ന്യൂഡല്‍ഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. തങ്ങളുടെ ആയുധപ്പുരയിലേക്ക് ശക്തമായ അത്യാധുനിക ഡ്രോണ്‍ കൂടി ചേര്‍ത്ത് യുക്രൈന്‍. 2000 കിലോമീറ്റര്‍ വരെ പറക്കാനും 250 കിലോഗ്രാം ഭാരമുള്ള ബോംബ് വഹിക്കാനും തിരികെ മടങ്ങാനും കഴിയുന്ന ഡ്രോണാണ് യുക്രൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ വിന്യസിച്ചിട്ടുള്ള ഏറ്റവും ശക്തമായ പുനരുപയോഗിക്കാവുന്ന യുഎവി ആയിരിക്കും പുതിയ ഡ്രോണ്‍.

യുക്രൈന്‍ മിലിട്ടറി പുതിയ ഡ്രോണ്‍ വികസിപ്പിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'യുദ്ധക്കളത്തിലെ കളിയുടെ നിയമങ്ങള്‍ മാറ്റുന്ന ഒരു അതുല്യമായ സംഭവവികാസമാണിത്,'' ബ്രാഞ്ച് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് മുതല്‍ യുക്രൈന്‍ സൈന്യത്തിലെ എഞ്ചിനീയര്‍മാര്‍ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു.

അടുത്തിടെ 1610 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതോടെയാണ് യുക്രൈന്‍ പുനരുപയോഗിക്കാവുന്ന ബോംബര്‍ ഡ്രോണുകള്‍ വികസിപ്പിച്ചതായുള്ള അഭ്യൂഹം ശക്തമായത്. യുക്രൈന്റെ ഡ്രോണ്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് ബോംബ് വര്‍ഷിച്ചശേഷം സുരക്ഷിതമായി തിരികെയെത്തി എന്ന് ഫോര്‍ബ്സ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

250 കിലോഗ്രാം ബോംബ് വഹിച്ചുകൊണ്ട് 2000 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് യുക്രൈന്റെ പുതിയ ഡ്രോണ്‍. ലക്ഷ്യത്തില്‍ ബോംബാക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരികെ പറന്ന് സൈനിക ബേസിലെത്താനും ഇതിന് കഴിയും. അതേസമയം ഡ്രോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സാധാരണക്കാര്‍ ഉപയോഗിക്കുന്ന എയ്റോപ്രാക്റ്റ് എ-22 എന്ന സ്പോര്‍ട് വിമാനത്തെ പരിഷ്‌കരിച്ചാണ് പുതിയ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. എ-22 വിമാനത്തിന്റെ അടിഭാഗത്ത് ബോംബ് വഹിക്കാനുള്ള റാക്കും റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളും ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരം ഡ്രോണുകള്‍ ഒരുവശത്തേക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്നവയാണ്. ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി ആക്രമിക്കുന്ന 'ചാവേര്‍' ഡ്രോണാണ് ഇത്. അതിനാല്‍ പുതിയ ഡ്രോണിന്റെ വിവരങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകു.