അടൂർ: സിപിഎം ഏരിയാ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം എസ്എഫ്ഐ ഏരിയാ കമ്മറ്റി ഭാരവാഹികളായ സഹോദരങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ സ്റ്റേഷനിൽ കയറ്റി ക്രൂരമായി മർദിച്ച പൊലീസ് ഇൻസ്പെക്ടർ റിട്ടയർമെന്റ് അടുത്തപ്പോൾ അവരുടെ കാലു പിടിച്ച് തനിക്കെതിരായ കേസ് പിൻവലിക്കാൻ അപേക്ഷിക്കുന്ന സംഭാഷണം പുറത്ത്. അടൂരിലെ എസ്എഫ്ഐ നേതാക്കളായിരുന്ന കണ്ണങ്കോട് ഹാഷിം മൻസിലിൽ ഹാഷിം (27), സഹോദരൻ ഹാഷിക് (23) എന്നിവരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ മുൻ ഇൻസ്പെക്ടറും നിലവിൽ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ യു. ബിജുവിന്റെ ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്.

അടൂരിൽ ഇൻസ്പെക്ടർ ആയിരിക്കുമ്പോൾ 2020 മാർച്ച് 20 ന് വൈകിട്ടാണ് സഹോദരങ്ങളെ സ്റ്റേഷനിൽ കയറ്റി പൊലീസുകാരായ വൈ. ജയൻ, ഗണേശ് ഗോപാൽ, വിനോദ് എന്നിവരുടെ സഹായത്തോടെ ക്രൂരമായി മർദിച്ചത്. മർദനമേറ്റ് ഹാഷികിന്റെ കേഴ്‌വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഇതിനെതിരേ മജിസ്ട്രേറ്റ് എടുത്ത മൊഴി പ്രകാരം കോടതിയിൽ സ്വകാര്യ അന്യായം, പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി എന്നിവ നിലനിൽക്കുന്നുണ്ട്. രണ്ടു മാസത്തിന് ശേഷം ബിജു വിരമിക്കുകയാണ്.

ഈ പരാതികളെല്ലാം നിലനിൽക്കുന്നത് തന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാൻ തടസമാകുമെന്നും ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മനസിലാക്കിയാണ് ബിജു കാലുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഡി.വൈ.എഫ്്ഐ നേതാവായിരുന്ന ജോയൽ എന്ന ചെറുപ്പക്കാരനെ ഇതേ പോലെ സ്റ്റേഷനിൽ വച്ച് മർദിക്കുകയും ആറു മാസത്തിന് ശേഷം അയാൾ മരിക്കുകയും ചെയ്തു. ഇതിനെതിരേ പരാതിയുമായി എത്തിയ ജോയലിന്റെ പിതൃസഹോദരിയെ മർദിച്ചതടക്കമുള്ള കേസിൽ ബിജു പ്രതിയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരുന്ന കേസിലും ബിജു കുടുങ്ങാൻ സാധ്യതയുണ്ട്.

കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഡിവൈഎഫ്ഐ നേതാവ് ജയസൂര്യ പ്രകാശിന്റെ ഡ്രൈവർ ആയിരുന്നു ജോയൽ. തട്ടിപ്പിന് പിന്നിൽ അടൂരിലെ ജില്ലാ സെക്രട്ടറിയേറ്റംഗം അടക്കം മൂന്നു പേർക്കുള്ള പങ്ക് ജോയലിന് അറിയാമായിരുന്നു. ജയസൂര്യ അറസ്റ്റിലായതിന് പിന്നാലെ ഈ രഹസ്യം അറിയാവുന്ന ജോയൽ തങ്ങളുടെ പങ്ക് പുറത്തു പറയുമെന്ന് ഭയന്ന് ബിജുവിനെ ഉപയോഗിച്ച് മർദിച്ച് കൊല്ലുകയായിരുന്നുവെന്ന് കാട്ടിയാണ് പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയതും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതും. ഈ വിഷയത്തിലും പ്രധാന ആരോപണ വിധേയൻ അന്നത്തെ ഏരിയാ സെക്രട്ടറി എസ്. മനോജ് ആണ്.

ഹാഷിമിനും സഹോദരനും സംഭവിച്ചത് ഇത്...

