- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുത് കാട്ടാളാ! കമിഴ്ന്ന് കിടക്കുന്ന ആളുടെ മുഖത്ത് തൊഴിച്ചും തലയില്‍ ചവിട്ടിയും ബ്രിട്ടീഷ് പൊലീസ്; വര്‍ണവെറി എന്നാരോപണം; വീഡിയോ വൈറല്‍
ലണ്ടന്‍: 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകള്‍ ലോകത്തെ ശ്വാസംമുട്ടിച്ചത് ഓര്‍മ്മയില്ലേ? യുഎസില്‍ ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്ഗ്ഗക്കാരന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വച്ച് പോലീസ് കൊലപ്പെടുത്തിയതില്‍ ലോകമെമ്പാടും പ്രതിഷേധം ആളിപ്പടരുകയായിരുന്നു. സമാനമായ ഞെട്ടിക്കുന്ന സംഭവം ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലും. വിമാനത്താവളത്തിന് ഉളളിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത്, മൂന്നു ഏഷ്യാക്കാരെ പൊലീസ് ഓഫീസര്‍മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ പൊലീസ് സേന തന്നെ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതികരിച്ചു. സംഭവത്തില്‍ ഒരു ബ്രിട്ടീഷ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
ഒരു ഓഫീസര്‍ നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഒരാളെ തൊഴിക്കുന്നതും തലയില്‍ ചവിട്ടുന്നതുമാണ് വൈറലായ വീഡിയോയില്‍ കാണുന്നത്. പൊലീസ് വംശീയത കാട്ടി എന്ന ആരോപണം ശക്തമായതോടെ സംഭവം രാഷ്ടീയ വിവാദം ആകുകയും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പൊലീസ് തല്ലിച്ചതച്ച ആള് പാകിസ്ഥാനി പൗരനാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
നിലത്തുകിടക്കുന്ന ആള്‍ക്ക് നേരേ 'വൈദ്യുതി ഉപയോഗിച്ച് ആളുകളെ നിശ്ചലരാക്കുന്ന' ടേസറും ചൂണ്ടി നില്ക്കുന്ന രണ്ടുപൊലീസുകാരെ വീഡിയോയില്‍ കാണാം. അതിനിടയിലാണ് ഒരു പൊലീസ് ഓഫീസര്‍ ഇരയുടെ മുഖത്ത് തൊഴിക്കുന്നതും ചവിട്ടുന്നതും. കൂടി നിന്നവരില്‍ ഒരു വനിത 'അരുത്, അയാള്‍ ഒന്നും ചെയ്തിട്ടില്ല' എന്ന് നിലവിളിക്കുന്നത് കേള്‍ക്കാം.
വിമാനത്താവളത്തില്‍ വച്ച് മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഭവമെന്നാണ് സൂചന. ഒരു വനിതാ പൊലീസ് ഓഫീസറുടെ മൂക്ക് പൊട്ടി ചോരയൊലിക്കുന്നത് കാണാം. ബ്രിട്ടനിലെ സ്വതന്ത്ര പൊലീസ് നിരീക്ഷണ സ്ഥാപനത്തിന് കേസ് കൈമാറിയെന്നും വിശദമായ അന്വേഷണം നടക്കുമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. വിവാദ സംഭവത്തില്‍ ഉള്‍പ്പെട്ട ഓഫീസര്‍മാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി.
ഇതേ വീഡിയോയിലെ മറ്റൊരു ദൃശ്യത്തില്‍ നിലത്ത് മുട്ടുകുത്തിയിരിക്കുന്ന ഒരാളെ ഒരു ഓഫീസര്‍ തൊഴിക്കുന്നതും മറ്റൊരു ഓഫീസര്‍ നിലത്തേക്ക് മറിച്ചിട്ട് കൈകള്‍ പിന്നില്‍ നിന്ന് വിലങ്ങ് വയ്ക്കുന്നതും കാണാം. പരുക്കേറ്റ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കരയുന്നതും മറ്റൊരു ഓഫീസര്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. എന്താണ് അക്രമത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ പേരില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ജിഎംപി ഷെയിം ഓണ്‍ യു' എന്ന മുദ്രാവാക്യവുമായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഡിവിഷണല്‍ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ഏഷ്യാക്കാരെന്ന് കരുതുന്ന മൂന്നു ആളുകളെ തല്ലിപ്പരുവമാക്കിയ പൊലീസ് വര്‍ണ്ണവെറി കാട്ടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മാഞ്ചസ്ററര്‍ പൊലീസിന് എതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി കെയ് ര്‍ സ്റ്റാര്‍മര്‍ .അടക്കം വിവിധ രാഷ്ട്രീയ നേതാക്കള്‍ ബുധനാഴ്ചത്തെ സംഭവത്തെ അപലപിച്ചു. മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും സംഭവത്തെ അപലപിച്ചു.