- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മുന്നിലെ ബാരിക്കേഡുകൾ നീക്കിയത് ബ്രിട്ടനെ ഞെട്ടിച്ചു; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു; ഇന്ത്യ കൊടുത്ത പണിയിൽ നടുങ്ങി ബ്രിട്ടൻ
ലണ്ടൻ: ഖാലിസ്ഥാൻ തീവ്രവാദികൾ ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ അതിക്രമം കാണിക്കുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്ത സംഭവം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് എടുത്തത്. കടുത്ത ഭാഷയിൽ ബ്രിട്ടനെ എതിർപ്പ് അറിയിച്ച ഇന്ത്യ, ഹൈക്കമ്മീഷൻ ഓഫീസിനും ജീവനക്കാർക്കും മതിയായ സുരക്ഷ ഉറപ്പാക്കാത്ത ബ്രിട്ടീഷ് നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു.
അതിലും നിർത്താതെ, ന്യുഡൽഹിയിലെ ബ്ര്ട്ടീഷ് എംബസിക്ക് മുൻപിലുള്ള ബാരിക്കേഡുകൾ ഡൽഹി പൊലീസ് നീക്കം ചെയ്തു. ഗതാഗത തടസ്സം ഉണ്ടാക്കുന്നു എന്ന പേരിലായിരുന്നു പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തത്. അതേസമയം, ബ്രിട്ടീഷ് എംബസിയുടെ സുരക്ഷയിൽ കുറവില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ബ്രിട്ടൻ തങ്ങളുടെ ഹൈക്കമ്മീഷന് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ അലംഭാവത്തിൽ പ്രതിഷേധം അറിയിച്ചതിനു തൊട്ടു പുറകെയായിരുന്നു ഈ നടപടി.
വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാൽ സിംഗിനെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ചായിരുന്നു ഖാലിസ്ഥാൻ വിഘടന വാദികൾ പ്രതിഷേധത്തിനെത്തിയത്. ഏതായാലും ന്യുഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുൻപിലെ ബാരിക്കേഡുകൾ നീക്കിയ നടപടി ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. സുരക്ഷാ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവിന്റെ പ്രതികരണമെങ്കിലും, ഈ നടപടിയുടെ പ്രതിഫലനം അങ്ങ് ലണ്ടനിൽ ദൃശ്യമായി.
ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രവൃത്തി അങ്ങേയറ്റം അപലപനീയവും നിന്ദ്യവും അസ്വീകാര്യവുമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും അറിയിച്ചു. അതിനിടയിൽ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുൻപിലും നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിരവധി സിക്ക് സമുദായാംഗങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്ത പ്രതിഷേധത്തിൽ, അക്രമികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു.
ഇതോടെ ആൾഡ്വിച്ചിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുൻപിൽ നിരവധി പൊലീസുകാരെ അണിനിരത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഇന്നലെയും ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയിരുന്നു. മെടോപോളിറ്റൻ പൊലീസിനു നേരെ കുപ്പികളും മറ്റും വലിച്ചെറിഞ്ഞ അവർ പക്ഷെ ഹൈക്കമ്മീഷൻ ഓഫീസിനടുത്തേക്ക് വന്നില്ല. ഹൈക്കമ്മീഷന് എതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഹൈക്കമ്മീഷനു മുൻപിൽ ജീവനക്കാർ വലിയ ഒരു ദേശീയ പതാക ഉയർത്തിയതാണ് വിഘടനവാദികൾക്ക് പ്രകോപനമായത്.
മറുനാടന്‍ ഡെസ്‌ക്