2020 മാർച്ച് 20 ന് വൈകിട്ട് സുഹൃത്തായ സന്തു വിളിച്ചത് അനുസരിച്ചാണ് ഹാഷിം അടൂർ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നത്. സഹോദരൻ ഹാഷിക് മറ്റെന്തോ ആവശ്യത്തിന് സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്നു. ഇരുവരും സംസാരിച്ച് നിൽക്കുമ്പോൾ ഇൻസ്പെക്ടർ യു. ബിജു അവിടേക്ക് ചെന്നു. നീ എന്തിനാ ഇവിടെ വന്നത്? നേരത്തേ വന്നിട്ടുണ്ടോയെന്ന് ഇൻസ്പെക്ടർ ഹാഷിമിനോട് ചോദിച്ചു. വിദ്യാർത്ഥി സംഘടനാ നേതാവായ താൻ ഇൻസ്പെക്ടർ ആളു മാറി രണ്ട് കുട്ടികളെ അടിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച അവിടെ ചെന്നിരുന്നുവെന്ന് പറഞ്ഞു. നീ ഇങ്ങോട്ട് വന്നേ എന്ന് പറഞ്ഞ് ഇൻസ്പെക്ടർ വിളിച്ചു. അടുത്തേക്ക് ചെന്നപ്പോൾ തോളിൽ കൈയിട്ട് അകത്തേക്ക് വലിച്ചു കൊണ്ടു പോയി.

ഇതു കണ്ടു കൊണ്ട് ഹാഷിക് നിലവിളിച്ചു കൊണ്ട് ഇവരുടെ അടുത്തേക്ക് ഓടിച്ചെന്നു. തുടർന്ന് രണ്ടു പേരെയും അകത്താക്കി സ്റ്റേഷന്റെ മുൻവശത്തെ ഗ്രിൽ വലിച്ചടച്ചു. പിന്നെയാണ് മർദനം നടന്നത്. സിസിടിവി നോട്ടം എത്താത്ത സിഐയുടെ ഓഫീസിന് മുന്നിലെ കോറിഡോറിൽ ഇട്ട് സഹോദരങ്ങളെ ക്രൂരമായി മർദിച്ചു. ബിജു ഒരു കസേര എടുത്ത് ഹാഷിമിന്റെ തലയ്ക്ക് അടിച്ചു. പൊലീസുകാർ ചേർന്ന് ഹാഷിക്കിന്റെ തല ഭിത്തിയിൽ വച്ച് ഇടിച്ചു. പിന്നാലെ ഇൻസ്പെക്ടർ ഒരു വയർ എടുത്ത് ഹാഷിമിന്റെ കഴുത്തിൽ ചേർത്ത് മുറുക്കി. ശ്വാസം കിട്ടാതെ ചുമച്ചു താഴെ വീണ ഹാഷിമിന്റെ നടുവിൽ ബൂട്ടിട്ട് ചവിട്ടി. പിന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴോളം പൊലീസുകാർ ചേർന്ന് സഹോദരങ്ങളുടെ മുകളിൽ സംഹാര താണ്ഡവമാടി.

ഇൻസ്പെക്ടറെ മർദിച്ചുവെന്നാരോപിച്ച് സഹോദരങ്ങൾക്കെതിരേ കള്ളക്കേസ് ചമച്ചു. വൈദ്യപരിശോധനയ്ക്ക് അടൂർ ജനറൽ ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ ഡോക്ടർമാർ പരുക്കുകൾ കണ്ട് അവിടെ അഡ്‌മിറ്റ് ചെയ്തു. തുടർന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്‌പി മനോജ് അവിടെയെത്തി ഇരുവരെയും റിമാൻഡ് ചെയ്തു. യുവാക്കളുടെ പരുക്ക് കണ്ട് മജിസ്ട്രേറ്റ് ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ സ്വകാര്യ അന്യായം ഇവർ ഫയൽ ചെയ്തിട്ടുണ്ട്.

ബിജു കാലുപിടിച്ചതിങ്ങനെ...(പ്രസക്ത ഭാഗങ്ങൾ)

ഹാഷിമേ..ഞാൻ ബിജുവാണ്..സിഐ..നമ്മൾ തമ്മിൽ യാതൊരു വിരോധവുമില്ലല്ലോ?

