കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ കയറി കണ്ടപ്പോള്‍ എം.എല്‍.എ. കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ട്.

ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

രാവിലെ 8.30ന് ഉമ തോമസ് എംഎല്‍എയെ ബ്രോഹ്‌കോസ്‌കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കല്‍ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.

വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ഉമ തോമസ് എം.എല്‍.എ യ്ക്ക് അപകടം സംഭവിച്ച വേദിയിലെ സുരക്ഷ വീഴ്ച്ചകള്‍ എണ്ണി പറഞ്ഞ് സംയുക്ത പരിശോധന റിപ്പോര്‍ട്ട്. സുരക്ഷയ്ക്ക് പുറമെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യ സഹായം ഉണ്ടായിരുന്നില്ല. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയത്. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകി.

താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതരമായ പിഴവ് ആണെന്നും കണ്ടെത്തി. പോലീസും, അഗ്നി രക്ഷ സേനയും, പൊതു മരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. അതേസമയം സുരക്ഷ വീഴ്ചയില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം അറസ്റ്റിലായി.

എംഎല്‍എ അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ജിസിഡിഎയുടെയും കണ്ടെത്തല്‍. സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജിസിഡിഎ അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്ന കരാര്‍ ലംഘിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.