ലണ്ടന്‍: ഇന്ത്യക്കാരെ മഹാരോഗങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് യുകെയില്‍ നിന്നും എത്തുന്നത് ടണ്‍ കണക്കിന് ഉപയോഗിച്ച ടയറുകള്‍. യു.കെയിലും ഇന്ത്യയിലുമായി പ്രമുഖ മാധ്യമമായ ബി.ബി.സി നടത്തിയ അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. റീസൈക്കിള്‍ ചെയ്യാന്‍ എന്ന പേരിലാണ് ഇത്തരം ടയറുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇവ ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്, എന്നതാണ് യാഥാര്‍ത്ഥ്യം.

ടയറുകള്‍ റീസൈക്കിള്‍ ചെയ്യുന്നത് തട്ടിക്കൂട്ട് പ്ലാന്റുകളില്‍

ദശലക്ഷക്കണക്കിന് ടയറുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. റീസൈക്കിള്‍ ചെയ്യാനെന്ന പേരില്‍ രാജ്യത്തെ പല സ്ഥലങ്ങളിലും തട്ടിക്കൂട്ടിയുണ്ടാക്കിയ ചൂളകളിലേക്കാണ് ഇവ എത്തുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി ദോഷവും ഉണ്ടാക്കുമെന്നാണ് ബി.ബി.സി കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാം തന്നെ കരിഞ്ചന്തയിലാണ് വില്‍ക്കപ്പെടുന്നത്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ടയര്‍ റീസൈക്ലിംഗ് പ്ലാന്റിന്റെ ഉടമയായ എലിയറ്റ് മേസന്‍ ചൂണ്ടിക്കാട്ടുന്നത് പലര്‍ക്കും ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അറിയില്ലെന്നാണ്.

ഉപയോഗിച്ച ടയറുകള്‍ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ദുരന്തഫലങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും ബ്രി്ട്ടീഷ് സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് എന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത് ഇത്തരത്തില്‍ പാഴായ ടയറുകള്‍ അനധികൃതമായി കയറ്റുമതി ചെയ്താല്‍ വന്‍ തുക പിഴയും തടവുശിക്ഷയും ഉറപ്പാണ് എന്നാണ്. ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്ത ടയറുകള്‍ ചെറിയ വിലയ്ക്കാണ് വാഹന ഉടമകള്‍ക്ക് നല്‍കുന്നത്.

റീസൈക്കിള്‍ ചെയ്ത ടയറുകള്‍ ഉപയോഗിച്ച് കുട്ടികളുടെ കളിസ്ഥലങ്ങളും മറ്റും നിര്‍മ്മിക്കുന്നതും പതിവാണ്. ഓരോ വര്‍ഷവും 50 മില്യണ്‍ ടയറുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഈ ടയറുകള്‍ രൂപമാറ്റം വരുത്തുന്നതാണ് പതിവ്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിന് ബ്രിട്ടനിലെ പോലെയുള്ള സംവിധാനങ്ങള്‍ ഇന്ത്യയിലും ഉണ്ട് എന്നാണ് ഇവര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ടയറുകള്‍ റീസൈക്കിള്‍ ചെയ്യുന്ന പ്രക്രിയയെ പൈറോലിസിസ് എന്നാണ് അറിയപ്പെടുന്നത്.

എന്നാല്‍ ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത ഇന്ത്യയിലെ ചില തട്ടിക്കൂട്ട് ഫാക്ടറികളിലാണ് ഈ പ്രക്രിയ നടക്കുന്നത്. ബി.ബി.സിയുടെ അന്വേഷണസംഘം കൃത്യമായി ഈ അനധികൃത ഇടപാട് നടത്തുന്നവരെ പിന്തുടരുകയായിരുന്നു. ബ്രിട്ടനില്‍ നിന്ന് കപ്പല്‍മാര്‍ഗം എട്ടാഴ്ച കൊണ്ടാണ് ടയറുകള്‍ ഇന്ത്യയിലെത്തിയത്.

ടയര്‍ റീസൈക്ലിംഗ് ഉയര്‍ത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍

തുടര്‍ന്ന് അവിടെ നിന്ന് 800 മൈല്‍ അകലെയുള്ള ഒരു ഗ്രാമത്തിലേക്കാണ് ഇവ എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെയുള്ള യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഒരു ചൂളയിലാണ് ഈ ടയറുകള്‍ റീസൈക്കിള്‍ ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും ബി.ബി.സിയുടെ കൈവശമുണ്ട്. ഇന്ത്യയില്‍ ഇത്തരം രണ്ടായിരത്തോളം അനധകൃത ഫാക്ടറികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത്തരത്തില്‍ മുംബൈക്ക് സമീപമുള്ള ഒരു അനധികൃത പ്ലാന്റ് പരിശോധിച്ച ബി.ബി.സി സംഘം അതിന് ചുറ്റുമുള്ള മരങ്ങള്‍ പലതും നശിച്ചതായും ജലാശയങ്ങള്‍ മലിനമായതായും കണ്ടെത്തിയിരുന്നു. ഇവിടെ ജനങ്ങളില്‍ പലര്‍ക്കും കടുത്ത ചുമയും കാഴ്ചക്ക് പ്രശ്നങ്ങള്‍

ഉള്ളതായും കണ്ടെത്തിയിരുന്നു. ഇത്തരം അനധികൃത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പലരും ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ടവരാണെന്നും ബി.ബി.സി വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ മുംബൈയിലെ ഒരു സ്ഥാപനത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. 2021 ല്‍ ഓസ്ട്രേലിയ ഇത്തരം ടയറുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.