ഹാഷിം: പിന്നെന്തിനാണ് ഒരു കേസിൽ പോലും പ്രതിയല്ലാത്ത എന്നെ ആ സ്റ്റേഷന് വെളിയിൽ നിന്ന എന്നെ അകത്തേക്ക് വിളിച്ചു വരുത്തി അങ്ങനെ ചെയ്തത്..

ബിജു: അതെന്ന് പറഞ്ഞാൽ പ്രിവന്റീവ് അറസ്റ്റല്ലേ, ആ ഒരു നടപടിക്രമം അല്ലേ ഉള്ളാരുന്നു. ഹാഷിമിനെ ഒന്നും ചെയ്തില്ലല്ലോ?

ഹാഷിം: നിങ്ങൾ എന്റെ കോളറിന് കുത്തിപ്പിടിച്ച് അകത്തേക്ക് കൊണ്ടു പോയത് എന്തിനായിരുന്നു?

ബിജു: അല്ല, ശരീരത്ത് കൈവച്ചു പ്രിവന്റീവ് അറസ്റ്റ് ...അല്ലെങ്കിൽ അവിടെ പ്രശ്നമുണ്ടാകും. അവിടെ സംഘടിച്ചിരുന്നവർ ഹാഷിമിന്റെ നേതൃത്വത്തിൽ സംഘടിച്ചതല്ലേ?

ഹാഷിം: അവിടെ നിന്നവർ എന്റെ നേതൃത്വത്തിൽ സംഘടിച്ചിവരാണ് എന്നാരു പറഞ്ഞു.

ബിജു: ഞാൻ പാർട്ടിക്കാരോട് ചോദിച്ചപ്പോൾ അവരുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്.

ഹാഷിം: അവരെല്ലാം പാർട്ടിക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. പാർട്ടിയിലെ വലിയ വലിയ നേതാക്കൾ അവിടെ ഉണ്ടായിരുന്നു. അവരുടെ നേതൃത്വത്തിൽ വന്ന പിള്ളാരെങ്ങനെ എന്റെ നേതൃത്വത്തിൽ വന്നതാകുന്നത്.

ബിജു: അവരാണ് പറഞ്ഞത് (പാർട്ടിക്കാർ) അവർ ഞങ്ങൾ പറഞ്ഞാൾ കേൾക്കുന്നവരല്ല, ഹാഷിമിന്റെ ലീഡർഷിപ്പിൽ ഉള്ളവരാണ്. അതു കൊണ്ടാണ് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം കസ്റ്റഡിയിൽ എടുത്തത്.

ഹാഷിം: ഞാനെന്റെ ബിസിനസ് നോക്കി ജീവിക്കുന്നവനാണ്. ഗുണ്ട എന്ന പേര് അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്. നല്ലരീതിയിൽ ബിസിനസ് ചെയ്ത് മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. താനാ കേസ് എടുത്ത് എന്റെ മുകളിൽ വച്ചത് കാരണം എന്റെ ബിസിനസിൽ വന്ന നഷ്ടം എന്താണെന്ന് അറിയാമോ? എത്ര ദിവസം ഹോസ്പിറ്റലിൽ കിടന്നു. തിരിച്ചു വന്നപ്പോഴേക്കും 15 ലക്ഷം മുടക്കിയ സ്ഥാപനം തകർന്നു. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി, അല്ലെങ്കിൽ രാഷ്ട്രീയക്കാര് സംഭവങ്ങൾക്ക് വേണ്ടി എന്നെ ബലിയാടാക്കുകയായിരുന്നു
(ബിജു മൗനം) പാർട്ടിയിലുള്ള, എന്നെ ഇഷ്ടപ്പെടാത്ത ആൾക്കാരുണ്ടെങ്കിൽ അവർക്ക് വേണ്ടി അന്ന് സെർവന്റ് പണി എടുക്കുകയായിരുന്നു നിങ്ങൾ. അതല്ലേ അന്നവിടെ നടന്നത്. ഇത് മനസിലാക്കാതിരിക്കാൻ പൊട്ടനൊന്നുമല്ല, ഞാൻ. എനിക്കും അത്യാവശ്യം കാര്യങ്ങൾ അറിയാം. എന്തൊക്കെയാ നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ട്.
എന്റെ അനിയൻ ചെക്കന്റെ ചെവിക്കിപ്പോഴും വേദനയാണ്. ഒരു ചെവിക്ക് അവന് കേൾവിക്കുറവുണ്ട്. അതറിയാമോ?

ബിജു: ഹാഷിമുമായി എനിക്കെന്തെങ്കിലും വിരോധമുണ്ടോ? അന്നവിടെ സംഘടിച്ചവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് സിപിഎമ്മിന്റെ നേതാക്കൾ പറഞ്ഞു. അവർ പറഞ്ഞാൽ കേൾക്കില്ലെന്നും പറഞ്ഞു.

ഹാഷിം: അവർ പറഞ്ഞാൽ കേൾക്കില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. അവിടെ ഉണ്ടായിരുന്നത് മുഴുവൻ ഡിവൈഎഫ്ഐക്കാരും പാർട്ടിക്കാരുമാണ്. നിങ്ങൾ സർവീസിലിരുന്ന സമയത്ത് ആക്ഷൻ ഹീറോ ബിജു കളിച്ചു.

ബിജു: നിയമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

ഹാഷിം: നിയമം വിട്ട് പലതും ചെയ്തിട്ടുണ്ട് സാറേ. സാറ് നിയമം വിട്ട് ചെയ്തതിന്റെ എണ്ണമറ്റ കാര്യങ്ങൾ എന്റെ കൈയിലുണ്ട്. സാറ് മണ്ണ് ലോബിയുടെ അടുത്തും എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം.

ബിജു: ഹാഷിം എന്നെ സഹായിക്കണം.ഇതൊരു അപേക്ഷയാണ്.

ഇത് ബിജുവിന്റെ തന്ത്രം...

ഹാഷിമിനെ വിളിച്ച് കാലു പിടിച്ചത് ബിജുവിന്റെ തന്ത്രമാണ്. താൻ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ഹാഷിമിനെ മർദിച്ചില്ലെന്നും ഫോൺ സംഭാഷണത്തിലുടെ പറഞ്ഞ് ഇത് തെളിവായി കോടതിയിലും മറ്റ് അന്വേഷണ ഏജൻസികൾക്ക് മുന്നിലും സമർപ്പിക്കാനുള്ള നീക്കമായിരുന്നു. എന്നാൽ, ഹാഷിം എണ്ണമിട്ട് ബിജുവിന്റെ അതിക്രമങ്ങൾ നിരത്തിയതോടെ ആ നീക്കം പാളി.

സിപിഎം നേതാക്കൾക്ക് വേണ്ടി ഇടിച്ചു കൊന്നത് ജോയലിനെ...

തങ്ങളുടെ രഹസ്യം അറിയുകയും പിന്നീട് തങ്ങളോട് പിണങ്ങുകയും ചെയ്തിട്ടുള്ള ചെറുപ്പക്കാരെ ഇടിച്ചു കൊല്ലാനും ഭീഷണിപ്പെടുത്താനുമാണ് ബിജു എന്ന ഇൻസ്പെക്ടറെ അടൂരിലെ സിപിഎം നേതാക്കൾ ഉപയോഗിച്ചിരുന്നത്. അതിന് തെളിവായിരുന്നു ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണം. ഡിവൈഎഫ്ഐ മേഖലാ ആക്ടിങ് സെക്രട്ടറിയായിരുന്നു എംജെ ജോയൽ. ജോയലിന്റെ മരണകാരണം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായ ക്രൂരമർദനം ആണെന്ന് കാണിച്ച് പിതാവ് ജോയിക്കുട്ടി നിയമപോരാട്ടത്തിലാണ്. ഹൈക്കോടതിയിലും അടൂർ കോടതിയിലും ഇതു സംബന്ധിച്ച് കേസും നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ, ഇൻസ്പെക്ടർ എന്നിവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പരാതി നൽകിയിട്ടുള്ളത്.

കെടിഡിസിയിലും മറ്റും ജോലി തട്ടിപ്പും വിസാതട്ടിപ്പും നടത്തിയ കടമ്പനാട് സ്വദേശിനി ജയസൂര്യ പ്രകാശിന്റെ ്രൈഡവർ ആയിരുന്നു മരണപ്പെട്ട ജോയൽ. ജയസൂര്യയ്ക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, അടൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ജോലി തട്ടിപ്പ് നടത്തി അറസ്റ്റിലായ ജയസൂര്യയെ രക്ഷിക്കാൻ ഇവർ മൂവരും ഇടപെട്ടിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ വിവരങ്ങൾ എല്ലാം അറിയാവുന്നയാളായിരുന്നു ജോയൽ. അതിനായി പൊലീസിനെ ഉപയോഗിച്ച് ജോയലിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

വ്യാജരേഖ ചമച്ച് കെടിഡിസിയിൽ അടക്കം നിയമന ഉത്തരവ് നൽകി മൂന്നുകോടിയോളം തട്ടിയ ജയസൂര്യ പ്രകാശ് എന്ന ഡിവൈഎഫ്ഐക്കാരിയുടെ ഡ്രൈവർ ആയിരുന്നു ജോയൽ. ഏരിയാ സെക്രട്ടറി മനോജും മറ്റ് ജില്ലാ നേതാക്കളുമായി തട്ടിപ്പുകാരിക്ക് അടുത്ത ബന്ധമായിരുന്നു. കൊല്ലം പൊലീസ് ജയസൂര്യയെ അറസ്റ്റ് ചെയ്തപ്പോൾ മനോജ് അടക്കമുള്ളവർ അവിടെയെത്തി തങ്ങളുടെ പേര് പുറത്തു പറയരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. അടൂരിലെ സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. തട്ടിപ്പ് നടത്തിയ പണം ഇവിടെ സംഭാവനയായും നൽകി. ഈ വിവരം അറിയാമായിരുന്ന ജോയൽ അത് മറ്റ് ചിലരോടൊക്കെ സൂചിപ്പിച്ചു. ജോയലിന്റെ വെളിപ്പെടുത്തലുകൾ തങ്ങൾക്ക് എതിരാകുമെന്ന് വന്നതോടെ അടൂർ ഇൻസ്പെക്ടർ ആയിരുന്ന യു. ബിജുവിനെ കൊണ്ട് അയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. കൃത്യം മൂന്നാം മാസം ജോയൽ മരിച്ചു.

ഇതിനെതിരേ ജോയലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ അവർ ഹൈക്കോടതിയിൽ കേസ് നൽകി. കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് വരികയാണ്. ജോയലിന്റെ മാതാപിതാക്കളെ നേരിൽ കേൾക്കണമെന്ന് കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം വ്യാഴാഴ്ച ഇവരെ ഡിജിപി കാണും.

ജോയൽ പാർട്ടിക്ക് ശത്രുവായത് ഇങ്ങനെ

2020 ജനുവരി ഒന്നിനാണ് അടൂർ സിഐ യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചത്. മർദനമേറ്റ് അവശനിലയിലായ ജോയൽ മെയ്‌ 22 ന് മരിച്ചു. ജോയലിന്റെ മരണ കാരണം ലഹരി വസ്തുക്കൾ ഉപയോഗിച്ചതു മൂലമുള്ള ഹൃദയാഘാതമാണെന്ന് പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി. ജോയിക്കുട്ടി മുഖ്യമന്ത്രി മുതൽ താഴേക്ക് അടൂർ ഡിവൈഎസ്‌പിക്ക് വരെയും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി.
കടമ്പനാട് സ്വദേശിയായ ജയസൂര്യ പ്രകാശും തുവയൂർ തെക്ക് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാത്തോട്ടവും ചേർന്ന് കെടിഡി സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താൻ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റർ പാഡിൽ അടിച്ചു നൽകി കോടികൾ തട്ടിയെടുക്കുകയുമാണ് ചെയ്തത്.

