- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളത്തരം കൈയോടെ പൊളിഞ്ഞതോടെ ഉരുണ്ടു കളിച്ച് ഊരാളുങ്കൽ; ഊരാളുങ്കൽ - എസ്ആർഐടി സംരംഭം പിരിച്ചുവിട്ടെന്ന വാദം തിരുത്തി; 2018-19 വർഷത്തിനു ശേഷം കമ്പനയിൽ ഒരുവിധ ഇടപാടും നടന്നിട്ടില്ലെന്ന് വിശദീകരണം; രമേശൻ പാലേരിയും ഡയറക്ടറായ കമ്പനി ഇപ്പോഴും ആക്ടീവായരിക്കുമ്പോൾ എഐ ക്യാമറ വിവാദം മുറുകും
കോഴിക്കോട്: കള്ളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോൾ ഉരുണ്ടു കളിച്ച് ഊരാളുങ്കൽ സൊസൈറ്റി. എഐ ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോൺ കരാർ നൽകിയ എസ്ആർഐടി കമ്പനിയുമായി ബന്ധമില്ലെന്നും കമ്പനി പിരിച്ചുവിട്ടെന്നും വിശദീകരിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്നലെ നിലപാട് മാറ്റി രംഗത്തിറങ്ങേണ്ടി വന്നു. കമ്പനി ആക്ടീവാണെന്ന വിവരം പുറത്തുവന്നതോടെയാണ് മലക്കം മറിച്ചിലുമായി ഊരാളുങ്കൽ രംഗത്തുവന്നത്.
കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും അടക്കം ഉണ്ടെന്നുമുള്ള വിവരം പുറത്തു വന്നതോടെയാണു പുതിയ വിശദീകരണം. ആശുപത്രി സോഫ്റ്റ് വെയറിനു മാത്രമായാണ് എസ്ആർഐടിയുമായി സംയുക്ത സംരംഭം ആരംഭിച്ചതെന്ന വാദവും ശരിയല്ലെന്നു രേഖകൾ വ്യക്തമാക്കുന്നു. കമ്പനികാര്യ മന്ത്രാലയത്തിനു നൽകിയ രേഖകൾ പ്രകാരം സോഫ്റ്റ്‌വെയർഐടി മേഖലയിലെ സമഗ്ര ബിസിനസാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇരു കമ്പനികളും തമ്മിൽ രജിസ്റ്റർ ചെയ്ത ധാരണാപത്രം പ്രകാരം ഐടി മേഖലയിലെ സമഗ്ര നെറ്റ്‌വർക്കിങ്കൺസൾട്ടൻസി സർവീസാണ് യുഎൽസിസിഎസ്എസ്ആർഐടി കമ്പനിയുടെ പ്രവർത്തന മേഖല. ഏതെങ്കിലും പ്രത്യേക പദ്ധതിക്കു വേണ്ടിയല്ല, ഈ മേഖലയിലെ സമഗ്ര പദ്ധതികളാണു കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതുപ്രകാരം കെഫോൺ പദ്ധതി അടക്കമുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയുള്ള പ്രവർത്തനങ്ങളും എഐ ക്യാമറ പ്രവർത്തനങ്ങളുമെല്ലാം സംയുക്ത കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരാവുന്നതാണ്. എസ്ആർഐടിയുടെ പ്രധാന 2 ഡയറക്ടർമാരും ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർമാരും സംയുക്ത കമ്പനിയുടെ ഡയറക്ടർമാരാണ്.
ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടി ഒരു ആശുപത്രി സോഫ്റ്റ്‌വെയർ വികസനപദ്ധതി 2016 ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി. ഇതിനായി അന്ന് ഈ 2 സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവൽക്കരിച്ചു. അതിന്റെ പേരാണ് യുഎൽസിസിഎസ്എസ്ആർഐടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. യുഎൽസിസിഎസ്എസ്ആർഐടി ദൗത്യം 2018 ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎൽസിസിഎസ്എസ്ആർഐടി ഇപ്പോൾ നിലവിലില്ല എന്നായിരുന്നു ആദ്യ ദിവസത്തെ വിശദീകരണം. ഇത് പാളിയപ്പോഴാണ് മലക്കം മറിഞ്ഞ് രംഗത്തുവന്നത.
