ലണ്ടൻ: യു കെയിൽ നിന്നും, നാടുകടത്തിയ യുവാവിന്റെ മരണത്തിൽ ഹോം ഓഫീസിന് നേരെ കടുത്ത വിമരശനങ്ങൾ ഉയരുന്നു. സുദർശൻ ഇതയചന്ദ്രൻ എന്ന 41 കാരനെ 2019 ഡിസംബർ 24 ന്, അയാളുടെ വിവാഹ വാർഷിക ദിവസമായിരുന്നു യു കെയിൽ നിന്നും സ്വന്തം രാജ്യമായ ശ്രീലങ്കയിലേക്ക് നാടുകടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചു എന്നും നിയമവിരുദ്ധമായി ടെസ്‌കൊയിൽ ജോലി ചെയ്തു എന്നതുമായിരുന്നു അയാളുടെ പേരിൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റം.

തന്റെ ബധിരയായ ഭാര്യ സുബ്രത സുദർശനനെയും ഒൻപത് വയസ്സുകാരനായ മകൻ പ്രിയൻ, എട്ടുവയസുകാരി മകൾ പ്രിയങ്ക എന്നിവരെ യു കെയിൽ നിർത്തിയിട്ടായിരുന്നു ഇയാളെ ശ്രീലങ്കയിലേക്ക് അയച്ചത്. ഇവർ മൂന്നുപേരും ബ്രിട്ടീഷ് പൗരന്മാരാണ്. തന്നെ ശുശ്രൂഷിച്ചിരുന്ന സുദർശനനെ പറ്റി, ഭാര്യാ മാതാവ്, 60 കാരിയായ യശോധര നാഗേന്ദ്ര പറയുന്നത് അയാൾ കുടുംബത്തിന്റെ തൂണായിരുന്നു എന്നാണ്.

യു കെയിൽ നിന്നും പുറത്താക്കിയതിനു ശേഷം ഇയാൾ നൽകിയ അപ്പീൽ ഇമിഗ്രേഷൻ ട്രിബ്യൂണൽ 2023 നവംബറിൽ അംഗീകരിച്ചു. യു കെയിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കാനുള്ള അവകാശമുണ്ട് എന്ന സുദർശനന്റെ വാദം ട്രിബ്യൂണൽ അംഗീകരിക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെ ഹോം ഓഫീസ് അപ്പീൽ നൽകിയില്ല പക്ഷെ, യു കെയിലേക്ക് തിരിച്ചു വരാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ ഏറെ വൈകിപ്പിച്ചു.

ഇതോടെ ശ്രീലങ്കയിലെ അപകടകരമായ ചുറ്റുപാടിൽ കഴിയാൻ ഇയാൾ വിധിക്കപ്പെടുകയായിരുന്നു. ശ്രീലങ്കൻ തമിഴ് വംശജരാണ് സുദർശനും കുടുംബവും. എം ടി സി സോളിസിറ്റേഴ്സിലെ നാഗ കന്തയ്യ, വിസ നൽകുന്നതിനുള്ള കാലതാമസവുമായി ബന്ധപ്പെട്ട് ഹോം ഓഫീസിന് എതിരെ റീവ്യൂ നടപടികൾ ആരംഭിച്ചപ്പോൾ മാത്രമായിരുന്നു ഈ മാസം ആദ്യം ഹോം ഓഫീസ് വിസ നടപടികൾ ആരംഭിച്ചത്. ഒപ്പം, ഓഫീസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടി വന്നതാണ് കാലതാമസം ഉണ്ടാകാൻ കാരണമെന്ന് കാട്ടി രേഖാമൂലം ക്ഷമാപണവും നടത്തി.

എന്നാൽ, വൈകിയെത്തിയ വിസയ്ക്കായി കാത്തു നിൽക്കാൻ വിധി സുദർശനനെ അനുവദിച്ചില്ല. ശ്രീലങ്കയിലെ തന്റെ താമസസ്ഥലത്ത് കുഴഞ്ഞു വീണ സുദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അണുബാധയോട് ശരീരം പ്രതികരിക്കാത്ത സെപ്സിസ് എന്ന രോഗാവസ്ഥയാണ് മരണകാരണം എന്നാണ് കരുതപ്പെടുന്നത്.

കുടുംബവുമായി വേർപിരിഞ്ഞു കഴിയേണ്ടി വന്നതിനാൽ സുദർശൻ അതീവ വിഷാദത്തിൽ ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഹോം ഓഫീസിന്റെ അനാസ്ഥയാണ്, അവസാന നിമിഷങ്ങൾ എങ്കിലും കുടുംബത്തോടൊപ്പം കഴിയാൻ സുദർശനനെ ആനുവദിക്കാതിരുന്നത് എന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തുന്നു. തികച്ചും നീതിപൂർവ്വമല്ലാത്ത സമീപനമായിരുന്നു സുദർശനന്റെ കാര്യത്തിൽ ഹോം ഓഫീസ് കൈക്കൊണ്ടതെന്നും അവർ ആരോപിക്കുന്നു.

ഈ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട് എന്നാണ് ചാരിറ്റി സംഘടനയായ അസൈലം മാറ്റേഴ്സിന്റെ ഡയറക്ടർ ലൂ കാൽവി പറയുന്നത്. ആദ്യമായി ഉയരുന്ന ചോദ്യം, നിയമപരമായി യു കെയിൽ തങ്ങാനുള്ള അർഹത ഉണ്ടായിട്ടും സുദരശാനനെ എന്തിനു നാടുകടത്തി എന്നതാണ്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം എന്തിനു കാണിച്ചു എന്നതാണ് രണ്ടാമത്തെ ചോദ്യം എന്നും ലൂ പറയുന്നു.