- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൺമുന്നിൽ സാക്ഷാൽ മോദിജി വന്നിട്ടും ഒന്നും മൈൻഡ് ചെയ്യാതെ കടന്നൽ കുത്തിയ മുഖഭാവത്തിൽ നിന്ന ആർ ശ്രീലേഖ; നാസ ദൗത്യം അവസാനിപ്പിച്ച് കോഴിക്കോട് മണ്ണിൽ പറന്നിറങ്ങിയ സുനിത വില്യംസും; ഒരൊറ്റ അടിക്കുറിപ്പിൽ മറുപടിയുമായി ശാരദക്കുട്ടി; രണ്ട് ഫ്രെയിമുകളും പറയാൻ ശ്രമിക്കുന്നതെന്ത്?

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടിയുടെ സമൂഹ മാധ്യമങ്ങളിലെ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയതിന് പിന്നാലെ, പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ കാണിച്ചതായി പ്രചരിച്ച 'അസംതൃപ്തി'ക്ക് വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലറും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ രംഗത്തെത്തി. ബഹിരാകാശ സഞ്ചാരി സുനിത വില്യംസും നടി ഭാവനയും തമ്മിലുള്ള കണ്ടുമുട്ടലിന്റെ ആഹ്ലാദകരമായ ചിത്രവും പ്രധാനമന്ത്രിയുടെ വേദിയിൽ നിന്നുള്ള തന്റെ ചിത്രവും താരതമ്യം ചെയ്താണ് ശാരദക്കുട്ടി കുറിപ്പ് പങ്കുവെച്ചത്.
'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ' എന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ വരികൾ അടിക്കുറിപ്പായി നൽകിയാണ് ശാരദക്കുട്ടി രണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ.എൽ.എഫ്) സുനിത വില്യംസും ഭാവനയും തമ്മിലുള്ള സന്തോഷം നിറഞ്ഞ കൂടിക്കാഴ്ചയുടെ ചിത്രമായിരുന്നു ആദ്യത്തേത്.
രണ്ടാമത്തേത്, തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തിൽ 'അസംതൃപ്തയായി' കാണപ്പെട്ട ആർ. ശ്രീലേഖയുടെ ചിത്രവുമായിരുന്നു. അതിരുകൾ അതിലംഘിച്ച് നേടിയ വിജയത്തിന്റെ സംതൃപ്തിയും ആത്മവിശ്വാസവുമാണ് ഒരു ചിത്രത്തിൽ കാണുന്നതെന്നും, രണ്ടാമത്തേതിൽ അസംതൃപ്തിയുടെ അസഹ്യതയാണെന്നും ശാരദക്കുട്ടി തന്റെ കുറിപ്പിൽ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപത്തേക്ക് വേദിയിലുണ്ടായിട്ടും താൻ പോകാതിരുന്നതുമായി ബന്ധപ്പെട്ടാണ് ആർ. ശ്രീലേഖ വിശദീകരണം നൽകിയത്. 33 വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ, വി.വി.ഐ.പി. ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് അവിടെ കാണിച്ചതെന്ന് അവർ വ്യക്തമാക്കി. അടുത്തേക്ക് ക്ഷണിച്ചാൽ അല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വി.വി.ഐ.പി. പ്രവേശന കവാടത്തിലൂടെ വരികയും അതേ വഴി തിരികെ പോകുകയും ചെയ്യുമ്പോൾ താനും ആ വഴി പോകുന്നത് ശരിയല്ലെന്ന് കരുതിയാണ് തന്റെ സ്ഥാനത്ത് തുടർന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബി.ജെ.പി.യുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ് തനിക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചത്. രാഷ്ട്രീയം തനിക്ക് പുതിയതാണെന്നും, താൻ എപ്പോഴും ബി.ജെ.പിക്ക് ഒപ്പമാണെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് മുൻ പൊലീസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.


