറഞ്ഞു. എന്നാൽ, ഇനി മിനി സിവിൽ സ്റ്റേഷനിൽ പ്ലാനിങ് ഓഫിസിനു സ്ഥലം ഉണ്ടാകില്ല. കലക്ടറേറ്റിനു സമീപം നിർമ്മാണം പൂർത്തിയായ കോംപ്ലക്‌സിലാകും പ്ലാനിങ് ഓഫിസ് പ്രവർത്തിക്കുക.