ലണ്ടൻ: എലിസബത്ത് രാജ്ഞിയില്ലാത്ത ആദ്യ ക്രിസ്ത്മസ് ബ്രിട്ടീഷ് രാജകുടുംബം ആഘോഷിച്ചത് രാജ്ഞിയുടെ സ്മരണകൾപുതുക്കിക്കൊണ്ടു തന്നെയായിരുന്നു. ആഘോഷങ്ങളിലെങ്ങും ആകർഷക കേന്ദ്രമായി നിലകൊണ്ടത് വില്യമിന്റെ മകൾ ഷാർലറ്റ് രാജകുമാരി തന്നെയായിരുന്നു. മര്യാദകലർന്ന പെരുമാറ്റവും ചിരിയുതിർക്കുന്ന മുഖവുമായി രാജകുമാരി ഒരു ജനതയെ തന്നെ കൈയിലെടുത്തു.

തികച്ചും വികാരനിർഭരമായ ഒരു സ്മരണാഞ്ജലിയായിരുന്നു ഗായകൻ അലെക്സിസ് ഫ്രെഞ്ച് രാജ്ഞിക്ക് നൽകിയത്. രാജ്ഞിയുടെ മുഖം വരച്ച മനോഹരമായ ഒരു പിയാനോയിൽ ദി ബ്ലീക്ക് മിഡ്വിന്റർ ആലപിച്ചപ്പോൾ പശ്ചാത്തലത്തിൽ രാജ്ഞിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ചിത്രങ്ങളായി മിന്നിമറഞ്ഞു. ചാൾസ് മൂന്നാമൻ, രാജപ്ത്നി കാമില, വെയ്ൽസിലെ രാജകുമാരൻ, രാജകുമാരി എന്നിവർക്കൊപ്പം വില്യമിന്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, എന്നിവരു അത് കാണാൻ അവിടെയെത്തിയിരുന്നു.

രാജ്ഞിയില്ലാത്ത ആദ്യത്തെ ക്രിസ്ത്മസാണിതെന്ന് പരിപാടി ആരംഭിക്കുന്നതിനു മുൻപായി സംസാരിഹ്ച് കെയ്റ്റ് രാജകുമാരി പറഞ്ഞു. ഏവരേയും ഒരുമിപ്പിക്കുന്ന ഒരു വിശുദ്ധ മുഹൂർത്തമായി രാജ്ഞി എന്നും ക്രിസ്ത്മസിനെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നു എന്നും കെയ്റ്റ് പറഞ്ഞു. കുട്ടിയായിരിക്കുന്ന രാജ്ഞി ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്ക് തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഒരു ചിത്രവും കെയ്റ്റ് കാണിച്ചു.

ക്രിസ്ത്മസ് തലേന്ന് വെയ്ൽസ് രാജകുമാരി ആതിഥേയത്വം നിർവഹിച്ച ക്രിസ്ത്മസ് ഈവ് കരോൾ സർവേസിനെ കുറിച്ച് കാണികൾക്ക് നല്ലത് മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാജാകുടുംബത്തിലെ നിരവധി പരിപാടികളിൽ പങ്കെടുത്ത്, തന്റെ കുസൃതികൾകൊണ്ട് ജനങ്ങളുടെ ഹൃദയം കവർന്ന, വില്യമിന്റെ ഇളയമകൻ ലൂയിസ് രാജകുമാരൻ തന്റെ അസാന്നിദ്ധ്യം കൊണ്ടും ഇത്തവണ ശ്രദ്ധാകേന്ദ്രമായി.

അതേസമയം, രാജപദവി ഏറ്റെടുത്തതിനു ശേഷം ആദ്യമായി ചാൾസ് രാജകുമരൻ നടത്തിയ ക്രിസ്ത്മസ് വാക്കിൽ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം ലൂയിസുംപങ്കെടുത്തിരുന്നു. അവിടെയും ശ്രദ്ധാകേന്ദ്രമായത് വില്യമിന്റെ മക്കൾ തന്നെയായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ തന്റെ അമ്മയുടെ കൈ പിടിച്ച് മുൻപിൽ നടന്ന കുഞ്ഞു ലൂയിസ് ആൾക്കൂട്ടത്തിനു നേരെയും ക്യാമറകൾക്ക് നേരെയും കൈയുയർത്തി അഭിവാദ്യം ചെയ്യാൻ മറന്നില്ല.

സാൻഡിൻഗാം പള്ളിക്ക് മുൻപിൽ നിരവധി പേരായിരുന്നു രാജാവിന്റെ ക്രിസ്ത്മസ് വാക്കിന് ദൃക്സാക്ഷിത്വം വഹിക്കാൻ എത്തിയിരുന്നത്. അഭുദയകാംക്ഷികളോട് മര്യാദപൂർവ്വം സംസാരിച്ച് കൊച്ച് രാജകുമാരന്മാരും രാജകുമാരിയും അവരെ കൈയിലെടുത്തു. വില്യമിനും കെയ്റ്റിനും ഒപ്പം പൊതുജനങ്ങളിൽ നിന്നും അവർക്കും നിരവധി ക്രിസ്ത്മസ് സമ്മാനങ്ങൾ ലഭിച്ചു.. ബിയാട്രീസ് രാജകുമാരി ചടങ്ങിൽ പങ്കെടുത്തപ്പോൾ ആരോഗ്യകരമായ കാരണങ്ങളാൽ ആൻ രാജകുമാരിക് ചടങ്ങിൽ പങ്കെടുക്കാനായില്ല.

ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിച്ചേക്കില്ല എന്ന അഭ്യുഹങ്ങൾ പരന്നിരുന്നെങ്കിലും, ആൻഡ്രൂ രാജകുമാരൻ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമുള്ള ആദ്യ ക്രിസ്ത്മസ് കുർബാന കൈക്കൊള്ളാൻ എത്തിയ രാജാവിനെയും കുടുംബാംഗങ്ങളേയും റെവറെണ്ട് കാനൻ ഡോ. പോൾ റൈസ് വില്യംസ് പള്ളിമുറ്റത്ത് സ്വീകരിച്ചു. 2019 ന് ശേഷം ഇതാദ്യമായിട്ടാണ് നോർഫോക്കിലെ, രാജകുടുംബത്തിന്റെ സ്വകാര്യ ഗൃഹത്തിൽ വെച്ച് രാജകുടുംബം ക്രിസ്ത്മസ് ആഘോഷിക്കുന്നത്.

2020-ലും 2021-ലും രാജ്ഞി ക്രിസ്ത്മസ് ആഘോഷിച്ചത് വിൻഡ്സർ കാസിലിൽ ആയിരുന്നു. പരമ്പരാഗതമായി ക്രിസ്ത്മസ് ഉച്ച വിരുന്നോടെയാണ് രാജകുടുംബത്തിന്റെ ആഘോഷങ്ങൾ ആരംഭിക്കുക. ഇത്തവണയും അത് തെറ്റിച്ചില്ല. മുതിർന്ന രാജകുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന വേളയിൽ പക്ഷെ, ഹാരിയും മേഗനും എത്തിയിരുന്നില്ല. അതേസമയം, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറയ്ക്ക് വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു.