- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊച്ചിയില്‍ ഇറാന്‍ പടക്കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; ബോട്ടിലെത്തിയ റിപ്പബ്ലിക് ടിവി മാധ്യമസംഘം അറസ്റ്റില്‍; പിടിയിലായവരില്‍ ബോട്ട് ഡ്രൈവറും; നിരോധിത മേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതില്‍ നടപടി; മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ ഹാജറാക്കും; മാധ്യമങ്ങള്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കൊച്ചി ഡിസിപി
കൊച്ചിയില്‍ ഇറാന്‍ പടക്കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; ബോട്ടിലെത്തിയ റിപ്പബ്ലിക് ടിവി മാധ്യമസംഘം അറസ്റ്റില്‍

കൊച്ചി: ഇറാന്‍ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ വിജയകുമാറും അറസ്റ്റിലായിട്ടുണ്ട്.
മട്ടാഞ്ചേരി വാര്‍ഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആര്‍.ഐ.എസ്. ലാവന്റെ ദൃശ്യം പകര്‍ത്താനാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നേത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് കപ്പലിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് മാധ്യമ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ആവശ്യം ഉദ്യോഗസ്ഥര്‍ തള്ളി. ഇതിന് പിന്നാലെയാണ് ബോട്ടിലെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമം നടത്തിയത്.
നിരോധിതമേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറൈന്‍ഡ്രൈവില്‍നിന്ന് ഒരു ബോട്ട് വാടകയ്ക്കെടുത്താണ് റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടറും ക്യാമറമാനും ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിരോധിതമേഖലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
കപ്പലുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കര്‍ശന വിലക്ക്
അതേസമയം കേരള തീരത്ത് അടുക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ടെന്ന് കൊച്ചി പോലീസും വ്യക്തമാക്കി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കി. കൊച്ചി ഡിസിപിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്കിയത്.
നിലവില്‍ വിവിധ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ ഇതിനെ കാണുന്നത്. നിര്‍ദേശം ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരും.
വന്‍ തുക പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ നിരന്തര നിരീക്ഷണത്തിലായിരിക്കും ഇനി തീരപ്രദേശങ്ങള്‍. പൂര്‍ണ്ണമായ സഹകരണം ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.


