- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്തിയത് രണ്ടു ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിമാര്‍; ലോകമെങ്ങും നിന്നും വിഐപികള്‍; ഏഴു മാസം നീണ്ട കല്യാണം നടത്തി ലോകത്തെ ഞെട്ടിച്ച് അംബാനി കുടുംബം
ലണ്ടന്‍: വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നത് പഴയ ബൈബിള്‍ വചനവാക്യമായാണ് പറയപ്പെടുന്നത്. യഹൂദ മതത്തിലും ജൂത സാഹിത്യത്തിലും ഒക്കെ ഈ പരാമര്‍ശം നിറഞ്ഞു നില്‍ക്കുകയാണ്. കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഗര്‍ഭം ധരിക്കപ്പെടുമ്പോള്‍ തന്നെ അവന്റെ സഖിയും ഇണയും ആയി മാറേണ്ടത് ആരാണ് എന്ന് വിലയിരുത്തപ്പെടുന്നത് സ്വര്ഗ്ഗത്തിലാണത്രെ. ഇതുകൊണ്ടാണ് വിവാഹം സ്വര്‍ഗത്തില്‍ നടന്നു കഴിഞ്ഞു എന്ന പരാമര്‍ശം ആദിമകാലം മുതലേ കേട്ടു തുടങ്ങിയത്. അതെന്തായാലും ഇപ്പോള്‍ ഒരു കല്യാണം ഭൂമിയില്‍ സ്വര്‍ഗീയ കാഴ്ചകള്‍ സൃഷ്ടിച്ചു ഏകദേശം 5000 കോടി രൂപ ചിലവില്‍ നടന്നു കഴിഞ്ഞു.
അതിനാല്‍ സ്വര്‍ഗത്തില്‍ തീരുമാനിക്കപെടുന്ന കല്യാണത്തെ സ്വര്‍ഗത്തെ താഴെയിറക്കി സാക്ഷാല്‍ക്കരിച്ചു എന്നൊക്കെ വേണമെങ്കിലും മുംബൈയില്‍ ഏഴു മാസം കൊണ്ട് പൂര്‍ത്തിയായ അനന്ത് അംബാനി രാധിക മര്‍ച്ചന്റ് വിവാഹത്തെ വിശേഷിപ്പിക്കാം. രണ്ടു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ അടക്കം ലോകത്തു സമ്പത്തും അധികാരവും ഉള്ളവരൊക്കെ ഒന്നിച്ചു കൂടിയ വിവാഹ മാമാങ്കം എന്നത് പഴയകാല രാജകീയ വിവാഹങ്ങളെയാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇപ്പോള്‍ മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന ചടങ്ങുകള്‍ക്ക് ഒടുവിലാണ് വിവാഹത്തിന് തിരശീല വീണിരിക്കുന്നത്.
ലോകമെങ്ങും വാര്‍ത്താ മാധ്യമങ്ങള്‍ മറ്റ് തിരക്കുകള്‍ ഒഴിവാക്കി ആളും അര്‍ത്ഥവും ഒഴുകിയ ഈ വിവാഹ വിശേഷം പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ മുംബൈ വെഡിങ് എന്ന വിളിപ്പേരിലാണ് അംബാനി കല്യാണം ഇപ്പോള്‍ അറിയപ്പെടുന്നത്. ഇന്ത്യ ഉപഗ്രഹങ്ങള്‍ തുടരെ തുടരെ വിക്ഷേപിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ കുശുമ്പ് പാശ്ചാത്യ ലോകത്തിനു തോന്നാനും ഈ കല്യാണമേളം വഴി ഒരുക്കും എന്ന് തീര്‍ച്ചയാണ്. ഇന്ത്യ പട്ടിണി പാവങ്ങളുടെയും പാമ്പാട്ടികളുടെയും നാടെന്ന ഇമേജ് ഇന്നും ബ്രിട്ടന് അടക്കമുള്ള രാജ്യങ്ങളില്‍ വേര് പിടിച്ചു നില്ക്കുമ്പോള് തന്നെയാണ് ലോകത്തെ ഏറ്റവും ചിലവേറിയ കല്യാണം നടത്തി ഇന്ത്യ കോടീശ്വരന്മാരുടെ നാടുകൂടിയാണ് എന്ന പഴയകാല പ്രൗഢി തിരിച്ചു പിടിക്കുന്നത്.