2018 ഓഗസ്റ്റിലാണ് ഇരുവരെയും പന്തളം ടൗണിൽ വച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘം കാർ സഹിതം കസ്റ്റഡിയിൽ എടുത്തത്. ജോയലായിരുന്നു ജയസൂര്യയുടെ കാറിന്റെ ഡ്രൈവർ. ജോയലിനെ ഇറക്കി വിട്ട ശേഷം ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ ജയസൂര്യയുടെ കാറിൽ നിന്ന് കെടിഡിസിയുടെ വ്യാജലെറ്റർ പാഡിൽ നിയമന ഉത്തരവും ഉണ്ടായിരുന്നു. ഇതിന് പുറമേ പ്രോമിസറി നോട്ടുകളും പണവും കണ്ടെത്തി. ഇവരുടെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും അറിയാവുന്ന ജോയൽ പിന്നീട് ഈ കേസിൽ നിർണായക സാക്ഷിയാകുമെന്ന് സിപിഎം നേതാക്കൾക്ക് അറിയാമായിരുന്നു.

സോളാർ മോഡൽ തട്ടിപ്പാണ് ജയസൂര്യ നടത്തിയത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലയിലെയും അടൂർ ഏരിയാ കമ്മറ്റിയിലെയും നേതാക്കൾ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നൽകി പരാതികൾ ഓരോന്നായി പിൻവലിപ്പിക്കാനും ശ്രമം നടന്നു. മൂന്നു കോടിയുടെ തട്ടിപ്പാണ് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇവർ നടത്തിയത്. ഇതിന് പുറമേ വിസാ തട്ടിപ്പും ഉണ്ടായിരുന്നു. ലെറ്റർ പാഡ്, ചെയർമാന്റെ സീൽ എന്നിവ വ്യാജമായി നിർമ്മിച്ചാണ് ഇവർ കെടിഡിസിയുടെ നിയമന ഉത്തരവ് തയാറാക്കിയത്. ഉദ്യോഗാർഥികൾ നിയമന ഉത്തരവുമായി കെടിഡിസിയിൽ എത്തിയപ്പോഴാണ് തങ്ങൾക്ക് ശരിക്കും പണിയാണ് കിട്ടിയത് എന്നു മനസിലായത്.

തുടർന്ന് കെടിഡിസി അധികൃതരും പണം നഷ്ടമായ ഉദ്യോഗാർഥികളും കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പഴുതടച്ച് ആരംഭിച്ച അന്വേഷണത്തിൽ ആദ്യം പുറത്തു വന്നത് പ്രതികളുടെ സിപിഎം ബന്ധമാണ്. മൂന്നുവർഷത്തോളം സിപിഎം നേതാക്കളും ജയസൂര്യയും ചേർന്ന് നടത്തിയ മുഴുവൻ സാമ്പത്തിക തട്ടിപ്പുകളുടെയും ജോലി തട്ടിപ്പിന്റെയും വ്യാജരേഖ നിർമ്മാണത്തിന്റെയും വിസാ തട്ടിപ്പിന്റെയും വിവരങ്ങൾ ജോയലിന് അറിയാമായിരുന്നുവെന്ന് പിതാവ് ജോയിക്കുട്ടി പറയുന്നു. ജയസൂര്യയെ ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തിയത് അടൂരിലെ സിപിഎം നേതാക്കളാണ്. താൻ കള്ളക്കേസുകളിൽ കുടുങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ ജോയൽ 2019 അവസാനത്തോടെ ഈ നേതാക്കളുമായി അകന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു.

ഇതോടെ ഫോണിലൂടെയും നേരിട്ടും ഭീഷണി തുടങ്ങി. താൻ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ജോയൽ പാർട്ടിയിലുള്ള കൂട്ടുകാരോടും പറഞ്ഞിരുന്നുവെന്ന് ജോയിക്കുട്ടിയുടെ കത്തിലുണ്ട്. 2020 ജനുവരി ഒന്നിന് രാവിലെ മന്ത്രി എ.സി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ് അംഗമായ ജോസ് ബാബു അടൂർ ടൗണിലുള്ള ജോയലിന്റെ സഹോദരിയുടെ വീട്ടിൽ ഗേറ്റ് ചാടിക്കടന്ന് എത്തുകയും സഹോദരിയുടെ മുമ്പിൽ വച്ച് ജോയലിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ ഞങ്ങളുടെ രഹസ്യം പുറത്തു വിടുമോ? ഞങ്ങൾക്ക് എതിരേ ചെറുവിരൽ അനക്കിയാൽ ഭൂമിക്ക് മുകളിൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. അന്ന് വൈകിട്ടാണ് അടൂർ സിഐയായിരുന്ന യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചത്.