കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ സാഹചര്യം തീരുമാനിക്കും. വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.

ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങള്‍ സുഖം പ്രാപിക്കുന്ന മുറയ്‌ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാല്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ശ്വാസകോശത്തിലെ അണുബാധ മാറാന്‍ ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള ചികിത്സയാണ് തുടരുന്നത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന ശേഷമായിരിക്കും അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുക. ആരോഗ്യാവസ്ഥ മെച്ചപ്പെടുകയാണെങ്കില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ കൂടി ഡോക്ടര്‍മാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അതീവ ഗുരുതരാവസ്ഥയില്‍ അല്ലെങ്കിലും, ഉമ തോമസ് ഇതുവരെ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ഉമ തോമസ് എം.എല്‍.എ യ്ക്ക് അപകടം സംഭവിച്ച വേദിയിലെ സുരക്ഷ വീഴ്ച്ചകള്‍ എണ്ണി പറഞ്ഞ് സംയുക്ത പരിശോധന റിപ്പോര്‍ട്ട്. സുരക്ഷയ്ക്ക് പുറമെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യ സഹായം ഉണ്ടായിരുന്നില്ല. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയത്. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകി.

താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതരമായ പിഴവ് ആണെന്നും കണ്ടെത്തി. പോലീസും, അഗ്‌നി രക്ഷ സേനയും, പൊതു മരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. അതേസമയം സുരക്ഷ വീഴ്ചയില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം അറസ്റ്റിലായി.

എംഎല്‍എ അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ജിസിഡിഎയുടെയും കണ്ടെത്തല്‍. സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജിസിഡിഎ അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്ന കരാര്‍ ലംഘിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.

ഉറപ്പുള്ള ബാരിക്കേറ്റുകള്‍ സ്ഥാപിക്കുകഎന്ന പ്രാഥമിക സുരക്ഷ നടപടി പോലും സംഘാടകര്‍ സ്വീകരിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സ്ഥലത്ത് ജിസിഡിഎ എന്‍ജിനീയര്‍മാരും ഫോറന്‍സിക് വിഭാഗവും പൊലീസും പരിശോധന നടത്തി.