ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ തെന്നി നിയന്ത്രണം നഷ്ടമായി ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം. അഞ്ചാംഗ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലെ മറ്റു നാലുപേര്‍ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞപ്പോഴാണ് അപകടം. ശൈത്യകാല രാത്രികളില്‍ റോഡില്‍ നിറയുന്ന ബ്ലാക് ഐസ് മൂലം സംഭവിച്ച അപകടം ആണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം റോഡുകളില്‍ ഡ്രൈവ് ചെയ്തു പരിചയം ഇല്ലാത്ത പുതുതലമുറക്കാരായവര്‍ കൂടുതല്‍ ശ്രദ്ധിച്ചു ഡ്രൈവ് ചെയ്യണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ലെസ്റ്ററിലെ കിബ്വര്‍ത്തില്‍ നടന്ന അപകടം. അപകടത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് അഭ്യൂഹം പടര്‍ന്നിരുന്നെകിലും അധികം വൈകാതെ ആന്ധ്രാ സ്വദേശികളാണ് കാറിലെ മുഴുവന്‍ യാത്രക്കാരും എന്ന സ്ഥിരീകരണം എത്തുക ആയിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന യുവാവിനെ ലെസ്റ്റര്‍ പോലീസ് അറസ്റ്റ്് ചെയ്തിട്ടുണ്ട്.

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചല്ല അപകടം എന്നത് കാര്‍ ഓടിച്ചിരുന്നയാളുടെ പരിചയക്കുറവിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അപകടത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ 27 കാരനായ ഈ വിദ്യാര്‍ത്ഥിക്ക് നീണ്ടകാലത്തെ ജയില്‍ വാസം ഉറപ്പെന്ന് തന്നെയാണ് പോലീസ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന സൂചനയും. സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ചിരഞ്ജിവി പങ്കുരുളി എന്ന 32 കാരനാണ് അപകടത്തില്‍ മരിച്ചത്. ഇയാള്‍ ലെസ്റ്ററില്‍ താമസിക്കുന്നതയാണ് ലഭ്യമാകുന്ന വിവരം.

പോലീസും എമര്‍ജന്‍സി വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴേക്കും യുവാവ് മരണത്തിനു കീഴടങ്ങിയിരുന്നു. അപകടത്തില്‍ നിസാര പരുക്കുകള്‍ പറ്റിയ പ്രണവി എന്ന 25 കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു .അതേസമയം സായ് ബദരീനാഥ് എന്ന 23 കാരനായ വിദ്യാര്‍ത്ഥി ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ തന്നെയാണ്. ഇയാളും സ്വാന്‍സി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണെന്നു പരുക്കേറ്റവരുടെ സുഹൃത്തുക്കള്‍ പറയുന്നു. അപകടത്തില്‍ മരിച്ച യുവാവിനൊപ്പം ഷെയര്‍ ചെയ്തു ലെസ്റ്ററില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് സായി.

നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ യമലയാ ബാണ്ഡലമുടിയും ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് 27 വയസ്സാണ്് പ്രായം എന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളെ ലെസ്റ്റര്‍ പോലീസ് വിവരം ധരിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരം ആണെങ്കിലും ഇരുവരും മരണ സാഹചര്യത്തെ അഭിമുഖീകരിക്കുന്നില്ല എന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചു പോലീസ് നല്‍കുന്ന സൂചന. വിദ്യാര്‍ഥികള്‍ അതി രാവിലെ ഉള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വെയര്‍ ഹൗസിലേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു എന്നാണ് സൃഹുത്തുക്കള്‍ പറയുന്നത്. മറ്റു യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരും ലെസ്റ്ററില്‍ എത്താന്‍ കാരണം ജോലി അവിടെ ലഭിച്ചത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.

മഴയില്‍ തെന്നി കുതിര്‍ന്ന റോഡില്‍ ഗ്രിപ് കുറവുള്ള ടയര്‍ മൂലം കാറിന്റെ വേഗത നിയന്ത്രിക്കാനാകാതെ പോകുകയും ബ്രേക്ക് നഷ്ടമായ സാഹചര്യത്തില്‍ കാര്‍ ഇടിച്ചു നിര്‍ത്താനുള്ള ശ്രമം പരാജയപെട്ടു റോഡിനു താഴെയുള്ള കുഴിയിലേക്ക് പതിക്കുക ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. കാറില്‍ നിന്നും പുറത്തു കടക്കാനായ പ്രണവി റോഡില്‍ എത്തി അതുവഴി കടന്നു പോയ ട്രക്ക് ഡ്രൈവറുടെ സഹായം തേടിയതിനെ തുടര്‍ന്നണ് പൊലീസിന് വിവരം അറിയാന്‍ സാധിച്ചത് .

