- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് പതിറ്റാണ്ടായിട്ടും റീസർവേ നടപടികൾ പൂർത്തിയായില്ല; ഇടുക്കി ഉടുമ്പൻചോലയിലെ കർഷകർ നട്ടം തിരിയുന്നു; ഫയലുകൾ സെക്ഷനിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തുടർക്കഥ
ഇടുക്കി: നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയാകാത്ത റീസർവേ നടപടികൾ അഴിയാക്കുരുക്കായതോടെ ഉടുമ്പൻചോലയിലെ കർഷകർ നട്ടം തിരിയുന്നു. പട്ടയക്കുരുക്കുകളും റീസർവേ പ്രശ്നങ്ങളും ജനങ്ങൾക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
മാറി വരുന്ന സർക്കാരുകൾ ഇതിന് പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. ഭൂമി പണയപ്പെടുത്തുന്നതിനും വിൽക്കുന്നതിനും മറ്റും ഇതു വിലങ്ങു തടിയായിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ ലോണുകൾക്കു പോലും ബാങ്കുകൾ ആധാരങ്ങളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കർഷക കുടുംബങ്ങൾ വട്ടം കറങ്ങുന്നു.
ഉദ്യോഗസ്ഥ തലത്തിൽ നിയമത്തിലെ സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി വല മുറുക്കുന്നതോടെ ജനങ്ങൾ വലയുന്നു. 1950 കളിൽ നടന്ന സർവേകളിലെയും 75 ൽ നടന്ന റീസർവേയിലെയും പിഴവുകളാണ് തിരിച്ചടിയായിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവേ നമ്പരിലെ പിശക്, സ്ഥലത്തിന്റെ സ്വഭാവം രേഖപ്പെടുത്തിയതിലെ തെറ്റ്, അതിരുകളിലെ വ്യത്യാസം ഇവയെല്ലാം പ്രതിസന്ധി സഷ്ടിക്കുന്നുണ്ട്.
താലൂക്കിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഏറ്റവും വലിയ പ്രശ്നം പട്ടയത്തിലുള്ള ഭൂമി സർക്കാർ സ്കെച്ചിൽ ഇല്ലായെന്നുള്ളതാണ്. പരമ്പരാഗതമായി കർഷകർ കൈമാറിവരുന്നതും പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ ഭൂമിയുടെ രേഖകൾ വിവിധ കാര്യങ്ങൾക്കായി ആവശ്യപ്പെടുമ്പോഴാണ് നൂലാമാലകളിൽ കുടുങ്ങുന്നത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നു.
തോട്ടങ്ങൾ, പാടം, നിലം, കരിങ്കാട്, പുരയിടം, ഹിൽമെൻ സെറ്റിൽമെന്റ് എന്നിങ്ങനെ ഇടുക്കിയിലെ സ്ഥലങ്ങൾ നാമകരണം ചെയ്തിട്ടുണ്ട്. സർവേ നടത്തിയ ഉദ്യോഗസ്ഥരുടെ നാട്ടുപ്രയോഗം അനുസരിച്ച് എഴുതിയിട്ട സ്ഥലനാമങ്ങൾ ഇപ്പോൾ പരിശോധിക്കുന്നവർക്ക് പിടികിട്ടാതെ വരുന്നതും ഇത്തരം ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നു.
25 വർഷത്തിലൊരിക്കൽ സർക്കാർ ഭൂരേഖകൾ കൃത്യമാക്കുന്നതിനായി സ്വാഭാവികമായ നടക്കുന്ന നടപടി മാത്രമാണ് റീസർവേ. എന്നാൽ ഭൂമി സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കർഷകർ പ്രതിസന്ധിയിലായി. മുമ്പു കരം അടച്ച സ്ഥലങ്ങൾ പോലും റീസർവേയിൽ അപ്രത്യക്ഷമായി. ഇത്തരം പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫയലുകൾ അപ്രത്യക്ഷമാവുന്നത് തുടർക്കഥ
റീസർവേ നടപടികൾ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് അണക്കര വില്ലേജിലെ കർഷകരാണ്. 2008 ൽ ആരംഭിച്ച സർവേ നടപടികൾ ഏറിയ പങ്കും പൂർത്തിയാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ഉത്തരവുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ സർവേയർമാർ സ്ഥലപരിശോധന നടത്തി നൽകിയ റിപ്പോർട്ടുകളും അനുബന്ധ രേഖകളും സെക്ഷനിൽ നിന്ന് കാണാതാകുന്നത് പതിവാണ്. സർവേയറിൽ നിന്ന് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക് ഒപ്പിട്ട് കൈപ്പറ്റിയ അപേക്ഷകളാണ് കാണാതാകുന്നതെന്നാണ് കൗതുകം.
അപേക്ഷകർ ബുധനാഴ്ചകളിൽ താലൂക്ക് സർവേ വിഭാഗത്തിൽ എടുക്കുന്ന ഫയലുകൾ പിറ്റേ ആഴ്ച കാണാതാകുന്നതായും പരാതികളുണ്ട്. അപേക്ഷ നൽകി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സർവേ നടത്തി ഫയലുകൾ സെക്ഷനിലേക്ക് കൈമാറുന്നത്. ഇത്തരത്തിൽ സെക്ഷനിൽ എത്തുന്ന ഫയലുകളാണ് കാണാതാകുന്നത്. കർഷകരെയും വലയ്ക്കുന്നു. ഇതുമൂലം വീണ്ടും അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥയാണ് ഭൂ ഉടമകൾക്ക്.
അണക്കര വില്ലേജിലെ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന എച്ച് 5 സെക്ഷനിൽ നിന്നാണ് അധികവും ഫയലുകൾ നഷ്ടപ്പെടുന്നുവെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും കർഷകർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്