കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത് ദുരന്ത കാരണം. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സിജോയ് വര്‍ഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ അഭ്യര്‍ഥിക്കുന്നു. വശത്തുനിന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കാലിടറുകയായിരുന്നു. എംഎല്‍എ മുമ്പോട്ട് വരുമ്പോള്‍ ആ യുവതി വശത്തേക്ക് മാറുന്നുണ്ട്. ഇതിനിടെയില്‍ സ്ഥല പരിമിതി കാരണം ഉമാ തോമസിന്റെ ചെരുപ്പ് എന്തിലോ തട്ടി. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വശത്തേക്ക് മാറിയ യുവതിയുടെ കാലിലോ ആ വേദിയിലുണ്ടായിരുന്ന മറ്റെന്തോ ഒന്നിലോ തട്ടുകയായിരുന്നുവെന്ന് വ്യക്തം. ആ യുവതിയുടെ ചെരുപ്പിന്റെ വശത്ത് തട്ടാനാണ് സാധ്യത. വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. ആ റിബണിന് പകരം അവിടെ ഒരു ശക്തമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ഉമാ തോമസ് താഴേക്ക് പതിക്കില്ലായിരുന്നുവെന്നതാണ് വസ്തുത.

ഗാലറിയില്‍ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരുന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഐപി ഗാലറിയില്‍ നടന്നുപോകുന്നതിന് മതിയായ സ്ഥലമിട്ടില്ല, സുരക്ഷക്കായി കൈവരിയും സ്ഥാപിച്ചില്ല. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് എഫ്‌ഐആറിലും പറയുന്നുണ്ട്. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനും എല്ലാം കണ്ടിരിക്കുന്നു. ഇതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം. സജി ചെറിയാന്‍ അപകടം കണ്ട് താഴേക്ക് നോക്കുന്നു. ഇതിനിടെ തൊട്ടടുത്തിരുന്ന ആള്‍ തലയിലും കൈ വയ്ക്കുന്നുണ്ട്. ഉമാ തോമസിനായി വഴി മാറിയ യുവതിയും ആശങ്കയില്‍ നില്‍ക്കുന്നതും വ്യക്തം. പക്ഷേ ആ ആശങ്കയോ കണ്‍ മുന്നിലെ ദുരന്ത കാഴ്ചയോ ഒന്നും ആ പരിപാടിയെ ബാധിച്ചില്ല. അപ്പോഴും ഈ സ്‌റ്റേജിന് മുകളിലെ തട്ടില്‍ സംഗീത പരിപാടി പൊടി പൊടിച്ചു. സംഘാടകരുടെ യു ട്യൂബ് ലൈവില്‍ ഇതെല്ലാം വ്യക്തമാണ്. അപകടത്തെ കുറിച്ചോ അതില്‍ എംഎല്‍എയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോ ഒന്നും സംഘാടകര്‍ ആ പരിപാടിക്കിടെ പങ്കുവച്ചില്ല.

അതേസമയം, ഉമ തോമസിന് അപകടം സംഭവിക്കുമ്പോള്‍ കമ്മിഷണറും ജിസിഡിഎ ചെയര്‍മാനും വേദിയിലിരുന്നത് കുന്തം വിഴുങ്ങിയ പോലെയെന്ന് വിമര്‍ശിച്ച് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് രംഗത്തു വന്നു. ഇത്രയും വലിയ സുരക്ഷാ വീഴ്ച അവര്‍ വേദിയിലിരിക്കുമ്പോള്‍ കണ്ടില്ലേ? സുരക്ഷാ വീഴ്ച ഒഴിവാക്കേണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ത്? സംഘാടകര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തിയത് പോലും സമ്മര്‍ദം ശക്തമായപ്പോളാണ്. ജനപ്രതിനിധിക്കുപോലും സുരക്ഷയില്ലാത്ത നാടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതിനൊപ്പമാണ് എംഎല്‍എ കണ്‍മുന്നില്‍ പതിനഞ്ച് അടി താഴ്ചയിലേക്ക് പതിച്ചിട്ടും മന്ത്രി സജി ചെറിയാന്‍ അപ്പോള്‍ തന്നെ വേദിയില്‍ നിന്നിറങ്ങി രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാകാത്ത സംഭവവും. എല്ലാ വിഐപികളും അവിടെ ഇരുന്നു. പരിപാടിയുടെ ഭാഗവുമായി. ദുരന്തം ഉണ്ടാകുമ്പോള്‍ വേദിയില്‍ എംപിയായ ഹൈബി ഈഡന്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാണ്. അതായത് അപകട ശേഷമാണ് ഹൈബി വേദിയില്‍ എത്തിയത്.

അതേസമയം, കലൂരിലെ നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസില്‍ അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. സാമ്പത്തിക സ്രോതസില്‍ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകര്‍ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്നാണ് വിലയിരുത്തല്‍. മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ ജെനീഷ് എന്നിവരാണ് ഇന്ന് ഉച്ചക്ക് കീഴടങ്ങുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് ആദ്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

തുടര്‍ന്നാണ് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയത്. കേസില്‍ മൊഴിയെടുക്കാന്‍ ദിവ്യ ഉണ്ണിയെയും, നടന്‍ സിജോയ് വര്‍ഗീസിനെയും പൊലീസ് ഉടന്‍ വിളിച്ചുവരുത്തും. സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തില്‍ പിഴവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവന്നു, ബാരിക്കേഡ് വയ്ക്കണമായിരുന്നു. അപകടത്തിനുശേഷം പൊലീസ് ഉദ്യോഗസ്ഥരോട് സ്റ്റേജ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കുഴപ്പവുമില്ല, നല്ല ബലത്തിലാണ് സ്റ്റേജ് ചെയ്തതെന്ന് പൊലീസ് പറഞ്ഞതായും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പുറത്തു വരുന്നത് അതിന് വിരുദ്ധമായ വാര്‍ത്തകളാണ്. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞത്. ഇതുറപ്പാക്കേണ്ട കമ്മീഷണറും ആ വേദിയില്‍ എംഎല്‍എയുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു.

സ്റ്റേജ് നിര്‍മ്മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്‌നി ശമന സേനയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും, ജിസിഡിഎ എന്‍ജീനീയറിങ് വിഭാഗവും സ്റ്റേഡിയത്തില്‍ എത്തി പരിശോധന നടത്തിയിരുന്നു. അതേസമയം, പരുക്കേറ്റ ഉമ തോമസ് എം.എല്‍.എ അപകടനില തരണം ചെയ്‌തെന്ന് പറയാറായില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചിട്ടുണ്ട്.