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പുതു തലമുറക്കാരും സൃഷ്ടിക്കുന്നത് അപകടങ്ങളുടെയും മരണങ്ങളുടെയും തുടര്‍ പരമ്പര

രണ്ടു വര്‍ഷം മുന്‍പ് ജനുവരി മധ്യത്തില്‍ ഗ്ലോസ്റ്ററിനു അടുത്തുണ്ടായ എ റോഡിലെ കാര്‍ അപകടത്തില്‍ രണ്ടു മലയാളികള്‍ മരണമടഞ്ഞിരുന്നു . കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരില്‍ കുഞ്ഞു ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സാരമായ പരുക്കും ഏറ്റിരുന്നു. സ്റുഡന്റ്് വിസക്കാരും അവരുടെ ആശ്രിത വിസയില്‍ ഉണ്ടായിരുന്നവരുമാണ് അന്ന് അപകടത്തില്‍ പെട്ടത്. യുകെയില്‍ എത്തി അധികം കഴിയും മുന്‍പ് നടത്തിയ കാര്‍ യാത്രയാണ് അന്നും അപകടത്തില്‍ കലാശിച്ചത്.

അന്ന് ബിന്‍സ്രാജ്, അര്‍ച്ചന എന്നിവരാണ് അപകടത്തില്‍ മരിച്ചതെങ്കില്‍ തൊട്ടു തലേവര്‍ഷം തിരുവനന്തപുരം സ്വദേശിയായ അമല്‍പ്രസാദാണ് നോര്‍വിച്ചില്‍ എ റോഡില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അമല്‍ പ്രസാദ് യുകെയില്‍ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും മരണം അപകടത്തിന്റെ രൂപത്തില്‍ കൂട്ടിനെത്തുക ആയിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുടക്കം കൂടാതെ ശൈത്യ കാലത്തു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പുതുതായി എത്തുന്നവരും സൃഷ്ടിക്കുന്ന അപകട പരമ്പരയില്‍ ഒട്ടേറെ ജീവനുകളാണ് നഷ്ടമായിരിക്കുന്നത് .

ബ്രൈറ്റണില്‍ മലയാളി യുവാവ് ഓടിച്ച കാര്‍ ഇടിച്ചു റിട്ടയര്‍ ചെയ്ത യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആറു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചത് ഏതാനും മാസം മുന്‍പാണ്. ഈ അപകടത്തില്‍ യുകെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച അതെ ദിവസം തന്നെയാണ് മലയാളി യുവാവ് സമൂഹത്തില്‍ ഏറെ അറിയപ്പെട്ടിരുന്ന ഒരാളെ അമിതവേഗത മൂലം കാലപുരിക്ക് അയച്ചത് എന്നതും ശ്രെധേയമാണ്. മാഞ്ചസ്റ്ററിനു അടുത്ത ഹാന്‍ഡ്‌സ്വര്‍ത്തില്‍ പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞ മലയാളി യുവതിക്ക് നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചത് ഏതാനും ആഴ്ചകള്‍ മുന്‍പ് മാത്രമാണ്.

ഈ അപകടത്തിലും സൈക്കിള്‍ സഞ്ചാരിയായ മധ്യ വയസ്‌ക കൊല്ലപ്പെട്ടിരുന്നു. കെയര്‍ വിസയില്‍ ജോലി തേടി എത്തിയ മലയാളി യുവതിക്ക് വേണ്ടത്ര ഡ്രൈവിങ് പരിചയം ഇല്ലാത്തതാണ് അപകടത്തിന് പ്രധാന കാരണമായി മാറിയത്. ഇത്തരത്തില്‍ റോഡുകളില്‍ മരണ പരമ്പരകള്‍ സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥി വിസക്കാരും അടുത്തകാലത്തായി എത്തുന്ന മലയാളികളും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലെസ്റ്ററില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.