പനജി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇന്ത്യക്കാരിയുമായ അക്ഷിത മൂർത്തി ഗോവയിൽ അവധി ആഘോഷത്തിനെത്തി. ബ്രിട്ടിഷ് പ്രഥമവനിതയെന്ന നിലയിലായിരുന്നില്ല, മറിച്ച് സ്വകാരയ് സന്ദർശനത്തിലായിരുന്നു അക്ഷിത സന്ദർശിച്ചിരിക്കുന്നത്. ഗോവയിലെ കടൽത്തിരകളിലൂടെ സ്പീഡ് ബോട്ട് യാത്ര ആസ്വദിക്കുകയും ചെയ്തു അക്ഷത മൂർത്തി. മക്കളെയും കൂട്ടിയായിരുന്നു അവധി ആഘോഷിക്കാൻ അക്ഷിത എത്തിയത്.

ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ ഭാര്യ അപ്രതീക്ഷിത സന്ദർശനത്തിലൂടെ ബെനൗലിം ബീച്ചിലുണ്ടായിരുന്നവരെ വിസ്മയിപ്പിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളായ അക്ഷത ഗോവ യാത്രയിൽ അമ്മയെയും ഒപ്പം കൂട്ടിയിരുന്നു. മക്കളായ അനൗഷ്‌കയും കൃഷ്ണയും സ്പീഡ് ബോട്ടിലെ യാത്രയുൾപ്പെടെ നന്നായി ആസ്വദിച്ചു.

ഒട്ടേറെ ഗോവക്കാർ ബ്രിട്ടനിലുണ്ടെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അക്ഷിതയ്ക്കായി സ്പീഡ് ബോട്ട് ഏർപ്പെടുത്തിയ നാട്ടുകാരൻ പെലെ അഭ്യർത്ഥിച്ചപ്പോൾ അക്കാര്യം ഏറ്റെന്നായിരുന്നു പുഞ്ചിരിയോടെ പ്രതികരണം. ഇന്ത്യൻ പൗരത്വമുള്ള വ്യക്തിയാണ് അക്ഷിത എന്നതിനാൽ ഏതു സമയവും ഇന്ത്യയിൽ സന്ദർശനത്തിന് എത്താം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സുനക് അധികം താമസിയാതെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഇൻഫോസിസ് സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. ഋഷിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതു മുതൽ അക്ഷിത വാർത്തകളിൽ നിറഞ്ഞിരുന്നു. ഗൂഗിളിൽ ഋഷിക്കൊപ്പം അക്ഷിതയുടെ പേരും ആളുകൾ 'സേർച്ച്' ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും അക്ഷതയുടെ പേരിനൊപ്പം ചേർന്നു. ഇതിലൊന്ന് ഋഷിയെ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് അക്ഷത നൽകിയ ചായക്കപ്പുകളായിരുന്നു.

ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പർ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. ഇതോടെ അക്ഷതയ്ക്കും ഋഷിക്കുമെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് രാജാവിനേക്കാൾ സമ്പന്നനാണ് അക്ഷിത. 42-കാരിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ നൂറു കോടിയിൽ അധികം ഡോളർ വിലമതിക്കുന്ന ഓഹരിയുണ്ട്. സൺഡേ ടൈംസിന്റെ 2021-ലെ ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പാദ്യം 46 കോടി ഡോളർ മാത്രമാണ്. അച്ഛന്റേയും ഭർത്താവിന്റേയും പേരിൽ അറിയപ്പെടാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയാണ് അക്ഷത. സ്വന്തമായി ഫാഷന്റെ ഒരു ലോകം അവർ കെട്ടിപ്പടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഫാഷൻ ഡിസൈനിങ്ങിനോട് താത്പര്യമുണ്ടായിരുന്ന അവർ ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലേക്ക് വിമാനം കയറി. കാലിഫോർണിയയിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും തിരഞ്ഞെടുത്തു. അതിനുശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എം.ബി.എ. ചെയ്തു.