ലണ്ടൻ: അടുത്തിടെയാണ് ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബം ഇന്ത്യൻ വംശജരായ ഹിന്ദുജ കുടുംബമാണെന്ന് റിപ്പോർട്ട് പുറത്തു വന്നത്. അതിനു പിറകെ ഇപ്പോൾ പുറത്തു വരുന്നത്, ഈ കുടുംബത്തിലെ നാല് പേർ സ്വിറ്റ്‌സർലൻഡിൽ നിയമനടപടികൾ നേരിടുന്നു എന്ന വാർത്തയാണ്. വീട്ടു ജോലിക്കാർക്ക് നൽകുന്ന ശമ്പളത്തേക്കാൾ വലിയ തുക വളർത്തുനായ്ക്കൾക്കായി ചെലവഴിക്കുന്ന കുടുംബത്തിനെതിരെ മനുഷ്യക്കടത്ത്, തൊഴിലാളി ചൂഷണം മുതലായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.

ജനീവയിൽ അതിസമ്പന്നർ താമസിക്കുന്നു കൊളോണിയിൽ ഈ കുടുംബത്തിന് സ്വന്തമായി ഒരു വില്ലയുണ്ട്. ഇതിന്റെ പരിപാലനത്തിനും,, കുട്ടികളെ നോക്കുന്നതിനും മറ്റു വീട്ടുജോലികൾക്കായും ഇവർ ഇന്ത്യയിൽ നിന്നും വേലക്കാരെ കൊണ്ടുവരുന്നു എന്നതാണ് പ്രധാന ആക്ഷേപം. പ്രകാശ് ഹിന്ദുജയും, ഭാര്യ കമൽ ഹിന്ദുജയും, മകൻ അജയ് ഹിന്ദുജയും മകന്റെ ഭാര്യ നമ്രതയും ഇത്തരത്തിൽ കൊണ്ടുവരുന്ന വേലക്കാരുടെ പാസ്സ്‌പോർട്ടുകൾ പിടിച്ചു വയ്ക്കുന്നു എന്നാണ് ഒരു പരാതി.

18 മണിക്കൂർ നീളുന്ന ജോലിക്ക് ഒരു ദിവസം വേലക്കാർക്ക് നൽകുന്ന വേതനം വെറും 7 പൗണ്ട് മാത്രമാണത്രെ. മാത്രമല്ല, അവർക്ക് വീടിന് വെളിയിൽ പോകാൻ അനുവാദവുമില്ല. ഇതിൽ തൊഴിലാളി ചൂഷണവുമായി ബന്ധപ്പെട്ട ഒരു കേസ് സാമ്പത്തിക ഇടപാടുകളിലൂടെ ഒത്തു തീർപ്പായെങ്കിലും, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഹിന്ദുജ കുടുംബം നിയമനടപടികൾ നേരിടുകയായിരുന്നു. ഇത് സ്വിറ്റ്‌സർലാൻഡിൽ ക്രിമിനൽ കുറ്റമാണ്. എന്നാൽ, ഹിന്ദുജമാർ ഈ ആരോപണം നിഷേധിക്കുകയാണ്.

കേസ് വിചാരണക്കിടയിലാണ്, ജനീവയിലെ പ്രശസ്ത പ്രോസിക്യൂട്ടർമാരിൽ ഒരാളായ ഈവ്‌സ് ബെർട്ടോസ ഹിന്ദുജമാരുടെ ജീവിത ശൈലിയെ പറ്റി പരാമർശിച്ചത്. വളർത്തു നായ്ക്കൾക്കായി കുടുംബം പ്രതിവർഷം ചെലവഴിക്കുന്നത് 10,000 ഡോളർ ആണെന്നാണ് ബെർട്ടോസ കോടതിയിൽ പറഞ്ഞത്. മൊത്തം വേലക്കാരുടെ ശമ്പളം കണക്കാക്കിയാൽ പോലും ഇത്ര വരില്ലത്രെ. ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകൻ പക്ഷെ ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

ജീവനക്കാർക്ക് സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും, വേതന വിഷയത്തിൽ ഇക്കാര്യം കൂടി പരിഗണിക്കണം എന്നുമായിരുന്നു ഹിന്ദുജയുടെ അഭിഭാഷകൻ പറഞ്ഞത്. അതുപോലെ ദീർഘനേരം ജോലി ചെയ്യിക്കുന്നു എന്ന വാദവും ഹിന്ദുജമാരുടെ അഭിഭാഷകൻ ഖണ്ഡിച്ചു. കുട്ടികളെ നോക്കാൻ എത്തിയവർ, അവർക്കൊപ്പമിരുന്ന സിനിമ കാണുന്നത് ജോലിയായി കണക്കാക്കാൻ കഴിയില്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചില മുൻ ജീവനക്കാർ, ഹിന്ദുജ കുടുംബത്തിന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയിരുന്നു.

എല്ലാ ബഹുമാനങ്ങളോടും സ്നേഹത്തോടും കൂടി തന്നെയാണ് അവർ വേലക്കാരെ നോക്കുന്നത് എന്നായിരുന്നു ചില മുൻ ജീവനക്കാർ കോടതിയിൽ പറഞ്ഞത്. അതേസമയം, വേലക്കാരുടെ പാസ്സ്‌പോർട്ടുകൾ പിടിച്ചു വയ്ക്കുന്നതും,. അനുവാദമില്ലാതെ വെളിയിൽ പോകാൻ അനുവദിക്കാത്തതും മനുഷ്യത്വ രഹിതമായ സമീപനമായി കോടതി നിരീക്ഷിച്ചേക്കാം. കുറ്റവാളികൾക്ക് ജയിൽ ശിക്ഷയും വൻ തുക പിഴയും വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെടുന്നത്.