- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ഉറക്കം കെടുത്തുന്ന എ ഐ ക്യാമറകൾ യു കെയിലേക്ക്; സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മൊബൈൽ ഉപയോഗിക്കുന്നവരെയും പൊക്കാൻ യു കെ നിരത്തുകളിലും എ ഐ ക്യാമറകൾ വരും; പരീക്ഷണത്തിന് തയ്യാറെടുത്ത് ബ്രിട്ടൻ
ലണ്ടൻ: കേരളത്തിൽ വൻ വിവാദമായ എ ഐ ക്യാമറകൾ ബ്രിട്ടീഷ് നിരത്തുകളിലേക്കും എത്തുന്നു. എന്നാൽ, 4 ഡി റഡാറോടു കൂടിയ സൂപ്പർ റെസലൂഷൻ ക്യാമറാകളാണ് ഇവിടെ എത്തുന്നത്. ഓരോ വാഹനത്തിന്റെയും അകത്തെ ദൃശ്യങ്ങൾ വരെ വ്യക്തതോടെ പകർത്താൻ ഇതിനാകും. അതുവഴി, ഡ്രൈവർമാർ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, അല്ലെങ്കിൽ വാഹനത്തിനുള്ളിൽ ഉള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കണ്ടു പിടിക്കാൻ കഴിയും.
ഈ റെഡ്സ്പീഡ് സെന്റിയോ ക്യാമറകൾ ഡി വി എൽ എയുടെയും പൊലീസിന്റെയും ഡാറ്റാബേസുമായി ലിങ്ക് ചെയ്യാൻ കഴിയുന്നവയാണ്. രാത്രിയും പകലും ആറു ലൈനുകൾ വരെ നിരീക്ഷിക്കാൻ കഴിയുന്ന ഈ ക്യാമറകൾ, മറ്റ് യൂണിറ്റുകളുമായി ബന്ധിപ്പിക്കാനും അതുവഴി വാഹനങ്ങളുടെവേഗത കണക്കാക്കാനും കഴിയും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് രാത്രികാലങ്ങളിൽ പ്രവർത്തിക്കുവാനായി ഊർജ്ജം സംഭരിച്ചു വയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.
സംശയം വേണ്ട, ബ്രിട്ടീഷുകാരും പറയുന്നത് ഈ പുതിയ ക്യാമറകൾ സർക്കാരിന്റെ പണം കായ്ക്കുന്ന മരങ്ങളായി മാറുമെന്നാണ്. ഖജനാവിലേക്ക് മുതൽ കൂട്ടാനുള്ള നടപടി എന്നാണ് ചിലർ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സ്പീഡ് ക്യാമറകൾ വ്യാപകമായി ഉപയോഗിക്കുന്നത് നിരത്തുകളിലെ അപകടം കുറയ്ക്കാനാണ് എന്നത് അർത്ഥശൂന്യമായ വാദം മാത്രമാണെന്ന് അലയൻസ് ഓഫ് ബ്രിട്ടീഷ് ഡ്രൈവേഴ്സിലെ ബ്രിയാൻ ഗ്രിഗറി പറയുന്നു. ഇത് സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം മാത്രമാണ്, അദ്ദേഹം തുടരുന്നു.
ഇപ്പോൾ പരീക്ഷണാർത്ഥം തെക്കൻ ലണ്ടനിലെ ലാംബർത്തിൽ തിരക്കേറിയ എ 23 ൽ ആണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസിന്റെ അനുമതി ലഭിച്ചാൽ ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. എന്നാൽ, മനുഷ്യന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഇത് ലംഘിക്കുന്നു എന്ന വാദഗതിയും ഉയരുന്നുണ്ട്. കാറിനുള്ളിലേക്ക് ക്യാമറ കണ്ണുകൾ ചൂഴ്ന്ന് നോക്കുന്നത് വീടിനകത്തേക്ക് ചൂഴ്ന്ന് നോക്കുന്നതിന് തുല്യമാണെന്ന് ഇവർ പറയുന്നു.
മറുനാടന് ഡെസ്ക്