- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചോദ്യം ചെയ്യപ്പെടുന്നത് പരീക്ഷകളുടെ 'സുതാര്യത'
ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര സർക്കാരിനെ വെട്ടലാക്കി വൻ വിവാദം.പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതിയിരുന്നു.
രണ്ട് ഷിഫ്റ്റുകളിൽ ആയാണ് പരീക്ഷ നടന്നത്. ക്രമക്കേട് നടന്നുവെന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് വിഭാഗത്തിന്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം നിർണ്ണായകമാകും. പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്. എന്നാൽ തീയതി അറിയിച്ചിട്ടില്ല. നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. നാളെ എൻ എസ് യു വിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കൽ. വിവാദത്തിലായ നീറ്റ് പരീക്ഷ നടത്തിയതും എൻ.ടി.എ. തന്നെയാണ്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് അനലിറ്റിക്‌സ് യൂണിറ്റ് നൽകിയത്. ഇതേത്തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്തെ 317 നഗരങ്ങളിലായി 11.21 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 81 ശതമാനവും പരീക്ഷ എഴുതിയതായി യുജിസി. ചെയർപേഴ്സൺ എ. ജഗദേഷ് കുമാർ പറഞ്ഞു.
സർവകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസർ' തസ്തികയിലേക്കും 'ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടന്നിരുന്നത്. അടുത്തിടെയാണ് ഒ.എം.ആർ.എം. രീതിയിലേക്ക് മാറ്റിയത്. അതിനിടെ നീറ്റ് പരീക്ഷാ-2024 മായി ബന്ധപ്പെട്ട് പട്നയിലെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നെറ്റ് പരീക്ഷയിൽ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ ക്രമക്കേടുണ്ടായതെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
എൻടിഎയുടെ വിശ്വാസ്യത കൂടുതൽ ചോദ്യം ചെയ്യപ്പെടാൻ യുജിസി നെറ്റ് റദ്ദാക്കൽ കാരണമാകും. ഈമാസം തന്നെ എൻടിഎക്കു റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണ് യുജിസിനെറ്റ്. 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂൺ 12നു നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതായിരുന്നു കാരണം.
യുജിസി-നെറ്റിനുള്ള ചില ചോദ്യങ്ങൾ ദിവസങ്ങൾക്കു മുൻപേ ചില ടെലിഗ്രാം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതായാണു വിവരം. ഐ4സി ഡിവിഷൻ ഇക്കാര്യം കണ്ടെത്തി ഇന്നലെ യുജിസിയെ അറിയിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കേന്ദ്ര സ്ഥാപനമാണ് ഐ4സി. ഇക്കൊല്ലത്തെ നീറ്റ്-യുജിയുടെ ചോദ്യങ്ങളും ടെലിഗ്രാം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതായി ആരോപണമുയർന്നിരുന്നു.