ഊരാളുങ്കൽ സിർട്ടിനെ 2018ൽ പിരിച്ചു വിട്ടുവെന്നതും ശരിയല്ല. കമ്പനികാര്യ വകുപ്പിന്റേ രേഖകളിൽ 2022 മാർച്ചിലും ബാലൻസ്ഷീറ്റ് ഈ കമ്പനി നൽകിയിട്ടുണ്ട്. അവസാന വാർഷിക പൊതുയോഗം നടന്നത് 2022 ഓഗസ്റ്റിലും. ഈ കമ്പനിയെയാണ് പിരിച്ചു വിട്ടെന്ന് ഊരാളുങ്കലിലെ പ്രധാനി പറയുന്നത്. ഊരാളുങ്കൽ സിർട്ട് എന്ന കമ്പനിക്ക് നാല് ഡയറക്ടർമാരാണുള്ളത്. മധുസൂധനൻ രാഘവൻ നമ്പ്യാരും രമേശൻ പല്ലേരിയും മാർട്ടിൻ പൂവക്കുളം ചാക്കോയും ഷാജുവും ആണ് ഡയറക്ടർമാർ. അതായത് 2022ൽ വാർഷിക പൊതു യോഗം ചേർന്ന കമ്പനിയെയാണ് പിരിച്ചു വിട്ടതായി ഊരാളുങ്കലിലെ പ്രധാനി ഇപ്പോൾ പറയുന്നത്. ഇത് ദൂരൂഹമാണ്.
ആശുപത്രിവികസന സോഫ്റ്റ്‌വെയർ പദ്ധതിക്കായി മുമ്പ് എസ്ആർഐടി ഊരാളുങ്കലുമായി സഹകരിച്ചിട്ടുണ്ടെന്ന് രമേശൻ പാലേരി സമ്മതിക്കുന്നുണ്ട്. ഈ സംയുക്ത സംരംഭമാണ് യുഎൽസിസിഎസ് എസ്ആർഐടി. ദൗത്യം അവസാനിച്ചതോടെ 2018ൽ ഈ സംരഭം പിരിച്ചു വിട്ടു. വെബ്സൈറ്റുകൾ അപ്ഡേറ്റാകാത്തതുകൊണ്ടാണ് പഴയ വിവരങ്ങൾ ഇപ്പോഴും കിടക്കുന്നത്. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാൽ ഈ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടും എന്ന് പറഞ്ഞ് ഒഴിയുകയാണ് രമേശൻ പാലേരി. എന്നാൽ അങ്ങനെ രമേശൻ പാലേരിക്ക് യുഎൽസിഎസ് എസ്ആർഐടി(ഊരാളുങ്കൽ സിർട്ട് സംരഭം) എന്ന കമ്പനിയിൽ നിന്ന് ഒഴിഞ്ഞു പോകാനാകില്ല.
കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന സൂമ്പാകോർപ്പ്. കോം പോലെയുള്ള ചില വെബ്സൈറ്റുകളിൽ എസ്ആർഐറ്റി എന്നു തെരഞ്ഞാൽ യുഎൽസിസിഎസ് സിർട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും എസ്ആർഐറ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐറ്റി അല്ല യുഎൽസിസിഎസ് സിർട് . എസ്ആർഐറ്റി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്ആർഐറ്റി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യുഎൽസിസിഎസ് സിർട് ആണ് യഥാർത്ഥ എസ്ആർഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം എന്നായിരുന്നു ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വിശദീകരണത്തിൽ ഊരാളുങ്കൽ പറയുന്നു. എന്നാൽ 2022ൽ വാർഷിക പൊതുയോഗം ചേർന്ന കമ്പനി കാര്യ വെബ്സൈറ്റിലെ വിവരം ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ്.
ഇക്കാര്യങ്ങൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തുവന്നത്. വിശദീകരണം ഇങ്ങനെയാണ്: 2018-19നു ശേഷം യുഎൽസിസിഎസ്എസ്ആർഐടി സംയുക്ത കമ്പനി പ്രവർത്തിച്ചിട്ടില്ല. കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ച് നടപടി ആരംഭിച്ചതോടെ ഫലത്തിൽ കമ്പനി പിരിച്ചുവിടപ്പെട്ട സ്ഥിതിയിൽ ആണല്ലോ. കമ്പനീസ് രജിസ്റ്റ്രാറുടെ അനുമതിയോടെ കമ്പനി പിരിച്ചുവിടൽ പൂർത്തിയാകുന്നതുവരെ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. അതു ചെയ്യാത്ത സാഹചര്യം ഉണ്ടായാൽ ഡയറക്ടർമാരെ അയോഗ്യരാക്കുകയും അവർക്കു മറ്റു കമ്പനികളിലും ഡയറക്ടർമാരായി തുടരാൻ സാധിക്കാതെ വരികയും ചെയ്യും. കമ്പനി നിയമപ്രകാരം ഈ കമ്പനി പിരിച്ചുവിടാനുള്ള പ്രവൃത്തികൾ നിയമപരമായി നടക്കുകയാണ്. അതുകൊണ്ടു മാത്രമാണ് ഈ സംയുക്ത സംരംഭം 'ആക്ടീവ്' ആണ് എന്നു സൈറ്റിൽ കാണുന്നത്. 2018-19 വർഷത്തിനുശേഷം ഒരുവിധ ഇടപാടും നടന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