കോട്ടയം: അച്ഛൻ മരിച്ചതറിഞ്ഞിട്ടും നാട്ടിൽ പോകാൻ അനുവദിച്ചില്ല. മുറിയിൽ ഒറ്റയ്ക്കിരുന്നു കരഞ്ഞു. ആ അവസ്ഥ പറഞ്ഞ് വിവരിക്കാൻ പോലും കഴിയുന്നില്ല. അതിനിടയിലാണ് ജോലി നഷ്ടമാകുന്നത്. അപ്പോൾ നാട്ടിലേയ്ക്ക് തിരികെയെത്തി ഭർത്താവിനെയും മക്കളെയും മറ്റെല്ലാവരെയും കാണാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അത്രയധികം മാനസികമായി തളർന്നു പോയി. ഏജന്റുമാരുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ടെത്തിയ വീട്ടമ്മമാർ സങ്കടത്തോടെ മറുനാടനോട് വിവരങ്ങൾ പങ്കു വച്ചു.

കോട്ടയം സ്വദേശികളായ രണ്ട് വീട്ടമ്മമാരാണ് കുവൈറ്റിൽ ജോലി നഷ്ടപ്പെട്ടതോടെ ഏജന്റുമാരുടെ കുരുക്കിലായത്. നാട്ടിൽ തിരികെ കയറ്റി വിടണമെങ്കിൽ ഒന്നര ലക്ഷം നൽകണമെന്ന് പറഞ്ഞ് മുറിയിൽ താമസിപ്പിച്ചു. കോട്ടയം മണിമല, പെരുവ സ്വദേശിനികളായ വീട്ടമ്മമാരാണ് സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.

മണിമല സ്വദേശിനിയായ വീട്ടമ്മയെ ഏജന്റ് ചതിച്ചാണ് വീട്ട് ജോലിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ നടത്തിയ മെഡിക്കൽ പരിശോധന പരാജയപ്പെട്ടിരുന്നു. കുവൈറ്റിലുള്ള ഏജന്റ് അവിടേയ്ക്ക് കയറി വരാൻ നിർബന്ധിച്ചു. ഇവിടെയെത്തി ജോലി ഉടമയായ അറബി ആശുപത്രിയിലെത്തിച്ച് നടത്തിയ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു. തുടർന്ന് ഏജൻസിയിൽ തിരികെ കൊണ്ടു വിട്ടു. നാട്ടിലേയ്ക്ക് കയറി പോകണമെങ്കിൽ ഒന്നര ലക്ഷം രൂപയും വിമാനടിക്കറ്റും നൽകണമെന്നായി ഷാജി എന്ന ഏജന്റ്. സാധാരണക്കാരായ ഇവരുടെ പക്കലോ, നാട്ടിലോ ഇത്രയും തുക എടുക്കാനില്ലായിരുന്നു. നിസഹായവസ്ഥയിലായ വീട്ടമ്മ അവർ നൽകിയ മുറിയിൽ ഒറ്റയ്ക്ക് ഒരു മാസം കാലം കഴിഞ്ഞു. രക്ഷപ്പെടാൻ എന്തു ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. വിവരം ബന്ധുക്കളെ അറിയിച്ചതോടെ ബന്ധുക്കൾ നോർക്കയിൽ പരാതി നൽകി.

പെരുവ സ്വദേശിനിയായ വീട്ടമ്മയെ സ്വന്തം പിതാവിന്റെ സംസ്‌ക്കാര ചടങ്ങിൽ പോലും പോകാൻ അനുവദിച്ചില്ല. നാട്ടിൽ പോകണമെങ്കിൽ പറഞ്ഞ പണം നൽകണമെന്നായി ഏജന്റ്. കഴിഞ്ഞ ഡിസംബർ 13 നാണ് ഇവർ കുവൈറ്റിലെത്തുന്നത്. ഒന്നര മാസത്തോളം ജോലി ചെയ്തു. ഇതിനിടയിൽ കാലിന് വീണ് പരുക്കേറ്റു. എന്നാൽ വേണ്ട ചികിത്സയോ വിശ്രമമോ നൽകിയില്ല. പിന്നീട് വീട്ടുടമ ഹവല്ലിയിലെ ഏജൻസിയിൽ എത്തിച്ചു. ഇവിടെ ഒരു മാസത്തോളമായി മണിമല സ്വദേശിനി കഴിയുകയായിരുന്നു. ഇവർ രണ്ടു പേർ ഏജന്റുമാർ നൽകിയ റൂമിലാണ് പിന്നീട് താമസിച്ചത്. നാട്ടിലേയ്ക്ക് കയറ്റി വിടണമെങ്കിൽ പണം നൽകണമെന്നാണ് ഏജന്റുമാർ പറഞ്ഞത്. ഇവരുടെ ഏജന്റിന്റെ പേര് രാജേഷ്് എന്നാണ്. രണ്ടര ആഴ്ചയോളം ഇവർ നൽകിയ ഭക്ഷണം കഴിച്ച് റൂമിൽ കഴിഞ്ഞു. ഫോണിൽ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ എന്ന് നാട്ടിൽ തിരികെ വരാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു.

