കൊച്ചി: ഉമാ തോമസ് സുഖം പ്രാപിക്കുന്നു. ഓര്‍മ്മ തിരിച്ചു കിട്ടി. ഇതിനൊപ്പം ശരീര ചലനങ്ങളും സാധാരണ ഗതിയിലേക്ക്. മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്. 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറി. പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു അപകടം. സ്വന്തം വീട്ടിലേക്ക് എത്രയും വേഗം മാറണമെന്നാണ് ഉമാ തോമസിന്റെ ആഗ്രഹം. അതാണ് മക്കളുടെ ശ്രദ്ധയിലേക്ക് എഴുതിയ കുറിപ്പിലുള്ളത്. ഏതായാലും പ്രാര്‍ത്ഥനകള്‍ ഫലം കാണുകയാണ്. അതിവേഗമാണ് എംഎല്‍എ ആരോഗ്യം വീണ്ടെടുക്കുന്നത്.

വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണു കുറിപ്പെഴുതിയത്. വാടകവീട്ടില്‍നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്ന ഉമ ആദ്യമായാണു കിടക്കയില്‍ എഴുന്നേറ്റിരിക്കുന്നതും എഴുതുന്നതും. 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കും. ഉമാ തോമസിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുണ്ട്.

കലൂരില്‍ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റര്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം.

ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എല്‍ എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാണ്‍ സില്‍ക്‌സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്റെ നടപടി.

പണം നല്‍കിയ വീട്ടമ്മ തന്നെ പരാതി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്ത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു.