ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്‌സൈസ് പറയുന്നത്.

കേസില്‍ ആദ്യം ഒമ്പത് പേരെയായിരുന്നു പ്രതി ചേര്‍ത്തത്. പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കനിവടക്കം ഏഴ് പേര്‍ക്കെതിരെ കേസ് നിലനില്‍ക്കാന്‍ സാദ്ധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടിലുളളത്. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നിലനില്‍ക്കൂ. ഒഴിവാക്കിയ പ്രതികള്‍ക്ക് കേസില്‍ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്സൈസ് ഉടന്‍ കുറ്റപത്രവും സമര്‍പ്പിക്കും. കേസില്‍ നിന്ന് ഒഴിവാക്കിയ ഒന്‍പത് പേരുടെയും ഉച്ഛ്വാസ വായുവില്‍ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.

കനിവ് ഉള്‍പ്പെടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ചയുണ്ടായി. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നില്ല. സാക്ഷി മൊഴിയില്‍ അട്ടിമറിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സാക്ഷികള്‍ മൊഴി നല്‍കിയത്. കേസ് അന്വേഷിച്ച കുട്ടനാട് സിഐക്ക് ഗുരുതര വീഴ്ചയുണ്ടായി. പ്രതികളെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര എക്‌സൈസ് വീഴ്ച മൂലമാണെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ സിഐ മഹേഷാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. ഏഴ് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇത് മതിയാവില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. എന്നാല്‍ ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു കനിവ് അടക്കം ഒമ്പത് പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് പ്രതിഭ നല്‍കിയ പരാതിയിലുണ്ടായിരുന്നത്.

എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴി എടുത്തിരുന്നു.

തകഴിയില്‍ നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെയാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍ നിന്ന് പിടികൂടിയതെന്നും എഫ്ഐആറില്‍ പറഞ്ഞിരുന്നു. എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാല്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു എംഎല്‍എ നല്‍കിയ മൊഴി.

ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.