- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാഗതസംഘ യോഗത്തിൽ പോലും മുസ്ലിം വനിതകളെ സംസാരിക്കാൻ അനുവദിച്ചില്ല; സെമിനാർ വേദിയിൽ ഒരൊറ്റ മുസ്ലിം സ്ത്രീ പോലുമില്ല; വനിതാ പ്രാതിനിധ്യം പി. സതീദേവിയിലും ബീനാ ഫിലിപ്പിലും ഒതുങ്ങി; ബിഡിജെഎസ് പങ്കാളിത്തവും വിവാദത്തിൽ; ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?
കോഴിക്കോട്: പരസ്യമായി മുസ്ലിം ലീഗിനെ സിപിഎം വേദി പങ്കിടാൻ ക്ഷണിച്ചതിലൂടെ വിവാദമായ, ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിലും സ്ത്രീ വിരുദ്ധതയെന്ന് സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ. ഈമാസം 15 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സെമിനാർ വേദിയിലേക്ക് ഒരൊറ്റ മുസ്ലിം സ്ത്രീ പോലും എത്തില്ലെന്നാണ് വിവരം. പട്ടികയിലുള്ള രണ്ട് സ്ത്രീകളും സിപിഎം നേതാക്കളാണ്. മുസ്ലിം സ്ത്രീകളെ ഒഴിവാക്കിയതിന് പിന്നിൽ സമസ്ത നേതാക്കളുടെ സാന്നിധ്യമാണോയെന്നാണ് ചോദ്യമുയരുന്നത്.
ആകെ 28 നേതാക്കൾ പങ്കെടുക്കുന്ന സെമിനാറിൽ, ആകെയുള്ളത് രണ്ടേ രണ്ട് സ്ത്രീകൾ മാത്രമാണ്. സിപിഎം നേതാവും വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ പി. സതീദേവിയും ബീനാ ഫിലിപ്പുമാണ് വേദിയിലുണ്ടാകുന്ന സ്ത്രീകൾ. മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരൊറ്റ സ്ത്രീ പോലും സെമിനാറിനില്ല. ലിംഗ സമത്വവും വ്യക്തിനിയമങ്ങളിൽ പരിഷ്കരണവുമൊക്കെ ആവശ്യപ്പെടുന്ന സിപിഎം തന്നെയാണ് ഏകീകൃത സിവിൽ കോഡിനെതിരെ സെമിനാർ നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. സെമിനാർ വേദിയിലെ മുസ്ലിം സ്ത്രീകളുടെ അസാന്നിധ്യവും സിപിഎമ്മിന്റെ ഇരട്ടത്താപ്പായാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കോഴിക്കോട് നടന്ന സ്വാഗതസംഘയോഗത്തിൽ ഡോ ഖദീജാ മുംതാസ് അടക്കമുള്ള വനിതാ പ്രതിനിധികളെ സംസാരിക്കാൻ ക്ഷണിച്ചില്ലെന്നു പരാതിയുണ്ട്. ഇത് സംബന്ധിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിലും ചർച്ച തുടരുന്നുണ്ട്. ദേശീയ സെമിനാറിലും ഡോ ഖദീജാ മുംതാസിനെ സംസാരിക്കാനായി ഇതുവരെ ക്ഷണിച്ചിട്ടില്ല.
മുസ്ലിം വ്യക്തിനിയമങ്ങളിൽ ലിംഗ സമത്വമില്ലെന്ന വിമർശനം നേരത്തെയുണ്ട്. അതിനാൽ ഏകീകൃത സിവിൽ കോഡിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുസ്ലിം സ്ത്രീകളാകുമെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിലാണ് ഏകസിവിൽ കോഡ് വിരുദ്ധ സെമിനാർ വേദിയിൽ ഒരു മുസ്ലിം സ്ത്രീ പോലുമില്ലെന്നത് ശ്രദ്ധേയമാകുന്നത്. സമസ്ത നേതാക്കൾ വേദിയിലുള്ളതുകൊണ്ടാണോ മുസ്ലിം സ്ത്രീകൾക്ക് ഇടം നൽകാത്തതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ സജീവമാണ് സജീവമാണ്. 15ന് വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിർവഹിക്കും. സമസ്ത, എംഇഎസ്, കെഎൻഎം മുസ്ലിം ജമാഅത്ത് എന്നിങ്ങനെ വിവിധ മുസ്ലിം സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ബിഡിജെഎസ് പങ്കാളിത്തവും വിവാദത്തിൽ
അതിനിടെ സെമിനാറിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറിയുമായ സന്തോഷ് അരയാക്കണ്ടി പങ്കെടുക്കുന്നതും വിവാദമായി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഘടകകക്ഷി നേതാവ് സെമിനാറിൽ പങ്കെടുക്കുന്നത് തിരിച്ചടിയായി. എന്നാൽ എസ്എൻഡിപി പ്രതിനിധിയായാണ് സെമിനാറിൽ പങ്കെടുക്കുന്നതെന്നാണ് സന്തോഷ് അരയാക്കണ്ടി വ്യക്തമാക്കുന്നത്.
ഇതേസമയം ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടുമായി കഴിഞ്ഞ ദിവസം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാവുമെന്നും, മുസ്ലീങ്ങളിലെ ഒരു വിഭാഗം മാത്രമാണ് സിവിൽ കോഡിനെതിരെ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിം -ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെമിനാറിലേക്ക് എസ്എൻഡിപി പ്രതിനിധി എത്തുന്നത്.
വെള്ളാപ്പള്ളിയുമായി സംസാരിച്ചിരുന്നുവെന്നും സെമിനാറിനെത്തുന്ന പ്രതിനിധിയെ എസ്എൻഡിപിയാണ് നിശ്ചയിച്ചതെന്ന് സംഘാടക സമിതി കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപിയുടെ പ്രതിനിധിയായാണ് സന്തോഷ് സെമിനാറിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ കൂടുതൽ സംഘടനകളും വ്യക്തികളും പങ്കാളികളാകുമെന്ന് സംഘാടകർ വ്യക്തമാക്കി. കലാസാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. ചിത്രകാരന്മാരും നാടക പ്രവർത്തകരും എഴുത്തുകാരും ഗായകരും സെമിനാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിനിരക്കുമെന്നും സംഘാടകർ അറിയിച്ചു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