- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ രണ്ട് വൈസ്ചാൻസലർമാർ കൂടി പുറത്തേക്ക്; കാലടി സർവകലാശാല വി സിയെ നിയമിച്ചത് സർക്കാർ നൽകിയ ഒറ്റപ്പേര് അംഗീകരിച്ച്; കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം മന്ത്രി ബിന്ദുവിന്റെയും മുഖ്യമന്ത്രിയുടെയും ആവശ്യപ്രകാരം; രണ്ടുപേരെയും പുറത്താക്കാൻ സുപ്രീംകോടതി വിധിയോടെ ഗവർണർക്ക് അധികാരമായി; ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ ശക്തനാവുമ്പോൾ
തിരുവനന്തപുരം : യുജിസി ചട്ടപ്രകാരമല്ല നിയമനമെന്ന് കണ്ടെത്തി, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ രണ്ട് വൈസ്ചാൻസലർമാർക്കു കൂടി പുറത്തേക്കുള്ള വഴിയൊരുങ്ങി. യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്ക് ഒരു പാനൽ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നൽകിയതെന്ന് കണ്ടെത്തായാണ് സുപ്രീംകോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സമാനമായ നിയമനങ്ങളാണ് സംസ്‌കൃതം, കണ്ണൂർ സർവകലാശാലകളിൽ നടന്നിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് സംസ്‌കൃത സർവകലാശാലയുടെ വി സിയായി കാലിക്കറ്റ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്‌കൂൾ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായിരുന്ന ഡോ. എം വി നാരായണനെ ചാൻസലർ നിയമിച്ചത്. നിയമനത്തിന് പാനൽ നൽകാതെ ഡോ.നാരായണന്റെ പേരു മാത്രമാണ് സർക്കാർ നൽകിയത്. ഇത് അംഗീകരിച്ചായിരുന്നു നിയമനം. സമാനമായിരുന്നു കണ്ണൂർ വി സിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതും.
വി സി നിയമനത്തിന് രൂപീകരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കിയാണ് സർക്കാരിന്റെ ആവശ്യപ്രകാരം ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത്. പുനർനിയമനത്തിൽ തനിക്ക് പങ്കില്ലെന്നും, നിയമപ്രകാരം കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറെ കണ്ടെത്താൻ രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനവും നടപടികളും അവസാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എന്നിവരുടെ ഇടപെടലിനെയും ഇതിനെ പിന്തുണച്ചുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെയും തുടർന്നാണെന്നും ഗവർണർ പത്രക്കുറിപ്പിറക്കിയിരുന്നു.
സ്വന്തം ജില്ലയിലെ സർവകലാശാലയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പലവട്ടം നിർബന്ധിച്ചതിനാലാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി നിയമനം നൽകിയതെന്നും ആ തീരുമാനം തെറ്റായിപ്പോയെന്നും ഗവർണർ പത്രസമ്മേളനത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം ഗോപിനാഥ് രവീന്ദ്രന് വി സി നിയമനത്തിൽ വെയ്‌റ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നു.
പിന്നീട് രാജ്ഭവനിലെത്തിയ പാനലിൽ ഗോപിനാഥ് രവീന്ദ്രന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് ഉന്നതവിദ്യാഭ്യാസമന്ത്രി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം സെർച്ച് കമ്മിറ്റി റദ്ദാക്കാൻ കത്ത് നൽകി. മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദമുണ്ടാവുന്നു. സുപ്രീംകോടതി ഉത്തരവ് വന്നതോടെ രണ്ട് വി സിമാരെയും ഹിയറിങ് നടത്തിയ ശേഷം പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ട്.
കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ
കഴിഞ്ഞ നവംബർ 23 നാണ് കണ്ണൂർ വിസിയുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഒക്ടോബർ 27നുതന്നെ പുതിയ വി സിയെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനമിറക്കി. നവംബർ ഒന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.ചീഫ്‌സെക്രട്ടറിയും വി സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കി.
