- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം; വര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ ഉയര്‍ന്ന ഇംഗ്ലീഷ് യോഗ്യത നിര്‍ബന്ധം; ഐടി റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രങ്ങള്‍: റിഫോം യുകെയെ പേടിച്ച് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍
പിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം
ലണ്ടന്‍: കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന റിഫോം യു കെ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടിയതോടെ, കൂടുതല്‍ കടുത്ത നിലപാടുകളുമായി എത്തുകയാണ് ലേബര്‍ സര്‍ക്കാരും. ഇനി ബ്രിട്ടനില്‍ ജോലി ചെയ്യണമെങ്കില്‍ വിദേശികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ വേണ്ടി വരും. മാത്രമല്ല, ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടതായും വന്നേക്കാം. റിഫോം യു കെയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമാണിത്.
കുടിയേറ്റത്തെ സംബന്ധിച്ച് അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ ഇരിക്കുന്ന ധവളപത്രത്തില്‍ കൂടുതല്‍ കടുത്ത നിര്‍ദ്ദേശങ്ങളായിരിക്കും ഉണ്ടാവുക എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, വിദേശികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നിര്‍ബന്ധമാക്കും. ഇംഗ്ലീഷിലെ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡിനോട് തുല്യമായ ഭാഷാ പരിജ്ഞാനം ആവശ്യമായി വരും എന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബി 2 എന്നറിയപ്പെടുന്ന ഈ മാനദണ്ഡപ്രകാരം, ആളുകള്‍ക്ക് അവരുടെ വിചാരങ്ങള്‍ നല്ല ഒഴുക്കോടെ, തടസ്സങ്ങളില്ലാതെ, മറ്റുള്ളവരിലേക്ക് പകരാന്‍ കഴിയണം. മാത്രമല്ല, ഇംഗ്ലീഷ് ഒഴുക്കോടെയും വഴക്കത്തോടെയും മികച്ച രീതിയില്‍ സംസാരിക്കാനും കഴിയണം. നിലവില്‍ ബ്രിട്ടനില്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ജി സി എസ് ഇ നിലവാരം മതി. നിയന്ത്രിതമായതു, പരിമിതമായതും നീതിയുക്തവുമായ ഒരു സിസ്റ്റം കൊണ്ടുവരാന്‍ പുതിയ നിയമങ്ങള്‍ സഹായിക്കുമെന്നാണ് ഒരു സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടത്.
അതിനു പുറമെ, ബ്രിട്ടനില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കാന്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ ബ്രിട്ടനില്‍ തുടരേണ്ടി വരും. സമയബന്ധിതമായ വിസയില്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ജോലിക്ക് എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം ബ്രിട്ടനില്‍ തുടര്‍ന്നാല്‍ ഐ എല്‍ ആറിന് അപേക്ഷിക്കാം. അതുവഴി അവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയും എന്ന് മാത്രമല്ല, അധികം താമസിയാതെ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കാനും കഴിയും.
ആദ്യമായി ബ്രിട്ടനില്‍ എത്തിയതിനു ശേഷം കൂടുതല്‍ സമയം ബ്രിട്ടന് പുറത്ത് ചെലവഴിക്കുകയോ, അല്ലെങ്കില്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സംശയമുണ്ടെങ്കിലും കാത്തിരിപ്പ് 10 വര്‍ഷം വരെ നീണ്ടേക്കാം. ബ്രിട്ടനിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടുവരിക എന്നത് ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കുന്ന ധവള പത്രം. സമാനമായ രീതിയില്‍ ഐ എല്‍ ആറിനുള്ള കാത്തിരിപ്പ് സമയം 10 വര്‍ഷമാക്കുന്ന കാര്യം കഴിഞ്ഞ ദിവസം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുറത്തിറക്കിയ വാഗ്ദാനത്തിലും പറയുന്നുണ്ട്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഏതാണ്ട് ഒരേ ഭാഷയില്‍ സംസാരിക്കുന്നത്, റിഫോം യു കെയിലേക്ക് ഒഴുകിയ വോട്ടുകള്‍ തിരികെ പിടിക്കാനാണെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ, കര്‍ശനമായ കുടിയേറ്റ നിയമം അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നു തന്നെ പ്രതീക്ഷിക്കാം. പുതിയ നിയമം അനുസരിച്ച്, വിസ കാലാവധി കഴിഞ്ഞാലും ബ്രിട്ടനില്‍ തുടരാന്‍ ഇടയുള്ള, ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കും. പാകിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് കുറയ്ക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതിനു പുറമെ, വിദേശങ്ങളില്‍ നിന്നും എഞ്ചിനീയര്‍മാര്‍, ഐ ടി വര്‍ക്കര്‍മാര്‍, ടെലിക്കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്ന ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് തദ്ദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് പണം ചെലവാക്കുന്നുണ്ട് എന്ന് തെളിയിക്കേണ്ടതായി വരും. നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി, തദ്ദേശീയരെ പരിശീലനം നല്‍കി തൊഴിലിന് പ്രാപ്തരാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പായി, കമ്പനികളില്‍ കൂടുതല്‍ അപ്രന്റീസുമാരെ നിയമിച്ച് പരിശീലനം നല്‍കേണ്ടതായി വരും.