കൊച്ചി: കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലെ ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം എം.എല്‍.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. റിനൈയിലെ ഡോക്ടര്‍മാരുടെ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഡോ.ജയകുമാറിന് പുറമേ ഡോക്ടര്‍മാരായ ആര്‍ രതീഷ് കുമാര്‍,ഫിലിപ്പ് ഐസക് പി.ജി അനീഷ്,സിജോ ജോസഫ്, ജോസ് ജോണ്‍ എന്നിവരാണ് വിദഗ്ധ സംഘത്തില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധനകള്‍. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് എംഎല്‍എ ഉള്ളത്. ശ്വാസകോശത്തിനും വാരിയെല്ലിനും തലച്ചോറിനും പരിക്കുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക മെഡിക്കല്‍ ടീമിനെ ചികില്‍സയ്ക്ക് നിയോഗിച്ചത്.

കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് കാല്‍വഴുതി വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്കു പരുക്ക് പറ്റിയത്. നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎല്‍എ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം. സ്റ്റേഡിയത്തില്‍ വിഐപികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്കു നടന്നു വന്നപ്പോഴാണ് എംഎല്‍എ താഴേക്കു വീണത്.

കോണ്‍ക്രീറ്റില്‍ തലയിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോള്‍ എംഎല്‍എയ്ക്കു ബോധമുണ്ടായിരുന്നു. സ്‌കാനിങിന് വിധേയയാക്കി. 15 അടി പൊക്കത്തില്‍ നിന്നാണു വീണത്. സ്‌കാനിങില്‍ തലയ്ക്കു പരുക്കുണ്ടെന്ന് കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു. ശരീരം മൊത്തം എക്‌സ്‌റേ എടുത്തു. മറ്റ് പരുക്കുകള്‍ കാണുന്നില്ല. പ്രധാനമായി നോക്കുന്നത് തലച്ചോറിലെയും ശ്വാസകോശത്തിലെയും പരുക്കാണ്. മുഖത്ത് മുറിവുകളുണ്ട്. വശസ്ത്രക്രിയ ഇപ്പോള്‍ ആവശ്യമില്ല. ബോധരഹിതയാണെന്നും ആരോഗ്യസ്ഥിതി മെച്ചമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയില്‍ ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉയരത്തിലുള്ള വീഴ്ചയുടെ ആഘാതത്തില്‍ മസ്തിഷ്‌കത്തില്‍ ഗുരുതരമായ പരുക്കേറ്റു. തലയില്‍ ഡിഫ്യൂസ് ആക്‌സണല്‍ ഇന്‍ജുറി ഗ്രേഡ് 2 സംഭവിച്ചു. പെട്ടെന്നുണ്ടാകുന്ന ആഘാതത്തെ തുടര്‍ന്നു തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികള്‍ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതമാണിത്.

ആശുപത്രിയിലെത്തിച്ചത് അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്‌കത്തിനേറ്റ പരുക്കിന്റെ ആഘാതം വിലയിരുത്തുന്ന ഗ്ലാസ്‌ഗോ കോമ സ്‌കെയില്‍ (ജിസിഎസ്) സ്‌കോര്‍ 8 ആയിരുന്നു. 3 വാരിയെല്ലുകള്‍ പൊട്ടി. ഒന്നാമത്തെ വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്നാണു ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായത്. തലയുടെ പരുക്ക് ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നു റിനൈ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ. മിഷാല്‍ ജോണി പറഞ്ഞു. പ്രാഥമിക സിടി സ്‌കാനില്‍ അസ്ഥികള്‍ക്കു ഗുരുതരമായ ഒടിവുകളില്ല. മുറിവുകളില്‍ തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്കു ശേഷം 24 മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. അതിനു ശേഷം മാത്രമേ തുടര്‍ ചികിത്സയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.

സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിനു പുറമേ, കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ കോട്ടയത്തെയും എറണാകുളത്തെയും ഗവ. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ സംഘം ചികിത്സകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നുണ്ട്.