- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ജനന നിരക്ക് കുറയുന്നതായി ഔദ്യോഗിക കണക്കുകൾ; 2022- ലെ കണക്കനുസരിച്ച് സ്ത്രീ- ശിശു അനുപാതം 1.49; 1938 ന് ശേഷമുള്ള ഏറ്റവും കുറവ്; ജനന നിരക്ക് കുറയുന്നത് ബ്രിട്ടന്റെ ഭാവിയെയും സാമ്പത്തിക രംഗത്തെയും ഗണ്യമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ
ലണ്ടൻ: ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും സ്ത്രീകൾ പ്രസവിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. ഒരു സ്ത്രീ ജന്മം നൽകുന്ന ശരാശരി കുട്ടികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രത്യുദ്പാദനക്ഷമതാ നിരക്ക് 2022-ൽ 1.49 മാത്രമാണെന്ന് കണക്കുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1938 മുതലുള്ള എറ്റവും കുറഞ്ഞ നിരക്കാണിത്. ഈ പ്രവണത തുടരുന്നത് രാജ്യത്തിന്റെ സമ്പ്ദ്ഘടനയെ പ്രതികൂലമായി ബാധിക്കും എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
മെയ്ൽ ഓൺലൈനിന്റെ വിശകലന റിപ്പോർട്ടിൽ പറയുന്നത് ഈ രണ്ട് രാജ്യങ്ങളിലെയും, 330 ൽ അധികമുള്ള ഒരു ലോക്കൽ അഥോറിറ്റികളിലും പ്രത്യൂദ്പാദന ക്ഷമതാ നിരക്ക്, റീപ്ലേസ്മെന്റ് ലെവലിന് മുകളിലെക്ക് കടന്നിട്ടില്ല എന്നാണ്. അതായത്, ജനസംഖ്യ ഇടിച്ചിൽ ആരംഭിക്കുന്നു എന്നർത്ഥം. ജനന നിരക്ക് കുറഞ്ഞു വരുന്നത് ബ്രിട്ടനെ ഒരു വൃദ്ധരാജ്യമാക്കിയെക്കും എന്നും മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, എൻ എച്ച് എസ്സിന് മേലും, സോഷ്യൽ കെയർ മേഖലയിലും കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും. ഇത് സംബദ്ഘടനയെ പ്രതികൂലമായി ബാധിക്കും.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി - ഡെമോഗ്രാഫി സ്പെഷ്യലിസ്റ്റ് പ്രൊഫസർ ക്രിസ്റ്റ്യൻ മോൺഡെൻ ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്, സാവധാനം തകർച്ചയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു എന്നാണ്. ഈ പ്രവണത ദീർഘകാലം തുടർന്നാൽ, തീർച്ചയായും ആശങ്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. വൃദ്ധരായവർ കൂടുമ്പോൾ, ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്കും അത് വഴി തെളിക്കും.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നത് 2022-ൽ രണ്ട് രാജ്യങ്ങളിലുമായി 6,05,479 ജനനങ്ങൾ ഉണ്ടായി എന്നാണ്. 1938 ന് ശേഷമുള്ള ഏറ്റവും കുറവ് എണ്ണമാണ് ഇത് എന്നു മാത്രമല്ല, തൊട്ടുമുൻപുള്ള 2021 നേക്കാൾ 20,000 എണ്ണത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. ജനന നിരക്കിനെ പ്രതിഫലിപ്പിക്കുന്ന പ്രത്യൂദ്പാദനക്ഷമതാ നിരക്ക് 2021 പ് 1.55 ആയിരുന്നു. അതാണ് ഇപ്പോൾ 1.49 ആയി കുറഞ്ഞിരിക്കുന്നത്. 60 കളിലെ ജനസംഖ്യാ വിസ്ഫോടന കാലത്ത് ഇത് 3 ആയിരുന്നു എന്നോർക്കണം.
ഓ എൻ എസ്സിന്റെ കണക്കുകൾ പ്രകാരം, 20 വയസ്സിൽ താഴെയുള്ളവർ ഒഴിച്ച്, മറ്റെല്ലാ പ്രായക്കാരുടെ ഇടയിലും പ്രത്യൂദ്പാദന ക്ഷമതാ നിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജനന നിരക്ക് കുറഞ്ഞു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതിന് ഒരു അപവാദമായത് 2021 മാത്രമായിരുന്നു. ലോകത്തെ മുഴുവൻ വീട്ടിലിരുത്തിയ കോവിഡ് തന്നെയാണ് 2021- ലെ താത്ക്കാലിക വർദ്ധനക്ക് കാരണമായത്.
സ്ത്രീകൾ കൂടുതലായി പഠനത്തിലും തങ്ങളുടെ തൊഴിൽ മേഖലയിലും കൂടുതലായി ശ്രദ്ധിക്കുന്നതും, ദമ്പതിമാർ, തങ്ങളുടെ ജീവിതത്തിൽ വൈകി മാത്രം കുട്ടികൾ മതി എന്ന് തീരുമാനിക്കുന്നതുമാണ് ജനന നിരക്ക് കുറയാൻ ഇടയാക്കിയതിൽ പ്രധാന കാരണങ്ങൾ എന്ന്വിദഗ്ദ്ധർ പറയുന്നു. അതുപോലെ യു കെയുടെ നിലവിലെ ദുർബലമായ സമ്പദ്ഘടനയും, കോസ്റ്റ് ഓഫ് ലിവിങ് പ്രതിസന്ധിയും കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ പലരെയും നിർബന്ധിതരാക്കുന്നുമുണ്ട്.
അതേസമയം, കോവിഡ് വാക്സിൻ വന്ധ്യത ഉണ്ടാക്കുന്നതാണ് ജനന നിരക്ക് കുറയുവാൻ കാരണം എന്നതിനെ ആരോഗ്യ വിദഗ്ദ്ധർ തള്ളിക്കളയുന്നു. അങ്ങനെയൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്