സഹായവുമായി എത്തിയത് അൻഷാദും സുധീഷയും

ഇതിനിടയിലാണ് പെരുവ സ്വദേശിനി സഹായത്തിനായി എംബസിയെയും സംഘടന പ്രവർത്തകരെയും ബന്ധപ്പെടുന്നത്. പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തക സുധീഷ അഞ്ചുതെങ്ങുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ഇവർ ഏജന്റുമാരുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് പണം വേണ്ടായെന്നും നാട്ടിലേയ്ക്ക് പോകുന്നതിനുള്ള വിമാനടിക്കറ്റ് മതിയെന്നും അറിയിക്കുന്നത്. വിമാനടിക്കറ്റ് ഉൾപ്പെടെ സംഘടന എടുത്തു നൽകി. നിർധന കുടുംബത്തിലുള്ളവരാണ് രണ്ട് വീട്ടമ്മമാരും. വിദേശത്തേയ്ക്ക് പോകുന്നതിന് വിവിധ ആവശ്യങ്ങൾക്കായി പലരിൽ നിന്നും കടം വാങ്ങിയതോടെ കടക്കെണിയിലുമായി. തങ്ങളെ ചതിയിൽപ്പെടുത്തിയ ഏജന്റുമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണിവർ.

സൗദി അറേബ്യയിലെ പ്ലീസ് ഇന്ത്യ നിയമ സഹായ സംഘടനയുടെ ചെയർമാൻ ലത്തീഫ് തെച്ചിയെ വിളിച്ച് നാട്ടിലെത്താൻ സഹായം അഭ്യർത്ഥിച്ചു. ലത്തീഫ് തെച്ചി പ്ലീസ് ഇന്ത്യയുടെ കുവൈറ്റ് അംഗമായ സുധീഷ അഞ്ചുതെങ്ങിന് വിവരങ്ങൾ കൈമാറുകയും വേണ്ട സഹായം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും അവസ്ഥ ബോധ്യപ്പെട്ട സൗദി അറേബ്യയിലെ സാമൂഹ്യപ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി ഫോണിൽ ബന്ധപ്പെട്ട് ഇരുവർക്കും വേണ്ട പിന്തുണ നൽകുകയും സുധീഷാ അഞ്ചുതെങ്ങിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പിന്തുണ നൽകുകയും ചെയ്തു.

സുധീഷയുടെ നിരന്തര ഇടപെടലിനൊടുവിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ കാര്യങ്ങൾ സുഗമമായി അവസാനിക്കുകയായിരുന്നു. നിയമനടപടി ഭയന്ന് ഇരുവരുടെയും നാട്ടിലെ ഏജന്റ്മാർ ഷാജി ആവശ്യപ്പെട്ട തുകയും ടിക്കറ്റും നൽകി രണ്ടുപേരെയും നാട്ടിലെത്തിക്കാൻ സന്നദ്ധരാവുകയായിരുന്നു

ആയിരം ദിനാറിൽ കൂടുതൽ ഏജൻസികൾക്ക് നൽകിയാണ് ഓരോ കുവൈറ്റിയും തങ്ങൾക്ക് ആവശ്യമുള്ള ഗാർഹിക തൊഴിലാളികളെ ജോലിക്കായി എടുക്കുന്നത്. അതിനാൽ ഏജന്റിനോ ഏജൻസികൾക്കോ പണം നൽകേണ്ട ആവശ്യമില്ലെന്നും സുധീഷ അഞ്ചുതെങ്ങ് പറഞ്ഞു. ഏജന്റിനെ കുറിച്ചും ജോലി ഉടമ, ശമ്പളം ഇവയെ കുറിച്ചും വ്യക്തമായ ധാരണയില്ലാതെ കുവൈറ്റിലേയ്ക്ക് ആരും എത്തരുതെന്നും സുധീഷ പറയുന്നു.