പത്തനംതിട്ട: വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വാഹനം പരിശോധിക്കാൻ തടഞ്ഞതിന്റെ പേരിൽ മദ്യലഹരിയിൽ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ രണ്ടു പേരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സിപിഎമ്മിന്റെ സജീവ പ്രവർത്തകനും പെരുനാട് സ്വദേശിയുമായ സതീശൻ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനോടെയാണ് കേസിനാസ്പദമായ സംഭവം. പാർട്ടിയുടെ കമ്മറ്റി കഴിഞ്ഞ് തുലാപ്പള്ളിയിൽ നിന്നും ടാക്സി വാഹനത്തിലാണ് ഏതാനും സിപിഎം പ്രവർത്തകർക്കൊപ്പം രജിത്തും സതീശനും വന്നത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ശബരിമല പാതയിൽ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇലവുങ്കൽ ചെക്ക് പോസ്റ്റിൽ വച്ച് വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിസാമുദ്ദീൻ, ജയശങ്കർ എന്നിവർ ചേർന്ന് തടഞ്ഞു.

രാത്രികാലത്ത് വന്ന വാഹനമായതിനാൽ തടഞ്ഞ് പരിശോധിക്കുക എന്നത് ഇവരുടെ ഡ്യൂട്ടിയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ ഡ്രൈവർ വാഹനം തുറന്നു കൊടുത്ത് പരിശോധനയുമായി സഹകരിച്ചു. പ്രതികൾ ഒഴികെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും കുഴപ്പമുണ്ടാക്കിയില്ല.

എന്നാൽ പ്രതികൾ രണ്ടു പേരും ചേർന്ന് ബീറ്റ് ഫോറസ്റ്റർമാരെ തെറി വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം ഇവരെ അട്ടത്തോട്ടിൽ ഇറക്കി ഡ്രൈവർ മടങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെ വനംവകുപ്പ് ജീവനക്കാർ പമ്പ സ്റ്റേഷനിൽ കൈയേറ്റ ദൃശ്യങ്ങൾ സഹിതം പരാതി നൽകി. തുടർന്ന് ഇവരുടെ മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈകുന്നേരത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.