- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ-ഗവർണർ പോരു മുറുകുമ്പോൾ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി സിപിഎം വനിതാ എംഎൽഎ; മലയാളി വേഷം ധരിച്ചെത്തിയ ഗവർണറെ നോക്കി വേഷം നന്നായെന്ന് യു പ്രതിഭ; യോഗത്തിനെത്താൻ അസൗകര്യമുണ്ടെന്ന് പറഞ്ഞു വിട്ടു നിന്നു മന്ത്രി വി ശിവൻകുട്ടി
ആലപ്പുഴ: സർക്കാറും ഗവർണറും തമ്മിലുള്ള പോരു മുറുകുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വാനോളം പുകഴ്‌ത്തി സിപിഎം. വനിതാ എംഎൽഎ. യു. പ്രതിഭ. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ നവതിയാഘോഷച്ചടങ്ങിലാണു പ്രതിഭയുടെ പുകഴ്‌ത്തൽ. ഗവർണറുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും പുകഴ്‌ത്തി കൊണ്ടായിരുന്നു അവരുടെ സംസാരം. ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾ ഗവർണറെ വിമർശിച്ചു കൊണ്ട് രംഗത്തുവരുമ്പോവാണ് പ്രതിഭയുടെ പുകഴ്‌ത്തൽ എന്നതും ശ്രദ്ധേയമാണ്.
എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണു ഗവർണർ പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹത്തിനു പ്രത്യേകശ്രദ്ധയുണ്ട്. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു പറഞ്ഞപ്പോൾത്തന്നെ വേദിയിൽനിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങൾ തിരക്കി. രാഷ്ട്രീയഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്.
മലയാളംപഠിക്കാൻ ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള ഇഷ്ടവും ശ്രദ്ധേയമാണ്. വേദിയിലിരുന്ന ഗവർണറെ നോക്കി വേഷം നന്നായിട്ടുണ്ടന്നും പ്രതിഭ പറഞ്ഞു. ഗവർണർ ചിരിയോടെ നന്ദിപ്രകടിപ്പിച്ചു. ചെട്ടികുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവർണർ വ്യക്തമാക്കി.
ഗവർണർ ഉദ്ഘാടകനായ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയെയും ക്ഷണിച്ചിരുന്നു. എന്നാൽ, യോഗത്തിനെത്താൻ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. ശിവൻകുട്ടി എത്താതിരുന്നത് തിരുവനന്തപുരത്ത് ചില രാഷ്ട്രീയ പ്രശ്‌നങ്ങളുള്ളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എംഎൽഎ.യും ചടങ്ങിൽ പങ്കെടുത്തു.
കുറച്ചു കാലമായി സിപിഎം നേതൃത്വവുമായി അത്ര സുഖത്തിലല്ല പ്രതിഭ. കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോർച്ചയെ കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ഇതിൽ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ ഫേസ്‌ബുക്കിൽ നിന്നും തന്നെ വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായെന്ന് പറഞ്ഞാണ് അവർ വിട്ടു നിന്നത്.
മറുനാടന് മലയാളി ബ്യൂറോ