- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുകെ കെയര്‍ ഹോം റെസിഡന്റിനെ ക്രൂരമായി മര്‍ദിച്ച് കെയറര്‍; റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നഴ്സിന് പണി തെറിച്ചു; ചാനല്‍ വാര്‍ത്തയായതോടെ പോലീസ് കേസ്; കെയര്‍മാര്‍ യുകെയില്‍ എത്തിയതിന്റെ ബാക്കി പാത്രമായി വാര്‍ത്തകളും പോലീസ് കേസുകളും തുടരുമ്പോള്‍
യുകെ കെയര്‍ ഹോം റെസിഡന്റിനെ ക്രൂരമായി മര്‍ദിച്ച് കെയറര്‍; റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നഴ്സിന് പണി തെറിച്ചു
ലണ്ടന്‍: പ്രായമായ ഒരു കെയര്‍ ഹോം അന്തേവാസിയെ ഒരു കെയര്‍ വര്‍ക്കര്‍ മര്‍ദ്ധിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു കെയര്‍ വര്‍ക്കര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ ജോലി ചെയ്യുന്ന കെയര്‍ ഹോമിലെ ഒരു കെയറര്‍, വൃദ്ധനായ ഒരു അന്തേവാസിയുടെമുതുകത്ത് നിരവധി തവണ ഇടിക്കുന്നത് കണ്ടുവെന്നാണ് മീര (പേര് യഥാര്‍ത്ഥമല്ല) പറയുന്നത്. നിലവില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍, നിയമപരമായ വിലക്കുകള്‍ ഉള്ളതുകൊണ്ട് കെയര്‍ ഹോമിന്റെ പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്‌കൈ ന്യൂസ് പറയുന്നത്.
കെയര്‍ ഹോമില്‍ ജോലിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മീര പറയുന്നത് താന്‍ അവിടെ ഒരു വിസില്‍ ബ്ലോവറായി എന്നാണ്. താന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം തന്നെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു കെയര്‍ ഹോം മാനേജ്‌മെന്റ് ചെയ്തതെന്നും അവര്‍ പറയുന്നു. താന്‍, സംഭവിച്ച കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞതോടെ തന്നെ ഒരു ക്രിമിനലാക്കി ചിത്രീകരിക്കാനായി ശ്രമം എന്നും അവര്‍ ആരോപിക്കുന്നു. മറ്റ് പല വിദേശ കെയര്‍വര്‍ക്കര്‍മാരെയും പോലെ മീരയുടെ വിസയും, അവര്‍ ജോലിചെയ്തിരുന്ന കെയര്‍ ഹോമായിരുന്നു സ്പോണ്‍സര്‍ ചെയ്തിരുന്നത്.
ഇപ്പോള്‍ ജോലിയില്‍ നിന്നും പുറത്തായതോടെ സ്പോണ്‍സര്‍ഷിപ്പും ഇല്ലാതെയായി. മറ്റൊരു സ്പോണ്‍സറെ കണ്ടുപിടിക്കാനായില്ലെങ്കില്‍, നാടുകടത്തപ്പെടും എന്ന സ്ഥിതിയിലാണവരിപ്പോള്‍. താന്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് നടുവിലാണെന്നും, തന്നെ ആരും സഹായിക്കുന്നില്ലെന്നും അവര്‍ ആവലാതിപ്പെടുന്നു. കെയര്‍ഹോമില്‍ നടന്ന അക്രമത്തെ കുറിച്ച് മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ ഒരു മാനേജറുമായുള്ള കൂടിക്കാഴ്ചക്കായി മീരയെ ക്ഷണിക്കുകയായിരുന്നു.
അവിടെ മാനേജര്‍ ആവശ്യപ്പെട്ടത് മീരയുടെ പരാതി മാറ്റാനായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. എന്നാല്‍, അവര്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. തൊട്ടടുത്ത മാസം അവരെ പിരിച്ചുവിടുകയും ചെയ്തു. ജോലിയില്‍, ആവശ്യമായ നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് പിരിച്ചുവിടലിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് അവര്‍ പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കെയര്‍ഹോമിലെ ചിലരെ പോലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ അന്വേഷണം നടക്കുകയുമാണ്. അതിനു ശേഷം കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കെയര്‍ ഹോമില്‍ പരിശോധന നടത്തുകയുണ്ടായി. അടച്ചു പൂട്ടിയേക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും 'വളരെ നല്ലത്' എന്ന റാങ്കിംഗ് നിലനിര്‍ത്തുകയായിരുന്നു ഈ കെയര്‍ഹോം. അതേസമയം, ബ്രിട്ടനില്‍ തുടരാനാകുമോ എന്ന കാര്യത്തില്‍ മീരക്ക് അധികൃതരില്‍ നിന്നും ഒരു വ്യക്തതയും ലഭിച്ചിട്ടില്ല.
ഉടനെ മറ്റൊരു സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ മീരയ്ക്ക് ബ്രിട്ടനില്‍ നിന്നും പുറത്ത് പോകേണ്ടതായി വരും. എന്നാല്‍, മുന്‍ സ്പോണ്‍സറുടെ റെഫറന്‍സ് അതിനായി വേണമെന്നിരിക്കെ അത് സാധ്യമാകുമെന്ന വിശ്വാസം മീരയ്ക്കില്ല. കെയര്‍ഹോം അന്തേവാസികളുടെ ബന്ധുക്കളോട്, അവരുടെ പ്രിയപ്പെട്ട അന്തേവാസികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് മീര ആവശ്യപ്പെടുകയാണ്. പലയിടങ്ങളിലും കെയര്‍ഹോമുകള്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ കാരണം അവര്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭയക്കും എന്നതുകൊണ്ടാണെന്നും മീര പറയുന്നു.