സോഷ്യല്‍ മീഡിയ ഒരു ഭാഗത്തു വെറും ആഡംബരം അല്ലെ നടത്തിയത് എന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ അയ്യായിരം കോടി രൂപയും വിപണിയിലേക്ക് ഒഴുകി എത്തിയത് വഴി എത്രയോ ആയിരം മനുഷ്യര്‍ക്കാകും അതിന്റെ ഗുണം കിട്ടിയിരിക്കുക എന്ന വിശകലനം നടത്തുന്നവരും ഏറെയാണ്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ആഡംബര വിവാഹം എന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വരെ വിശേഷിപ്പിക്കുന്നത്.
പൂര്‍ണമായും പരമ്പരാഗത ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളാണ് വിദേശത്തുള്ള അതിഥികള്‍ അടക്കമുള്ളവരെ സാക്ഷികളാക്കി അനന്തും രാധികയും ഒന്നായി മാറിയ വിവാഹത്തില്‍ നിറഞ്ഞു നിന്നത്. ബ്രിട്ടനില്‍ നിന്നും ടോണി ബ്ലെയര്‍, ബോറിസ് ദമ്പതികളെ കൂടാതെ സ്റ്റാര്‍ ഐക്കണുകളായ ഡേവിഡ് ബെക്കാം, വിക്ടോറിയ ദമ്പതികള്‍ എത്തിയതും വന്‍ ശ്രദ്ധ പിടിച്ചു പറ്റി.
ശ്രദ്ധ നേടി ബോറിസും പത്നി കാരിയും
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ബോറിസ് ജോണ്‍സണും കുടുംബസമേതം പങ്കെടുത്തപ്പോള്‍ കൂടുതല്‍ ശ്രദ്ധ കിട്ടിയത് ബോറിസിനും പത്നിക്കുമാണ്. ക്രീം സില്‍വര്‍ കളര്‍ ഇന്ത്യന്‍ ലെഹങ്കയില്‍ അതി സുന്ദരിയായി എത്തിയ കാരിയെ കണ്ടു ക്യാമറ കണ്ണുകള്‍ തുരു തുരെ മിന്നിയത് ബ്രിട്ടീഷ് മാധ്യമങ്ങളിലും എത്തിക്കഴിഞ്ഞു. 60കാരനായ ബോറിസിനൊപ്പം 36കാരിയായ കാരി ചുവട് വച്ചപ്പോള്‍ നവ വധുവിനെ പോലെ സുന്ദരിയായി എന്നുവരെ മാധ്യമ വിശേഷണമെത്തി. മൂന്നു മക്കളുടെ അമ്മയായ കാരി അഴകില്‍ നിറഞ്ഞാണ് 16,000 പേര് തടിച്ചു കൂടിയ ജിയോ കണ്വന്ഷന് സെന്ററിലേക്ക് ചുവട് വച്ചത്.
ഇളയ മകന് ഒരു വയസ് മാത്രം പ്രായം ആയേ ഉള്ളുവെങ്കിലും മക്കളെയും കൂട്ടിയാണ് ദമ്പതികള്‍ ഇന്ത്യയില്‍ വിവാഹ ചടങ്ങിന് എത്തിയത്. നാലുവയസുള്ള വില്‍ഫ്, രണ്ടു വയസുള്ള റോമി, ഒരു വയസു മാത്രം പ്രായമായ ഫ്രാങ്ക് എന്നിവരും ഇന്ത്യന്‍ വസ്ത്രങ്ങള്‍ തന്നെയാണ് വിവാഹത്തില്‍ അണിഞ്ഞത്. എന്നാല്‍ ബോറിസ് പ്രീമിയം സ്യുട്ടില്‍ ആണ് പ്രത്യക്ഷപ്പെട്ടത്. സ്വന്തം വീട്ടിലെ ചടങ്ങു പോലെ രാത്രി നടന്ന വിരുന്നില്‍ ബോറിസ് നാലുവയസുകാരന് മകനുമായി നൃത്തം ചവിട്ടിയതും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. സല്‍ക്കാരം പൊടിപൊടിച്ചതോടെ മകനെ തോളില്‍ ഇരുത്തിയാണ് ബോറിസ് ചുവടുകള്‍ വച്ചത്. പ്രധാന വിവാഹ ചടങ്ങില്‍ എത്തിയപ്പോള്‍ ഒരു വയസുള്ള ഇളയ കുഞ്ഞിനെ മാതൃക അപ്പന്റെ റോളില്‍ കൈയില്‍ ഒതുക്കാനും ബോറിസ് ശ്രദ്ധ കാട്ടിയത് കാണികള്‍ക്ക് കൗതുകമായി.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യ ചെറിയും അടക്കമുള്ള അതിഥികള്‍ മറ്റു പ്രധാന വിരുന്നുകാരോടൊക്കെ അടുത്തിടപഴകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.