ശ്രീനഗര്‍: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനമിറങ്ങിയതോടെ ജമ്മു കശ്മീരിലെ സുരക്ഷാ നീക്കങ്ങള്‍ അതിവേഗം ശക്തമാവുകയാണ്. ബാരമ്മുലയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട് തീവ്രവാദികളെ വധിക്കുകയും ചെയ്തതിന് പിന്നാലെ, ഇന്ത്യ ശക്തമായ സൈനിക പ്രതികരണത്തിലേയ്ക്ക് നീങ്ങുകയാണ്.

ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികള്‍ വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു. ഭീകരരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്ഥാനില്‍ തീവ്രവാദ പരിശീലനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഷെല്‍ ആക്രമണങ്ങള്‍ തുടങ്ങുകയും അധിനിവേശ കാശ്മീരിലെ ചില ഗ്രാമങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ജനങ്ങളെ മാറ്റി തുടങ്ങുകയും ചെയ്തതോടെ, അടുത്തുള്ള ദിവസങ്ങളില്‍ ഒരു വമ്പന്‍ സംഘര്‍ഷത്തിന് വാതില്‍ തുറക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷയില്‍ ഭയന്ന് ഇസ്ലാമാബാദ്.

പഹല്‍ഗാമില്‍ നടന്ന രൂക്ഷമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. അതില്‍ 26 പേര്‍ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നത് രാജ്യത്തെ സുരക്ഷാ സംവിധാനത്തിനു വലിയ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നു.

ഉറിയില്‍ ഉണ്ടായ ഈ സൈനികപ്രതികരണം ഭീകരശക്തികളോട് നിര്‍ഭയമായ പ്രതികരണമായാണ് കാണുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ജാഗ്രതയോടെ മുന്നേറ്റം തുടരുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.