ലണ്ടൻ: നിരത്തിലിറങ്ങിയ പശുവിനെ തുരത്തി ഓടിക്കുന്നതിനായി അതിന് മേൽ പൊലീസ് കാർ ഇടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ മുൻ നിര ജോലികളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ട് സറേ പൊലീസ് അധികൃതർ ഉത്തരവിറക്കി. പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് പശുവിന്റെ ഉടമ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. ഈ സംഭവം തീർത്തും അപലപനീയമാണെന്ന് പറഞ്ഞ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ നെവ് കെംപ്, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഈ സംഭവം നടക്കുന്ന സമയത്ത് പൊലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ അന്വേഷണ റിപ്പോർട്ട് വരുന്നതു വരെ മുൻ നിര ജോലികളിൽ നിന്നും മാറ്റി നിർത്തിയതായും കെംപ് അറിയിച്ചു. പൊലീസ് വാഹനം പശുവിനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ വൈറൽ ആയ്‌തോടേ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലിയും സംഭവത്തിന്റെ വിശദാംശങ്ങൾ എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റെയിൻസ് അപ്പോൺ തെംസിൽ ആയിരുന്നു സംഭവം നടന്നത്.

പത്ത് മാസം പ്രായമുള്ള പശുവിന് പക്ഷെ സംഭവത്തിൽ ഗുരുതരമായ പരിക്കുകൾ ഏൽക്കുകയോ അസ്ഥി ഭംഗം വരികയോ ചെയ്തിട്ടുള്ള,. നിസാരമായ പരിക്കുകൾ ഭേദപ്പെട്ടു വരികയാണെന്ന് പശുവിന്റെ ഉടമ അറിയിച്ചു. വീഡിയോ കണ്ടാൽ, അവർ പശുവിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് തോന്നുക എന്ന് ഉടമയുടെ പങ്കാളി കെയ്റ്റ് പറയുന്നു. ഏറെ ഭീതികരമാണ് ആ ദൃശ്യം എന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ കണ്ടപ്പോൾ, ആ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചു വിടും എന്നാണ് താൻ കരുതിയതെന്നും അവർ പറയുന്നു.

പൊലീസ് വാഹനം ഉപയോഗിച്ച് പശുവിനെ ഇടിച്ചു വീഴ്‌ത്തി, ഏതാനും മീറ്ററുകൾ അതിനെ വലിച്ചിഴക്കുന്നത് വീഡിയോയിൽ കാണാം. വീണിടത്തു നിന്നും അത് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ, വാഹനം വീണ്ടും വന്ന് ഇടിക്കുന്നുണ്ട്. പശുവിന്റെ കാലിലും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. പശുവിനെ പിടിക്കുന്നതിന് മറ്റ് പല മാർഗ്ഗങ്ങളും സ്വീകരിച്ചിട്ട് ഫലം കാണാതെ വന്നപ്പോഴാണ് കാർ ഉപയോഗിക്കേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.