ഈ നടപടികൾ പുരോഗമിക്കവേ നവംബർ21ന് രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കെ.കെ.രവീന്ദ്രനാഥ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം അദ്ദേഹം അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഇക്കാര്യമറിയിച്ച് കത്ത് നൽകുമെന്നും അറിയിച്ചു.
പുനർനിയമനത്തിൽ ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിയമപരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയം. സെലക്ഷൻ നടപടികൾ പുരോഗമിക്കവേ ഇത്തരമൊരു ആവശ്യം നിയമപരമായി അംഗീകരിക്കാനാവാത്തതാണെന്ന് ഗവർണർ നിലപാടെടുത്തു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ഏത് നിയമപരിശോധനയിലും നിയമപരമായി നിലനിൽക്കുന്നതാണെന്നും നിയമോപദേശകൻ പറഞ്ഞു.
സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഏതാനും പേപ്പറുകൾ അദ്ദേഹം കാട്ടി. ഒപ്പിടാത്ത ഈ പേപ്പറുകളുടെ ആധികാരികത എന്താണെന്ന് ഗവർണർ ചോദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണെന്ന് പറഞ്ഞ നിയമോപദേശകൻ, പുനർനിയമനത്തിനുള്ള സർക്കാരിന്റെ ആവശ്യം പരിഗണിക്കണമെന്ന് നിർബന്ധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലുമില്ലാത്ത ഉപദേശത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഗവർണർ പറഞ്ഞപ്പോൾ, ഒപ്പും സീലുമുള്ള നിയമോപദേശം ഉടൻ ഹാജരാക്കാമെന്നായിരുന്നു നിയമോപദേശകന്റെ മറുപടി.
പുനർനിയമനത്തിന് നിയമപരമായി തടസമില്ലെന്നും കണ്ണൂർ യൂണിവേഴ്‌സിറ്റി ആക്ടിൽ വി സിയുടെ പ്രായപരിധി അറുപത് വയസാണെങ്കിലും യുജിസി മാനദണ്ഡത്തിൽ ഇങ്ങനെയില്ലെന്നും അഡ്വക്കേറ്റ് ജനറലിന്റെ എട്ടുപേജുള്ള നിയമോപദേശത്തിലുണ്ടായിരുന്നു. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായതിനാൽ സർവകലാശാലാ ചട്ടം നിലനിൽക്കില്ല. ഗവർണർ പുനർനിയമന ശുപാർശ അംഗീകരിക്കുകയാണെങ്കിൽ, സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്നും പ്രോചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുനർനിയമനത്തിന് ശുപാർശ നൽകാൻ അനുവദിക്കണമെന്നും എ.ജിയുടെ ഉപദേശത്തിലുണ്ടായിരുന്നു.
എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഫയലിൽ നടപടി തുടരുകയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ സ്വീകരിക്കാൻ ഗവർണർ സമ്മതിക്കുകയുമായിരുന്നു. 27ന് ഇറക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കാനും പുനർനിയമനത്തിന് ശുപാർശ നൽകാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാനും ഗവർണർ എടുത്ത തീരുമാനം അറിയിച്ച് അന്ന് വൈകിട്ട് നാലരയ്ക്ക് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
വി സിയാകാനുള്ള അപേക്ഷ സ്വീകരിക്കാനിറക്കിയ വിജ്ഞാപനം പിൻവലിച്ചതായി അറിയിച്ച് അന്ന് രാവിലെ 10.10ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്ത് രാജ്ഭവനിലെത്തിയിരുന്നു. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ പ്രോ ചാൻസലറെന്ന നിലയിൽ മന്ത്രി ശുപാർശ ചെയ്തു. ഇതുപ്രകാരം 23ന് പുനർനിയമനത്തിന് രാജ്ഭവൻ വിജ്ഞാപനമിറക്കി. ഗവർണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഒരു പേര് ശുപാർശ ചെയ്യുക മാത്രമാണ് മന്ത്രി ചെയ്തതെന്ന വാദം സത്യവിരുദ്ധമാണ്. അതുവരെ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും- ഗവർണർ വിശദീകരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്