പത്തനംതിട്ട: 'വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും വലിയ അപകടങ്ങളും പരുക്കുകളും ഏൽക്കാതെ ഇങ്ങനെയൊക്കെ പോകണം' കോവിഡ് മിമിക്രി കലാകാരന്മാർക്ക് വരുത്തി വച്ച കഷ്ടകാലത്തിന് ശേഷം ഒരഭിമുഖത്തിൽ ഉല്ലാസ് പന്തളം ഇങ്ങനെ പറഞ്ഞു. പുതിയ വീട്ടിൽ താമസമാക്കിയതിന് പിന്നാലെ, ചൊവ്വാഴ്ച പുലർച്ചെ ഭാര്യ ആശയുടെ മരണം ഉല്ലാസിനെ വല്ലാതെ തളർത്തിയിരിക്കുകയാണ്.

38 കാരിയായ ഭാര്യ നിഷയെ (ആശ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന ഭാര്യാപിതാവ് ശിവാനന്ദന്റെ മൊഴിയാണ് ഇപ്പോൾ ഉല്ലാസിന് തുണയാകുന്നത്. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യ ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ സംശയമൊന്നുമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച, മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയുണ്ടായ ആശയുടെ മരണം കുടുംബത്തിന് വലിയ ഷോക്കായി.

ഉല്ലാസ് പെയ്ന്റിങ് പണിക്ക് പോകുന്ന കാലത്താണ് മിമിക്രിയും ചെയ്തു തുടങ്ങിയത്. പെയിന്റിങ്ങിനു കിട്ടുന്ന കൂലി തന്നെയായിരുന്നു അന്ന് സ്റ്റേജിൽ നിന്നും കിട്ടിയിരുന്നത്. പ്രൊഫഷണൽ സ്റ്റേജിലേക്ക് കടന്നുവന്നതോടെയാണ് ഉല്ലാസ് പന്തളത്തിന്റെ ജീവിതം പച്ചപിടിച്ചത്. അതിന് മുമ്പ് കാര്യമായ വരുമാനം ഇല്ലാതിരുന്ന നാളുകളിലായിരുന്നു വിവാഹം. പഠിച്ച് സ്വന്തമായി ജോലി സമ്പാദിച്ച് ജീവിക്കണമെന്ന ഉല്ലാസിന്റെ അച്ഛന്റെ ഉപദേശം പലപ്പോഴും ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ അത് പ്രാവർത്തികമായില്ല.

അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് താനെന്നും, വളരെ വൈകിയാണ് തനിക്കൊരു വരുമാനമൊക്കെ ഉണ്ടാകുന്നതെന്നും അതുവരെ അവരാണ് തന്നെ പിന്തുണച്ചതെന്നും ഉല്ലാസ് തുറന്നുപറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കാലത്ത് ഉല്ലാസിനെ വിവാഹം കഴിച്ചയാളാണ് ആശ. ഇവർക്ക് രണ്ടു മക്കളുമുണ്ട്. അന്ന് വീടും വരുമാനമാർഗവും ഇല്ലാതെ വീട്ടുകാരുടെ ചെലവിലായിരുന്നതുകൊണ്ട് വിവാഹം വലിയ കടമ്പയായിരുന്നു. അതുകൊണ്ടു തന്നെ കല്യാണത്തോട് മുഖം തിരിച്ചുനിന്നു ഉല്ലാസ്. രണ്ടുപ്രണയങ്ങളിൽ പെട്ടെങ്കിലും, അതു വഴിയേ ഇല്ലാതായി. പിന്നീട് കുടുംബക്കാരാണ് ആശയുമായുള്ള വിവാഹം ആലോചിച്ചത്. കുഞ്ഞമ്മയുടെ ഭർത്താവു വഴി ആയിരുന്നു ആശയുടെ കുടുംബവുമായി വിവാഹാലോചന. അങ്ങനെ ആദ്യമായി പെണ്ണ് കാണൽ എന്ന ചടങ്ങിന് ഉല്ലാസ് പോയി. അത് വിവാഹത്തിലേക്കും എത്തി.

വിവാഹശേഷമാണ് പെയിന്റിങ് പണിക്കു പോയി തുടങ്ങിയത്. ആദ്യ വരുമാനം 20 രൂപയായിരുന്നു. മിമിക്രിയിൽ ലീഡ് കൊമേഡിയൻ ആവുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം കോമഡി സ്റ്റാർസ് പരിപാടിയിൽ ലഭിച്ച അവസരത്തോടെയാണ് ശ്രദ്ധേയനായത്. ടെലിവിഷനും സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഗായകൻ പന്തളം ബാലനാണ് ഉല്ലാസിനെ പ്രൊഫഷണൽ ട്രൂപ്പിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം ഹാസ്യ എന്ന പേരിൽ ട്രൂപ്പുണ്ടാക്കിയാണ് ബാലൻ ഉല്ലാസിനെ കരകയറ്റിയത്. പിന്നീട് എത്രയോ സ്‌റ്റേജ് പരിപാടികൾ. മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി അടക്കം സൂപ്പർ ഹിറ്റുകൾ. കോവിഡ് കാലത്ത് മിമിക്രിക്കാർക്ക് പണിയില്ലാതെ ആയപ്പോഴാണ് ഉല്ലാസ് പന്തളം എന്റർടെയ്ൻസ്' എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്.

സ്വന്തമായി വാങ്ങിയ സ്ഥലത്ത് പുതിയ വീട് വച്ച് താമസം മാറി പുതുമ മാറും മുമ്പേയാണ് ഇപ്പോൾ ഷോക്കായി ഭാര്യയുടെ വിയോഗം. സംഭവം നടക്കുമ്പോൾ ഉല്ലാസ് വീട്ടിലുണ്ടായിരുന്നില്ല എന്നാണ് സൂചന. വീട്ടിൽ ഏറെ നേരം തിരഞ്ഞ ശേഷം കാണാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ആശയെ ടെറസിൽ അലക്കി വിരിച്ച തുണികൾക്കിടയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു