ലണ്ടൻ: സഹപ്രവർത്തകൻ 'ആന്റി' എന്ന് വിളിച്ചു പരിഹസിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജയായ ആരോഗ്യപ്രവർത്തകയ്ക്ക് അനുകൂലമായി യുകെ കോടതിയുടെ വിധി. ലണ്ടനിലെ എൻഎച്ച്എസ് ട്രസ്റ്റിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായ ഇൽഡ എസ്റ്റെവസ് നൽകിയ പരാതിയിലാണ് വാട്ട്ഫോർഡ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഇൽഡയെ മാനസികമായി തളർത്തിയെന്നായിരുന്നു പരാതി. സംഭവത്തിൽ 1,425.15 പൗണ്ട് (ഏകദേശം 1.5 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ഘാന സ്വദേശിയായ ചാർളി ഒപ്പോങ് എന്ന സ്റ്റാഫ് നഴ്‌സാണ് ഇൽഡയെ ആവർത്തിച്ച് 'ആന്റി' എന്ന് വിളിച്ചത്. ഘാനയുടെ സംസ്കാരത്തിൽ മുതിർന്നവരെ ബഹുമാന സൂചകമായാണ് ഇത്തരത്തിൽ വിളിക്കുന്നതെന്ന ഒപ്പോങ്ങിന്റെ വാദം കോടതി തള്ളി. ഇൽഡ പലതവണ ആവശ്യപ്പെട്ടിട്ടും പേര് വിളിക്കാതെ 'ആന്റി' എന്ന് വിളിക്കുന്നത് തുടർന്നത് തരംതാണ തമാശയായും പരിഹാസമായും മാത്രമേ കാണാൻ കഴിയൂ എന്ന് ജഡ്ജി ജോർജ് അല്ലിയോട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പാനൽ നിരീക്ഷിച്ചു.

ഓഫീസിലും ഇടനാഴികളിലും മറ്റ് സഹപ്രവർത്തകരുടെ മുന്നിലും വെച്ച് ഇത്തരത്തിൽ വിളിക്കുന്നത് മോശമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ കാരണമായെന്നും കോടതി കണ്ടെത്തി. 61-കാരിയായ ഇൽഡയെ മറ്റൊരു മുതിർന്ന ജീവനക്കാരനുമായി ചേർത്തുവെച്ച് ഒപ്പോങ് സംസാരിച്ചതായും പരാതിയിൽ പറയുന്നു. ഇൽഡയുടെ പ്രായത്തെയും ലിംഗത്തെയും അടിസ്ഥാനമാക്കിയുള്ള അതിക്രമമായിട്ടാണ് കോടതി ഇതിനെ വിലയിരുത്തിയത്. ഘാന സംസ്കാരത്തിൽ ഇത് ബഹുമാനമാണെങ്കിൽ പോലും, ഒരാൾ തന്റെ പേര് വിളിക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുമ്പോൾ അത് ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. അതേസമയം, ഇൽഡ ഉന്നയിച്ച വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ള മറ്റ് പരാതികൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളി. മനോവിഷമം ഉണ്ടാക്കിയതിനാണ് നിലവിൽ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. വാർത്തകളിൽ തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഇൽഡയുടെ അപേക്ഷയും കോടതി നിരസിച്ചു. നീതിനിർവഹണം പൊതുജനമധ്യത്തിൽ സുതാര്യമായിരിക്കണമെന്ന കാരണത്താലാണിത്.