കൊച്ചി: കേരള രാഷ്ട്രീയത്തില്‍ മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന 'ജോസ് കെ. മാണി യുഡിഎഫിലേക്ക്' എന്ന അഭ്യൂഹത്തിന് തിരശ്ശീല വീഴുന്നു. ജോസ് കെ. മാണിയെ തിരികെ എത്തിക്കാന്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും നടത്തിയ സകല നീക്കങ്ങളും ഉപേക്ഷിച്ചു. ഇനി ആര്‍ക്കും വേണ്ടി വാതില്‍ തുറന്നിടേണ്ടതില്ലെന്നും ജോസ് പക്ഷത്തുനിന്ന് വിട്ടുവരുന്ന നേതാക്കളെ മാത്രം സ്വീകരിച്ചാല്‍ മതിയെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. യുഡിഎഫില്‍ ഉടന്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥികളേയും ഉടന്‍ പ്രഖ്യാപിക്കും.

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജയിച്ചുനില്‍ക്കുന്ന ഞങ്ങള്‍ എന്തിന് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. കേരള കോണ്‍ഗ്രസ് അവരുടെ മേഖലകളില്‍ പോലും പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ എന്ത് നിലപാടെടുത്താലും മുന്നണിയെ ബാധിക്കില്ല. നേരത്തെ ജോസ് കെ. മാണിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും ലീഗും കോണ്‍ഗ്രസും തയ്യാറായിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന ജോസിന്റെ പ്രഖ്യാപനത്തോടെ യുഡിഎഫ് തന്ത്രം മാറ്റിയിരിക്കുകയാണ്.

ജോസ് കെ. മാണി വഴങ്ങാത്ത സാഹചര്യത്തില്‍, ആ പാര്‍ട്ടിയില്‍ നിന്ന് അതൃപ്തരായി പുറത്തുവരുന്ന മുന്‍നിര നേതാക്കളെ സ്വീകരിക്കാന്‍ യുഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കി പരിഗണിക്കില്ലെന്ന കര്‍ശന ഉപാധിയുണ്ട്. പാര്‍ട്ടിയായി മുന്നണിയിലേക്ക് എടുത്താല്‍ മാത്രം സീറ്റ് എന്നതായിരുന്നു പഴയ നിലപാട്. വ്യക്തികളായി വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പദവികള്‍ നല്‍കിയേക്കാം എന്നതിനപ്പുറം രാഷ്ട്രീയമായ ഒരു വിട്ടുവീഴ്ചയ്ക്കും ഇനി മുന്നണി തയ്യാറല്ല. കേരളാ കോണ്‍ഗ്രസിന് പുറമേ ആര്‍ ജെ ഡിയേയും യുഡിഎഫില്‍ എത്തിക്കാന്‍ നീക്കമുണ്ടായിരുന്നു. ആര്‍ ജെ ഡിയോടും മുന്നണി മാറ്റത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ ആവശ്യപ്പെടും.

യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരണമെന്ന താല്പര്യം ക്രൈസ്തവ സഭയ്ക്കുള്ളിലെ ചില കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ. മാണിയുടെ കടുപ്പിത്തം കാരണമാണ് നീക്കം പാളിയതെന്ന് സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് മാന്യമായ ക്ഷണം നല്‍കിയിട്ടും, സോണിയാ ഗാന്ധി വിളിച്ചെന്ന വാര്‍ത്തകള്‍ പോലും തള്ളിക്കളഞ്ഞ് ജോസ് ഇടതുപക്ഷത്ത് തന്നെ നില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സഭയുടെ പിന്തുണ തുടര്‍ന്നും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഈ വസ്തുതകള്‍ വിശദീകരിക്കും.

അതേസമയം, താന്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്നുമാണ് ജോസ് കെ. മാണി ആവര്‍ത്തിക്കുന്നത്. ഞങ്ങളെ ചവിട്ടിപ്പുറത്താക്കിയവര്‍ ഇപ്പോള്‍ വാതില്‍ തുറക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങളെ ആവശ്യമുണ്ടെന്ന് തോന്നിക്കാണും എന്ന പരിഹാസവും ജോസ് ഉയര്‍ത്തുന്നു. എല്‍ഡിഎഫ് നടത്തുന്ന മധ്യമേഖലാ ജാഥയ്ക്ക് ജോസ് കെ. മാണി തന്നെ നേതൃത്വം നല്‍കും.

ജോസ് കെ. മാണിയെ ഒപ്പം കൂട്ടാതെ തന്നെ മധ്യകേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ ഉണ്ടായ വിള്ളല്‍ നിയമസഭയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.