പത്തനംതിട്ട: സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസൽക്കാരത്തിനിടെ തമ്മിലടിച്ച മൂന്നു പൊലീസ് ഉദ്യോഗസ്ഥരിൽ രണ്ടു പേർക്കെതിരേ മാത്രം നടപടിയെടുത്തത് പൊലീസ് സേനയിൽ അമർഷത്തിന് കാരണമാകുന്നു. എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്നിവർ സസ്പെൻഷനിലായപ്പോൾ അടിപിടിക്ക് നേതൃത്വം നൽകിയ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ നടപടിയില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇയാൾക്കെതിരേ എസ്‌പിക്ക് നടപടിയെടുക്കാൻ കഴിയാത്തതിനാൽ ദക്ഷിണമേഖലാ ഐജിക്ക് റിപ്പോർട്ട് അയച്ചിരുന്നുവെന്നാണ് പറയുന്നത്. സംഭവം നടന്ന് നാലു ദിവസമായിട്ടും ഇയാൾക്കെതിരേ ഒരു നടപടിയുമുണ്ടാകാത്തത് പൊലീസ് സേനയിൽ അതൃപ്തിക്ക് കാരണമായി.

പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ ഗിരി, ഡ്രൈവർ എസ്. സി.പി.ഓ സാജൻ എന്ന് അറിയപ്പെടുന്ന ജോൺ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ.ആർ. ക്യാമ്പിലെ മുൻ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ (എം ടി.ഓ) അജയകുമാറിനെതിരേ നടപടിക്ക് എസ്‌പി ശിപാർശ ചെയ്ത് റിപ്പോർട്ട് ഡി.ഐ.ജിക്ക് കൈമാറിയെന്നും പറയുന്നു.

മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ (എം ടി.ഐ) ആയി സ്ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സൽക്കാരം ബുധനാഴ്ച മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. അജയകുമാറും ജോൺ ഫിലിപ്പും ചേർന്ന് എഎസ്ഐ ഗിരിയെ മർദിക്കുകയായിരുന്നു. ജില്ലയിലെ പൊലീസ് വാഹനങ്ങളുടെ ചുമതല മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ എന്നിവയുടെയൊക്കെ ബിൽ സമർപ്പിക്കുന്നത് ഇദ്ദേഹമാണ്.

അടുത്തിടെ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബിൽ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സൽക്കാരത്തിന്റെ ലഹരിയിലായിരുന്നവർ വാക്കേറ്റം ഉണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥന്റെ ബന്ധുവിന്റെ തട്ടയിലുള്ള പമ്പിൽ നിന്നാണ് പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ഇതിന് കമ്മിഷൻ ഇനത്തിൽ അജയകുമാർ തന്റെ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.

ഡീസൽ അടിച്ച ബില്ലിൽ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച് ഇൻഡന്റ് സഹിതം ക്യാമ്പിലെ അസി. കമാൻഡന്റിന് ജോൺഫിലിപ്പ് പരാതി നൽകിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇൻഡന്റ് ജോൺ ഫിലിപ്പ് മോഷ്ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നൽകി. രണ്ടു പേർക്കും പണി കിട്ടുമെന്നായപ്പോൾ പരാതി പിൻവലിച്ച് രമ്യതയിലെത്തി. ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേർന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്തത്. അടിയും അസഭ്യ വർഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു.

ഈ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന ബുധനാഴ്ച രാത്രി തന്നെ ഗിരിയെയും സാജനെയും സസ്പെൻഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഉത്തരവിട്ടു. അജയകുമാറിനെതിരേ റിപ്പോർട്ടും അയച്ചു. ആദ്യം ഇയാളെ പുതിയ തസ്തികയിൽ ചുമതലയേൽക്കാൻ അനുവദിച്ചില്ലെന്നാണ് വിവരം പുറത്തു വന്നിരുന്നത്. പിന്നീട് പൊലീസ് ഉന്നതർ ഇടപെട്ട് ഇയാളെ നടപടിയിൽ നിന്നും രക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിനും സാധ്യതയുണ്ട്.

പത്തനംതിട്ട എആർ ക്യാമ്പിൽ അടുത്തിടെയായി മദ്യപിച്ചുള്ള അടികൂടൽ പതിവായിരിക്കുകയാണ്. ഇതിന് മുൻപും മെസിൽ വച്ച് അടിയുണ്ടാക്കിയ ഉദ്യോഗസ്ഥരെ സസപെൻഡ് ചെയ്തിരുന്നു.